
ദോഹ: വൈവിധ്യമാര്‍ന്ന ഇറ്റാലിയന്‍ ഭക്ഷ്യോത്പന്നങ്ങളുടെ പുതിയ പ്രമോഷന്‍ കമ്യൂണിക്കേഷന്‍ കാമ്പയിന്‍ ലുലു ഔട്ട്‌ലെറ്റുകളില്‍ തുടങ്ങി. ഖത്തറിലെ ഇറ്റലി എംബസി, ഇറ്റാലിയന്‍ ട്രേഡ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ലെറ്റ്‌സ് ഇറ്റാലിയന്‍ പ്രമോഷന്‍ ഇറ്റലി അംബാസഡര്‍ അലെസാന്‍ദ്രോ പ്രുനാസ് ഉദ്ഘാടനം ചെയ്തു. ടിന്നിലടച്ച പച്ചക്കറികള്‍, പാസ്ത, അരി, ചീസ്, പാല്‍ ഉത്പന്നങ്ങള്‍, ബിസ്‌ക്കറ്റ്, കോഫി, ഒലിവെണ്ണ, ഫ്രഷ് പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ചോക്ലേറ്റ്, സോസുകള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, മസാലകള്‍ തുടങ്ങി നിരവധി ഭക്ഷ്യോത്പന്നങ്ങള്‍ പ്രമോഷന്‍ കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ ട്രേഡ് ഏജന്‍സിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും തമ്മില്‍ കഴിഞ്ഞ ജൂലൈയില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് പ്രമോഷന്‍. ഖത്തറിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളുടെയും പങ്കാളിത്തമുണ്ടാകും. ഈ ഒക്ടോബര്‍ മുതല്‍ അടുത്ത സെപ്തംബര്‍ വരെ പ്രമോഷന്‍ തുടരും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് പുതിയ പ്രമോഷന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് അംബാസഡര്‍ അലെസാന്‍ദ്രോ പ്രുനാസ് പറഞ്ഞു. ആഗോള പ്രതിസന്ധിക്കിടയിലും ഖത്തറിലേക്കുള്ള ഇറ്റാലിയന്‍ കാര്‍ഷിക ഭക്ഷ്യോത്പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഈ വര്‍ഷം ആദ്യപകുതിയില്‍ കയറ്റുമതിയില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. ഇറ്റാലിയന്‍ ഉത്പന്നങ്ങളുടെ ആവശ്യകതയും അംഗീകാരവും വര്‍ധിച്ചുവരികയാണെന്ന്് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് പറഞ്ഞു. ഖത്തറിലെ മികച്ച ഇറ്റാലിയന്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറ്റലിയുമായി വ്യാപാര ബന്ധം ആരംഭിച്ചതുമുതല്‍, ഏറ്റവും ആധികാരികമായ 100 ശതമാനം ഇറ്റാലിയന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഖത്തറിലേക്കെത്തിച്ച് പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഇറ്റലിയുമായുള്ള ദീര്‍ഘകാല വ്യപാരബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മിക്ക ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇറ്റാലിയന്‍ കോര്‍ണറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെസ്റ്റിവലില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തവണ ആയിരത്തോളം ഇറ്റാലിയന്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡോ.അല്‍ത്താഫ് പറഞ്ഞു. ഈ ഒക്ടോബര്‍, ഡിസംബര്‍, അടുത്ത മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ പ്രത്യേക പ്രമോഷനുകളുമുണ്ടാകും.