ദോഹ: കോവിഡ് രോഗബാധിതര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ പുതിയ മരുന്ന് നല്‍കിത്തുടങ്ങിയതായി പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് രോഗികള്‍ക്കായി ഖത്തര്‍ പുതിയ മരുന്ന് സ്വീകരിച്ചിട്ടുണ്ട്. ഈ മരുന്ന് ഒരു ഡോസ് മാത്രമണ് രോഗബാധിതര്‍ക്ക് അവരുടെ സിരയിലൂടെ നല്‍കുന്നത്- ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍(സിഡിസി) മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുന അല്‍മസ്ലമാനി പറഞ്ഞു. പുതിയ മരുന്നിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്.
ക്രമേണ ആരോഗ്യനില വഷളാകുമെന്ന് പ്രതീക്ഷിക്കുന്ന കോവിഡ് രോഗികള്‍ക്കാണ് ഈ മരുന്ന് നല്‍കുന്നത്. രോഗിയുടെ ആരോഗ്യനില വഷളാകുന്നതിനു മുന്‍പുതന്നെ അവര്‍ക്ക് ഈ മരുന്ന് നല്‍കും- ഡോ. അല്‍മസ്ലമാനി വിശദീകരിച്ചു. ശരീരത്തില്‍ വൈറസിന്റെ പുനരുത്പാദനം തടയുന്നതിനാണ് ഈ ചികിത്സ നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഈ ചികിത്സ അനുവദനീയമാണ്.
ഇത്തരം ചികിത്സ ആവശ്യമായിവരുന്ന രോഗികളെ തങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും ഡോ. അല്‍മസ്ലമാനി പറഞ്ഞു. ഖത്തറില്‍ കോവിഡ് കേസുകള്‍ സ്വീകരിക്കുന്നതിലും പരിചരിക്കുന്നതിലും മുന്നില്‍നില്‍ക്കുന്ന സുപ്രധാന കേന്ദ്രമാണ് സിഡിസിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. 65ഓളം കിടക്കകളുള്ള പ്രത്യേക മുറികളാണ് സിഡിസിയിലുള്ളത്.
കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയിക്കുന്നവര്‍ക്ക് ലബോറട്ടറി പരിശോധന പോലെയുള്ള നിരവധി സേവനങ്ങള്‍ കേന്ദ്രം ലഭ്യമാക്കുന്നുണ്ട്. ഷെഡ്യൂള്‍ അനുസരിച്ച് വ്യക്തികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്‍കുന്നതിനായി വാക്സിനേഷന് യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 45 വയസിനു മുകളില്‍ പ്രായമുള്ള കോവിഡ് പോസിറ്റീവ് കേസുകള്‍ മൂല്യനിര്‍ണയത്തിനായി കേന്ദ്രത്തിലെത്തുന്ന സാഹചര്യത്തില്‍ ഇവിടെ ട്രയേജ് സേവനവും നല്‍കുന്നുണ്ട്.