ദോഹ: ഇന്ത്യയില്‍ നടന്ന സി.ബി.എസ്.ഇ ദേശീയ നീന്തല്‍ ചാമ്പ്യൻഷിപ്പിൽ ഖത്തറിലെ ഭവന്‍സ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി ആര്യന്‍ എസ്. ഗണേഷിന് സ്വര്‍ണമെഡല്‍. ഖത്തറില്‍നിന്നുള്ള ഇന്ത്യന്‍ സ്കൂളുകളെ പ്രതിനിധീകരിച്ചാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആര്യന്‍ ദേശീയതല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
ജനുവരി 21 മുതല്‍ 24 വരെ രാജ്കോട്ടിലെ ജീനിയസ് സ്കൂളും ജേ ഇന്റര്‍നാഷനല്‍ സ്കൂളും ചേര്‍ന്ന് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സ്വിമ്മിങ് പൂളിലാണ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കിയതെന്നു സ്കൂൾ വാർത്തകുറിപ്പിൽ അറിയിച്ചു. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച ആര്യന്‍ എസ്. ഗണേഷ്, പങ്കെടുത്ത മൂന്നിനങ്ങളിലും മെഡലുകള്‍ നേടി.
50 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്‌ട്രോക്കില്‍ 27.44 സെക്കന്‍ഡില്‍ തുഴഞ്ഞെത്തി സ്വര്‍ണമെഡലും 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ വെള്ളിമെഡലും (30.88 സെക്കന്‍ഡ്), 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ വെങ്കലവും (1:12:30 സെ.) നേടി. ദേശീയ നേട്ടം കൈവരിച്ച ആര്യനെയും മാതാപിതാക്കളെയും സ്കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗമുൾപ്പെടെ ജീവനക്കാരും വിദ്യാര്‍ഥികളും അഭിനന്ദിച്ചു.