in

തൊഴിലാളികളുടെ സംരക്ഷണം: കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമെന്ന് എന്‍എച്ച്ആര്‍സി

Image processed by CodeCarvings Piczard ### FREE Community Edition ### on 2016-01-11 05:22:31Z | | ÿ†œ§ÿIÉèÿPÏéÿ`4H^â

ദോഹ: കൊറോണ വൈറസില്‍(കോവിഡ്-19) നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കൂടുതല്‍ ബോധവത്കരണ നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി(എന്‍എച്ച്ആര്‍സി). തൊഴിലാളികളെയും ദുര്‍ബലരായ ഗ്രൂപ്പുകളെയും സംരക്ഷിക്കുന്നതിനായി കൂടുതല്‍ അവബോധം വളര്‍ത്തുന്നതിനുള്ള നടപടികളും പ്രചാരണങ്ങളും തുടരേണ്ടതുണ്ട്.
നിലവിലെ സാഹചര്യങ്ങളില്‍ ലഭിച്ച പരാതികളും കേസുകളും പരിഹരിക്കപ്പെടുന്നതിനായി അവയെല്ലാം ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന് കൈമാറുന്നുണ്ടെന്നും എന്‍എച്ച്ആര്‍സിയുടെ ഫീല്‍ഡ് സന്ദര്‍ശന- നിരീക്ഷണ ടീം(ഫീല്‍ഡ് വിസിറ്റ്‌സ് ആന്റ് മോണിറ്ററിങ് ടീം) വ്യക്തമാക്കി. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിനിധികളുമായി ടീം കൂടിക്കാഴ്ച നടത്തിയിരുന്നു. ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചു. ഖത്തറിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ചികിത്സയ്ക്കും മരുന്നിനുമുള്ള അവകാശം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി. കോവിഡ് -19 വ്യാപനത്തിന്റെ വെളിച്ചത്തില്‍ പ്രായമായവര്‍, വൈകല്യമുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മരുന്നിനും ചികിത്സക്കുമുള്ള അവകാശം ലഭ്യമാക്കേണ്ടത് എന്‍എച്ച്ആര്‍സി ടീം എടുത്തുപറഞ്ഞു. പോലീസ് സ്‌റ്റേഷനുകള്‍, ശിക്ഷാ സ്ഥാപനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഉംസലാലിലെയും മീസൈദിലെയും തൊഴിലാളികളുടെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍എച്ച്ആര്‍സിയുടെ ഫീല്‍ഡ് ടീം ഇതിനോടകം സന്ദര്‍ശനം നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു മന്ത്രാലയവുമായുള്ള കൂടിക്കാഴ്ച.
ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തിലെ തൊഴില്‍ വികസന വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. നിലവിലെ ആരോഗ്യ പ്രതിസന്ധിയുടെ വെളിച്ചത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നടപടികളും പ്രവര്‍ത്തനങ്ങളും മനസിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ചയെന്ന് എന്‍എച്ച്ആര്‍സി വൈസ് ചെയര്‍മാനും നിരീക്ഷണ കമ്മിറ്റി ചെയര്‍മാനുമായ ഡോ.മുഹമ്മദ് സെയ്ഫ് അല്‍കുവാരി പറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികളുടെ അവകാശങ്ങളും വേതനവും ഉറപ്പാക്കുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ചും ബോധവല്‍ക്കരണ കാമ്പയിനെക്കുറിച്ചും മന്ത്രാലയം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കാമ്പയിന്റെ ഭാഗമായി 1.60ലക്ഷം തൊഴിലാളികളെ ലക്ഷ്യമിട്ട് 2,400 ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. വ്യക്തി ശുചിത്വം ഉറപ്പാക്കല്‍, തിരക്ക് കുറക്കല്‍ ഉള്‍പ്പടെ തൊഴിലിടങ്ങളിലും താമസസൗകര്യങ്ങളിലും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ ക്വാറന്റൈനിലോ ഐസൊലേഷനിലോ കഴിയുകയാണെങ്കിലും വേതനം നല്‍കുന്നത് തുടരുന്നുണ്ടെന്ന് ഉറപ്പാക്കും. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഹോട്ട്ലൈന്‍ നമ്പര്‍ 40280660 സജ്ജമാക്കിയ കാര്യവും ചൂണ്ടിക്കാട്ടി. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിര്‍ദേശങ്ങളും അവബോധവും ശക്തമാക്കുമ്പോള്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതിക്ക് രമ്യമായി തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ടുള്ള കേസുകള്‍ റഫര്‍ ചെയ്യാനും എന്‍എച്ച്ആര്‍സി ടീം ആവശ്യപ്പെട്ടു. സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ തുടര്‍നടപടികളുണ്ടാകണം.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ഫോളോഅപ്പ് ചെയ്യണം. തൊഴിലുടമയുടെ ഭാഗത്തുനിന്നും ദുരുപയോഗമുണ്ടാകരുതെന്ന് ഉറപ്പാക്കണം. നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ എന്‍എച്ച്ആര്‍സിയും ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയവും തമ്മില്‍ നിരന്തര സഹകരണത്തിന്റെ ആവശ്യകതയും എന്‍എച്ച്ആര്‍സി ഊന്നിപ്പറഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളും ആരോഗ്യസ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളും ചര്‍ച്ച ചെയ്തു. ഖത്തറില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യസേവനങ്ങള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം എന്‍എച്ച്ആര്‍സി വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്‍ഡസ്ട്രിയല്‍ ഏരിയ 34 മുതല്‍ 54 വരെ സ്ട്രീറ്റുകളില്‍ നിയന്ത്രണം

കിളിമഞ്ചാരോ കീഴടക്കിയ പ്രായംകുറഞ്ഞ ഖത്തരിയായി തമാദെര്‍ അല്‍സുബൈ