in

കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് നേടുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗതിയില്‍: ഡോ.അല്‍ഖാല്‍

ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍

ദോഹ: കോവിഡ് വാക്‌സിന്‍ ആഗോള ഉപയോഗത്തിനായി പുറത്തിറങ്ങിയാലുടന്‍ സ്വന്തമാക്കുന്നതിനായി നിരവധി അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സംബന്ധിച്ച ദേശീയ ആരോഗ്യകര്‍മ്മപദ്ധതി ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഖത്തര്‍ നടപ്പാക്കിയ സമഗ്ര കര്‍മ്മപദ്ധതി വളരെ ഫലപ്രദമാണ. മഹാമാരി നിയന്ത്രിക്കാന്‍ കഴിഞ്ഞു. ആഗോളതലത്തില്‍ ഏറ്റവുംകുറഞ്ഞ കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയിച്ചുവെങ്കിലും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളെപ്പോലെ ഖത്തറിനും കോവിഡിനൊപ്പം കുറച്ചുകാലം ജീവിക്കേണ്ടിവരുമെന്ന്് വ്യക്തമാണ്- ഡോ. അല്‍ഖാല്‍ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും ജനസംഖ്യയെ സംരക്ഷിക്കുന്നതിനും പ്രതിരോധ നടപടികള്‍ രാജ്യത്ത് നിലവിലുണ്ട്. മാസ്‌ക് ധരിക്കല്‍, സുരക്ഷിതമായ അകലം പാലിക്കല്‍, ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം എന്നിവയെല്ലാം പ്രാബല്യത്തിലാണ്. എന്നാല്‍ ഫലപ്രദമായ വാക്‌സിന്‍ ലഭ്യമായാല്‍ മാത്രമെ സാധാരണ ജീവിതത്തിലേക്ക് പൂര്‍ണമായും മടങ്ങാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്സിനായി പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഖത്തറിലെ വാക്സിനേഷന് അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് റപ്പുവരുത്തുന്നതിനായി മതിയായ അളവില്‍ വാക്സിനുകള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചര്‍ച്ചകളെന്നും അദ്ദേഹം വിശദീകരിച്ചു. സാര്‍സ് കൊറോണ വൈറസിനെതിരെ ബിഎന്‍ടി 162 എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള കാന്‍ഡിഡേറ്റ് വാക്‌സിന്‍ ഖത്തറില്‍ വിതരണം ചെയ്യുന്നതിനായി പൊതുജനാരോഗ്യമന്ത്രാലയം ഇതിനോടകം ഫൈസര്‍, ബയോടെക്ക് എന്നിവയുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഡോ.അല്‍ഖാല്‍ അറിയിച്ചു. വാക്‌സിന്‍ ഇപ്പോഴും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആവശ്യമായ എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ വാക്‌സിന്‍ വിതരണം ചെയ്യുകയുള്ളൂ. ക്ലിനിക്കല്‍ വിജയം, ആവശ്യമായ റഗുലേറ്ററി അംഗീകാരങ്ങള്‍ എന്നിവക്കു വിധേയമായി ഈ വര്‍ഷം അവസാനം മുതല്‍ അടുത്തവര്‍ഷം വരെയാണ് വിതരണം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഡോ.അല്‍ഖാല്‍ പറഞ്ഞു. ഖത്തറില്‍ കോവിഡ് മഹാമാരിയുടെ ഭീഷണിയെ നേരിടാന്‍ സഹായിക്കുന്ന സാധ്യതകളിലൊന്നാണ് ഫൈസര്‍, ബയോ ടെക്ക് എന്നിവയുമായുള്ള കരാര്‍.
അംഗീകൃത വാക്‌സിന്‍ ലഭ്യമല്ലാത്ത ഇടക്കാല കാലയളവില്‍ പ്രതിരോധ നടപടികള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. വാക്‌സിന്‍ ലഭ്യമാകുന്നതുവരെ സുരക്ഷിതമായി തുടരണമെന്ന് ഡോ. അല്‍ഖാല്‍ നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ കെ എം സി സി നേതാവ് പി എം മൊയ്തീന്‍ മൗലവി നാട്ടില്‍ നിര്യാതനായി

ഖത്തറില്‍ ഇന്നും കോവിഡ് മരണങ്ങളില്ല; 194 പേര്‍ക്കു കൂടി രോഗം