in ,

കോവിഡ്: അടിയന്തിര ചികിത്സക്ക് പുതിയ മരുന്നുപയോഗിക്കുമെന്ന് ഹമദ്‌

ലഭ്യമായാല്‍ നല്‍കാനുദ്ദേശിക്കുന്നത്‌ റെംഡെസിവിര്‍ ആന്റിവൈറല്‍ മരുന്ന്

ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍

ദോഹ: കോവിഡ് രോഗികളുടെ ചികിത്സയില്‍ ഫലപ്രദമായ ഫലങ്ങള്‍ കാണിക്കുന്ന പുതിയ മരുന്നു കൊണ്ടുവരുന്നതില്‍ ഖത്തര്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്ന് ഹമദ്. കോവിഡ് അടിയന്തര ചികിത്സക്ക് റെംഡെസിവിര്‍ ആന്റിവൈറല്‍ മരുന്ന് ഉപയോഗിക്കാന്‍ അമേരിക്ക പരീക്ഷണാടിസ്ഥാനത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. മരുന്ന് ഉപയോഗിച്ച കോവിഡ് രോഗികളില്‍ ചിലര്‍ 31ശതമാനം വേഗത്തില്‍ സുഖപ്പെട്ടതായി കണ്ടെത്തിയിരുന്നുവെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ.അബ്ദുല്ലത്തീഫ് മുഹമ്മദ് അല്‍ഖാല്‍ വ്യക്തമാക്കി.

മരണ നിരക്ക് കുറക്കാന്‍ സഹായിക്കുന്നുവെന്ന് പഠനം

രോഗികളില്‍ പതിനഞ്ചു ദിവസത്തിനു പകരം പതിനൊന്ന് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനും മരണനിരക്ക് പതിനൊന്ന് ശതമാനത്തില്‍ നിന്നും എട്ടുശതമാനമായി കുറക്കാനും മരുന്ന് സഹായകമാണെന്ന ലഭിക്കുന്ന വിവരം. പുതിയ മരുന്നിനെക്കുറിച്ചുള്ള പരീക്ഷണങ്ങളുടെ കൂടുതല്‍ ഫലങ്ങളും വിശദാംശങ്ങളും കാത്തിരിക്കുകയാണ്. ഈ മരുന്നു വിപണിയില്‍ ലഭ്യമാകുമ്പോള്‍ ഖത്തറിലെ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനും ഉറ്റുനോക്കുകയാണ്. കൊറോണ വൈറസ് രോഗികളുടെ ചികിത്സയ്ക്കായി ധാരാളം മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ മരുന്ന് നല്‍കുന്നുണ്ട്. എന്നിരുന്നാലും രോഗലക്ഷണങ്ങള്‍ കാണിക്കാത്തതോ വളരെ നേരിയ ലക്ഷണങ്ങളുള്ളതോ ആയ രോഗികള്‍ക്ക് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകള്‍ നല്‍കുന്നില്ല.
ഉയര്‍ന്ന താപനില, ശ്വസന പ്രശ്‌നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്കും വീണ്ടെടുക്കലിനും സഹായിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍, അസിട്രോമൈസിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിപുലമായ പരിശോധനയും സമ്പര്‍ക്കമുള്ളവരെ കണ്ടെത്തലും

കൂടുതല്‍ പരിശോധനകളും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ തെരെഞ്ഞ് കണ്ടെത്തിയതുമാണ് മേഖലയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറില്‍ കോവിഡ് കേസുകളുടെ വര്‍ധനവിനു കാരണമെന്നും ഡോ. അല്‍ഖാല്‍ പറഞ്ഞു. തീവ്രമായ കോണ്‍ടാക്റ്റ് ട്രേസിങാണ്(സമ്പര്‍ക്ക തെരച്ചില്‍) രാജ്യം നടത്തുന്നത്. ഖത്തര്‍ ഓരോ പ്രസരണ ശൃംഖലയും അന്വേഷിക്കുകയും രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ വ്യക്തികളെയും പരിശോധിക്കുകയും ചെയ്യുന്നു. പല രാജ്യങ്ങളും അങ്ങനെ ചെയ്യുന്നില്ലെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അദ്ദേഹം വിശദീകരിച്ചു. ഒരു വ്യക്തിയില്‍ കോവിഡ്19 സ്ഥിരീകരിക്കുമ്പോള്‍ ആ വ്യക്തിയുടെ ജോലി സ്ഥലങ്ങളിലേക്കും താമസ സ്ഥലങ്ങളിലേക്കും മെഡിക്കല്‍ ടീമുകളെ പൊതുജനാരോഗ്യ മന്ത്രാലയം അയക്കും. രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും തിരിച്ചറിയുന്നതിനായാണിത്.

വീട്ടിലിരിക്കുക/പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക

എല്ലാ ദിവസവും 2000 മുതല്‍ 3000 വരെ സമ്പര്‍ക്ക കേസുകള്‍ പരിശോധിക്കുന്നുണ്ട്. ഇത് കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് കാരണമാകുന്നു. ഇവരില്‍ ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിലും അവര്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കില്‍് വൈറസ് കൂടുതല്‍ പടരാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഉയര്‍ന്ന അണുബാധ ആശങ്കയാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കഴിയുന്നിടത്തോളം വീടുകളില്‍ തന്നെ തുടരണം. മതപരമായി സാമൂഹിക അകലം പാലിക്കണം. മാര്‍ക്കറ്റുകള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് രണ്ടു മീറ്റര്‍ അകലം പാലിക്കുകയും വേണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ ദന്തല്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കാവൂ; പിഎച്ച്‌സിസി

ഖത്തറില്‍ പുതുതായി 679 പേര്‍ക്ക് കോവിഡ്; 1664 പേര്‍ക്ക് രോഗം മാറി