ദോഹ: ഒളിമ്പിക് ജേതാവ് ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രക്ക് ദോഹ ഡയമണ്ട് ലീഗില്‍ സ്വര്‍ണനേട്ടം. ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന ടൂര്‍ണമെന്റില്‍ ആദ്യ ശ്രമത്തില്‍ 88.67 മീറ്റര്‍ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര ഒന്നാമതെത്തിയത്. നിലവിലെ ലോക ചാമ്പ്യനായ ആന്‍ഡേഴ്സണ്‍ പീറ്റേഴ്‌സുമായി കടുത്ത മത്സരമാണ് ചോപ്ര കാഴ്ച വെച്ചത്.
88.63 മീറ്ററും 88.47 മീറ്ററും താണ്ടിയ ചെക്ക് താരം ജാകുബ് വാഡിലെജ്ക് ആണ് രണ്ടാം സ്ഥാനം നേടിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ സില്‍വര്‍ മെഡല്‍ നേടിയ താരമായിരുന്നു ജാകുബ്.
നീരജ് തന്റെ ജാവലിന്‍ കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് വെള്ളിയാഴ്ച താണ്ടിയത്. സീസണ്‍ തുടക്കം തന്നെയാണ് നീരജ് വിജയം വരിച്ചത്. ഇത് മറ്റ് ടൂര്‍ണമെന്റുകളില്‍ താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്, സെപ്റ്റംബറില്‍ ഏഷ്യന്‍ ഗെയിംസ് എന്നിവയാണ് നീരജിന്റെ ഈ സീസണിലുള്ള പ്രധാന മത്സരങ്ങള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന 2022 ഡയമണ്ട് ലീഗ് ഫൈനല്‍ ട്രോഫി സ്വന്തമാക്കിയ നീരജ് ഇന്ത്യയുടെ മികച്ച കായിക താരമാണ്.