ദോഹ: രാജ്യാന്തര ഓട്ടോമൊബൈല്‍ ഫെഡറേഷന്റെ(ഫിയ) ക്രോസ്കണ്ട്രി ബജാസ് ലോകകപ്പിന്റെ അഞ്ചാംറൗണ്ടായ ബജ സ്പെയിന് അരഗോണ്‍ കിരീടം ഖത്തറിന്റെ നാസര്‍ സാലേഹ് അല്അത്തിയ്യക്ക്. നാലാം തവണയാണ് അല്‍അത്തിയ്യ ബജ അരഗോണ്‍ കിരീടം നേടുന്നത്. നേരത്തെ 2008, 2016, 2017 വര്‍ഷങ്ങളിലും സ്പാനിഷ് ബജയില്‍ അല്‍അത്തിയ്യ ഒന്നാമതെത്തിയിരുന്നു. ബജയില്‍ ടൊയോട്ടക്കൊപ്പമുള്ള അദ്ദേഹത്തിന്റെ മൂന്നാം കിരീടനേട്ടംകൂടിയായി ഇത്. ടൊയോട്ട ഹൈലക്സ് ഉപയോഗിച്ചായിരുന്നു അല്അത്തിയ്യയും സഹ ഡ്രൈവര്‍ ഫ്രാന്‍സിന്റെ മാത്തിയു ബൗമെലും വിജയത്തിലേക്ക് ഓടിച്ചുകയറിയത്. ആറു മണിക്കൂര്‍ 32 മിനുട്ട് 44 സെക്കന്റ് സമയത്തിലാണ് ഫിനിഷ് ചെയ്തത്. സ്വീഡന്റെ മത്തിയാസ് എക്സ്ട്രോം, എമില്‍ ബെര്ഗ്വിസ്റ്റ് സഖ്യം രണ്ടാമതായി. എല്ലാവര്ക്കും അവസാനഘട്ടം ബുദ്ധിമുട്ടേറിയതായിരുന്നു. റേസ് വിജയിക്കാനായതില്‍ വലിയ സന്തോഷമുണ്ട്- മത്സരശേഷം അല്‍അത്തിയ്യ പ്രതികരിച്ചു. ഉയര്‍ന്ന താപനില സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും വിജയത്തിലേക്ക് ഓടിച്ചുകയാറാന് അല്അത്തിയ്യക്ക് സാധിച്ചു. റേസില്‍ എല്ലാവര്ക്കും പ്രശ്നങ്ങളുണ്ടായിരുന്നു. ഒട്ടും എളുപ്പമായിരുന്നില്ല. അവസാന 40 കിലോമീറ്ററില്‍ ഗുരുതരമായ ടയര്‍ പ്രശ്നങ്ങളുണ്ടായിരുന്നു- അല്‍അത്തിയ്യ പറഞ്ഞു. സ്പാനിഷ് ബജയുടെ 37-ാമത് എഡീഷനായിരുന്നു ഇത്തവണത്തേത്.