ദോഹ: ആരോഗ്യപരിചരണ രംഗത്തെ ശ്രദ്ധേയരായ നസീം ഹെല്‍ത്ത്കെയര്‍ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ശസ്ത്രക്രിയാ പരിചരണ കേന്ദ്രത്തിന് സി റിംഗ് റോഡിലെ നസീം മെഡിക്കല്‍ സെന്ററില്‍ തുടക്കം കുറിച്ചു. ദോഹ വെസ്റ്റിന് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

പൊതുമേഖലയിലെ ആരോഗ്യ പരിചരണ സംവിധാനങ്ങളും സ്വകാര്യ രംഗത്തെ ചികിത്സാ സംരംഭങ്ങളും മികച്ച രൂപത്തില്‍ മുന്നോട്ടുപോവാനുള്ള കര്‍മ്മപദ്ധതികളാണ് ഖത്തര്‍ മുന്നോട്ടുകൊണ്ടുപോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ ആരോഗ്യമേഖലയിലെ മുന്നേറ്റം മറ്റു വികസിത രാജ്യങ്ങളെക്കാള്‍ ഏറെ വേഗത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറിലെ ടാന്‍സാനിയ അംബാസഡര്‍ ഡോ. മഹദി ജുമാ മആലിം, 33 ഹോള്‍ഡിംഗ്സ് സി.എം.ഡിയും നസീം ഹെല്‍ത്ത്കെയര്‍ മാനേജിംഗ് ഡയരക്ടറുമായ മുഹമ്മദ് മിയാന്‍ദാദ് വി.പി, നസീം ഹെല്‍ത്ത്കെയര്‍ ജനറല്‍ മാനേജര്‍മാരായ മുഹമ്മദ് ഷാനവാസ്, ഡോ. മുനീര്‍ അലി ഇബ്രാഹിം എന്നിവരും ഇന്ത്യ, ടാന്‍സാനിയ, സുഡാന്, സോമാലിയ, സിറിയ തുടങ്ങിയ എംബസികളില്‍ നിന്നുള്ള പ്രതിനിധികളും പൗരപ്രമുഖരും സംബന്ധിച്ചു. ഖത്തറിലെ ജനങ്ങള്‍ക്ക് സമഗ്രമായ ശസ്ത്രക്രിയാ പരിചരണം നല്കുന്നതിനായുള്ള സര്‍ജിക്കല്‍ സെന്ററില്‍ ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി, ലാപ്രോസ്കോപ്പിക് സര്‍ജറി, ഗൈനക്കോളജി, സര്‍ജിക്കല്‍ യൂറോളജി, ഇഎന്‍ടി, ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി, ഗ്യാസ്ട്രോ എന്ട്രോളജിക്ക് കീഴിലുള്ള ഇന്‍വേസീവ് ഡയഗ്നോസ്റ്റിക് തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. പതിനഞ്ചിലധികം ഡോക്ടര്‍മാരുടെ ശസ്ത്രക്രിയാ സംഘമാണ് കേന്ദ്രത്തിലുള്ളത്.
ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ മെഡിക്കല്‍ ഗ്രൂപ്പായ നസീം 7 ശാഖകളിലൂടെ 95 രാജ്യങ്ങളില്‍ നിന്നുള്ള 80000 പേര്‍ക്ക് ഓരോ മാസവും സേവനം നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 17 വര്‍ഷമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മെഡിക്കല്‍ ഗ്രൂപ്പെന്ന നിലയില്‍ മികച്ച സേവനമാണ് നസീം നല്‍കിവരുന്നത്. ആദ്യത്തെ മൊബൈല്‍ ഡെന്റല്‍ യൂണിറ്റിനും തുടക്കം കുറിച്ചിട്ടുണ്ട്. സര്‍ജിക്കല്‍ സെന്ററില്‍ ശസ്ത്രക്രിയയ്ക്കും ചികിത്സകള്‍ക്കും ശേഷം കഴിയുന്നത്ര വേഗത്തില്‍ രോഗികള്‍ക്ക് ആശുപത്രി വിടാനാവുന്ന തരത്തിലാണ് സജ്ജീകരണം. സുസജ്ജമായ ശസ്ത്രക്രിയാ മുറികള്‍, 7 പോസ്റ്റ്ഓപ്പറേറ്റീവ് കിടക്കകള്‍, കൊളോനോസ്കോപ്പി, എന്‍ഡോസ്കോപ്പി സ്യൂട്ട്, അനസ്തേഷ്യയ്ക്ക് മുമ്പും ശേഷവും ഉള്ള പ്രത്യേക മുറികള്‍ തുടങ്ങിയവയുണ്ട്. ലാബുകളും മറ്റു സജ്ജീകരണങ്ങളും ഇതിനു പുറമെയാണ്.
വേദനയില്ലാതെ ശസ്ത്രക്രിയ സൗകര്യമൊരുക്കുകയും മികച്ച ചികിത്സ നല്‍കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നസീം ഹെല്ത്കെയര് അറിയിച്ചു. നസീം ഹെല്‍ത്ത്കെയര്‍ ആരോഗ്യപരിചരണത്തിനായി ഏറ്റവും നൂതനമായ വൈദ്യപരിചരണമാണ് നല്‍കുന്നതെന്ന് നസീം ഹെല്ത്കെയര് മാനേജിംഗ് ഡയരക്ടര്‍ മുഹമ്മദ് മിയാന്‍ദാദ് വി.പി പറഞ്ഞു. നസീം ഹെല്‍ത്ത് കെയര്‍ സീനിയര്‍ ഫിനാന്‍സ് മാനേജര്‍ ഹാഷിം ഇര്‍ഷാദ് നന്ദി പറഞ്ഞു.