
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. ഓണ്‍ലൈന്‍ മുഖനയായിരിക്കും ക്ലാസുകള്‍. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്.
ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ വിര്‍ച്വല്‍ വിദ്യാാഭ്യാസ സംവിധാനം നടപ്പാക്കുന്നത്. ഇന്ത്യന്‍ സ്‌കൂളുകളില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം ഇന്നു മുതല്‍ പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമാകും. എന്നാല്‍ ഖത്തറിലെ മറ്റു ഭൂരിഭാഗം സ്‌കൂളുകളിലും സെപ്തംബറിലാകും അധ്യയന വര്‍ഷം ആരംഭിക്കുക. വിദൂരാടിസ്ഥാനത്തിലുള്ള പഠനം ഉറപ്പാക്കുന്നതിനായി എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ അറിയിച്ചു. എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്കായി പഠന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ജൂണില്‍ സെഷന്‍ അവസാനിക്കുന്നതുവരെ തടസമില്ലാത്ത പഠനം സ്‌കൂള്‍ ഉറപ്പാക്കുന്നുണ്ട്. പാഠങ്ങള്‍ ഇ-ലേണിങ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്. അതില്‍ കുറിപ്പുകള്‍, വായനാ സാമഗ്രികള്‍, വര്‍ക്ക് ഷീറ്റുകള്‍, ഗൃഹപാഠം, മറ്റു പഠനവിഭവങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കും. ഒരു സാധാരണ ക്ലാസ് മുറിയിലെന്നപോലെ അധ്യാപകര്‍ തത്സമയ ഓണ്‍ലൈന്‍ പാഠങ്ങള്‍ നല്‍കുകയും വിദ്യാര്‍ഥികളുമായി മുഖാമുഖം സംവദിക്കുകയും ചെയ്യും. ഡിപിഎസില്‍ ആഴ്ചയില്‍ അഞ്ച് ദിവസം രാവിലെ 9.15 മുതല്‍ ഉച്ചയ്ക്ക് 1.45 വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. എല്ലാ വിഷയങ്ങളുടേയും ടൈംടേബിള്‍ സ്‌കൂള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച നിര്‍ദേശങ്ങള്‍, വര്‍ക്ഷീറ്റുകള്‍, പഠന വീഡിയോകള്‍ എല്ലാം സൈറ്റിലുണ്ടാകും. മൂന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കാണ് പഠനം പുനരാരംഭിക്കുന്നത്. അധ്യാപകര്‍ വിര്‍ച്വല്‍ സംവിധാനം മുഖേന വിദ്യാര്‍ഥികളുമായി സംവദിക്കുകയും ക്ലാസുകളെടുക്കുകയും ചെയ്യും. പിയേഴ്‌സണ്‍ ആക്റ്റീവ് ആപ്പ് വഴി ഇ-ലേണിംഗ് പ്രക്രിയ സുഗമമാക്കും. ഇത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിദൂര പഠന രീതികളുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസ്താവനയില്‍ പറഞ്ഞു. ബിര്‍ള പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ എല്ലാ ക്ലാസുകള്‍ക്കും ഇന്നു മുതല്‍ ഓണ്‍ലൈന്‍ വഴി പുതിയ അധ്യയന വര്‍ഷത്തിലെ ക്ലാസുകള്‍ തുടങ്ങും. അഞ്ചാം ക്ലാസ് വരെയുളള വിദ്യാര്‍ഥികള്‍ക്കുള്ള പഠനം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും ആരംഭിക്കുക.