
ദോഹ: കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ഭാഗമായി ഹോട്ട്ലൈന്‍ സേവനവുമായി ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി). സംയോജിതവും നിരന്തരവുമായ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി 8002222 എന്ന നമ്പരിലാണ് പുതിയ ഹോട്ട്ലൈന്‍ സേവനം തുടങ്ങിയിരിക്കുന്നത്. അഞ്ചു ഭാഷകളിലായിരിക്കും ഹോട്ട്ലൈന്‍ സേവനം. രാജ്യത്തെ കമ്യൂണിറ്റികളില്‍ ബഹുഭൂരിപക്ഷം പേരെയും ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ സാഘിക്കും.
അറബിക്, ഇംഗ്ലീഷ്, ഉറുദു, ഫിലിപ്പിനോ, സ്വാഹിലി ഭാഷകളിലായിരിക്കും സേവനം. നിലവിലെ വെല്ലുവിളികളുടെ വെളിച്ചത്തില്‍ സംയോജിത സേവനങ്ങള്‍ നല്‍കുന്നതിനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കമ്മിറ്റി എല്ലായിപ്പോഴും ശ്രദ്ധ നല്‍കുന്നുണ്ടെന്ന് എന്എച്ച്ആര്സിയുടെ പബ്ലിക് റിലേഷന്‍സ് യൂണിറ്റ് മേധാവി അബ്ദുല്ല അലി അല്‍മഹ്മൂദ് പറഞ്ഞു. ഹോട്ട്ലൈന്‍ നമ്പരിലേക്ക് പ്രത്യേക വര്ക്ക്ടീമിനെ നിയോഗിച്ചിട്ടുണ്ട്. അഞ്ചു ഭാഷകളില്‍ എല്ലാത്തരം കോളുകളും ഈ കോള്‍സെന്ററിലേക്ക് സ്വീകരിക്കും. കൊറോണ വൈറസ് മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ചതിനുശേഷവും ഈ സേവനം തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്എച്ച്ആര്സിയുമായി പൊതുജനങ്ങള്‍ക്ക് സംവദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. 24 മണിക്കൂറും ഓണ്‍ലൈന്‍ സേവനങ്ങളെ പിന്തുണയ്ക്കുന്ന ഔദ്യോഗികവും ഏകീകൃതവുമായ ഹോട്ട്ലൈനാണ് കോള്‍ സെന്ററെന്നും അല്‍മഹമൂദ് സൂചിപ്പിച്ചു.
കമ്പനികള്‍ക്കും പൗരന്മാര്ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഏത് സമയത്തും വിളിച്ച് നിയമപരവും ഉപദേശപരവുമായ എല്ലാ വിവരങ്ങളും അന്വേഷിക്കാനോ പരാതി നല്‍കാനോ കഴിയും. കോള്‍ സെന്ററുകള്‍ക്കും ഉപഭോക്തൃ സേവനങ്ങള്‍ക്കുമായുള്ള അന്താരാഷ്ട്ര നിലവാരത്തെ അടിസ്ഥാനമാക്കിയാണ് സേവനം കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നത്. പൗരന്മാര്ക്കും താമസക്കാര്‍ക്കും നല്കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയും എന്എച്ച്ആര്സിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിന് ഒരു ഏകീകൃത ഉറവിടം നല്‍കുകയും ചെയ്യുന്നതായിരിക്കും ഏകീകൃത കോള്‍സെന്റര്‍. കൊറോണ വൈറസിന്റെ വ്യാപനം കുറക്കുന്നതിന് ഈ സേവനം സഹായകമാണ്.