in

കുട്ടികളുടെ സംരക്ഷണത്തിനായി പുതിയ നിയമം വരുന്നു

ദോഹ രാജ്യാന്തര ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട്(ഡിഐഎഫ്ഐ) വാര്‍ഷിക കുടുംബ നയ ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറില്‍ നിന്ന്

ദോഹ: രാജ്യത്ത് കുട്ടികളുടെ സംരക്ഷണത്തിനായി പുതിയ നിയമം വരുന്നൂ.
ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ കുടുംബകാര്യ വകുപ്പ് ഡയറക്ടര്‍ നജത് അല്‍അബ്ദുല്ലയാണ് പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള പരിശോധനകള്‍ നടക്കുന്നതായി സൂചിപ്പിച്ചത്. രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകള്‍ നിരീക്ഷിക്കുന്നതിനുള്ള സമഗ്രമായ നിയമചട്ടക്കൂടായിരിക്കും നിയമം. പൂര്‍ത്തിയാക്കി, അംഗീകരിക്കുകയും പുറപ്പെടുവിക്കുകയും ചെയ്താല്‍, ഖത്തറിലെ കുട്ടികളുടെ സംരക്ഷണ രംഗത്ത് ഒരു വലിയ നേട്ടമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ദോഹ രാജ്യാന്തര ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട്(ഡിഐഎഫ്‌ഐ) നാലാമത് വാര്‍ഷിക കുടുംബ നയ ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കുട്ടികള്‍ക്കെതിരായ ഗാര്‍ഹിക പീഡന ഭീഷണി കുറക്കുന്നതില്‍ മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍ വഹിക്കുന്ന പങ്ക് അവര്‍ എടുത്തുപറഞ്ഞു.
രാജ്യത്തിന്റെ കുടുംബ നിയമം, സാമൂഹക സുരക്ഷാ നിയമം, പ്രത്യേക ആവശ്യങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്കായുള്ള നിയമം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും അവര്‍ ചൂണ്ടിക്കാട്ടി.
ഖത്തറിലെ കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമത്തെ സഹായിക്കുന്ന ഒരു സംയോജിത സംവിധാനം നല്‍കുന്നതിന് മന്ത്രാലയം പങ്കാളികള്‍ക്കൊപ്പം നടപ്പാക്കിയ പരിപാടികള്‍, പദ്ധതികള്‍, ഇവന്റുകള്‍ എന്നിവയുടെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു.കുട്ടികള്‍ക്കെതിരായ ഗാര്‍ഹിക പീഢനം എന്ന വിഷയത്തിലായിരുന്നു വെബിനാര്‍.
കുട്ടികളുടെ സംരക്ഷണത്തിലെ അന്തര്‍ദേശീയ മികച്ച സമ്പ്രദായങ്ങള്‍, സമൂഹത്തിലെ ഏറ്റവും പ്രായംകുറഞ്ഞവരെ സംരക്ഷിക്കുന്നതിലെ വിടവുകള്‍ എങ്ങനെ പരിഹരിക്കാം, കുട്ടികള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട പ്രധാനപ്പെട്ട നടപടികള്‍ തുടങ്ങിയവ വെബിനാറില്‍ എടുത്തുകാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ് പ്രതിസന്ധി ഭക്ഷ്യ മേഖലയെ ബാധിച്ചത് കുറഞ്ഞ തോതിലെന്ന് മന്ത്രി

കോവിഡ് കാലത്ത് തൊഴിലാളികള്‍ക്ക് ആശ്വാസമായി ഗ്രാന്‍ഡ് മാള്‍