
ദോഹ: ഹമദ് വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഖത്തര്‍ സ്വീകരിച്ച തുടര്‍നടപടികളില്‍ സംതൃപ്തി അറിയിച്ച് ഓസ്ട്രേലിയ. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി ഓസ്ട്രേലിയന്‍ വിദേശകാര്യ, വനിതാ ക്ഷേമ മന്ത്രി സെനറ്റര്‍ മരൈസ് പെയ്നുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയില്‍ ഹമദ് വിമാനത്താവള വിഷയം ചര്‍ച്ചയായി.
വിമാനത്താവളത്തിലെ തെരച്ചിലില്‍ ബാധിക്കപ്പെട്ട ഓസ്ട്രേലിയന്‍ വനിതകളോടു തന്റെ ആഴത്തിലുള്ള അനുഭാവം അറിയിച്ച ഖത്തര്‍ വിദേശകാര്യമന്ത്രി അവരോടുള്ള ഖത്തറിന്റെ ക്ഷമാപണവും ആവര്‍ത്തിച്ച് വ്യക്തമാക്കി. പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍ ഖത്തറിന്റെ നിയമങ്ങളുടെയും മൂല്യങ്ങളുടെയും ലംഘനമായാണ് കണക്കാക്കപ്പെടുന്നതെന്നും ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പബ്ലിക് പ്രോസിക്യൂഷന് ഓഫീസിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി ശൈഖ മുഹമ്മദ് ഓസട്രേലിയന് വിദേശകാര്യമന്ത്രി മരൈസ് പെയ്ന് ഉറപ്പുനല്‍കി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പരാമര്‍ശിക്കവെ, കേസിന് അര്‍ത്ഥവത്തായ പരിഹാരം കൊണ്ടുവരുന്നതിനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതക്ക് പെയ്ന് നന്ദി അറിയിച്ചു.
പ്രശ്നം പരിഹരിക്കാന്‍ ഖത്തര്‍ സ്വീകരിച്ച പ്രാരംഭ നടപടികളില്‍ ഓസ്ട്രേലിയയുടെ സംതൃപ്തിയും അവര്‍ പ്രകടിപ്പിച്ചു. ഈ വിഷയത്തില്‍ ഖത്തര്‍ പങ്കുവെക്കുന്ന റിപ്പോര്‍ട്ടിനായി ഉറ്റുനോക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥരെ ഖത്തര്‍ ന്യായമായും ആനുപാതികമായും ഉത്തരവാദികളാക്കുമെന്ന വിശ്വാസവും അവര്‍ പ്രകടിപ്പിച്ചു. കേസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും ഇരു വിദേശകാര്യമന്ത്രിമാരും സമ്മതിച്ചു.
ഇക്കാര്യം ഇരു സര്‍ക്കാരുകളുടെയും മുന്‍ഗണനയാണെന്നും വ്യക്തമാക്കി. ഖത്തറും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇരു മന്ത്രിമാരും അടിവരയിടുകയും സഹകരണത്തിന്റെ എല്ലാ മേഖലകളിലും ഈ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.