in

കോവിഡ് പ്രതിരോധം: ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ എന്‍ എച്ച് ആര്‍ സി ടീം സന്ദര്‍ശിച്ചു

എന്‍എച്ച്ആര്‍സി ടീം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ക്വാറന്റൈന്‍ മേഖലയില്‍ അവശ്യസഹായം വിതരണം ചെയ്യുന്നു

ദോഹ: കോവിഡ്-19 മായി ബന്ധപ്പെട്ട് രാജ്യത്ത് ഒരുക്കിയിരിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ദേശീയ മനുഷ്യാവകാശ സമിതി(എന്‍എച്ച്ആര്‍സി) സന്ദര്‍ശിച്ചു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ക്വാറന്റൈനിലായിരിക്കുന്ന തൊഴിലാളികളെയും എന്‍എച്ച്ആര്‍സിയുടെ ഫീല്‍ഡ് സന്ദര്‍ശന- നിരീക്ഷണ ടീം(ഫീല്‍ഡ് വിസിറ്റ്‌സ് ആന്റ് മോണിറ്ററിങ് ടീം) സന്ദര്‍ശിച്ചു. ഉംസലാല്‍, മീസൈദ് എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ക്കായി സജ്ജമാക്കിയ ക്വാറന്റൈന്‍ സ്ഥലങ്ങളിലും ക്വാറന്റൈനായി നിശ്ചയിച്ചിരിക്കുന്ന ഹോട്ടലുകളിലും സന്ദര്‍ശനം നടത്തിയ സംഘം സൗകര്യങ്ങള്‍ വിലയിരുത്തി. കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും ലഭ്യമാക്കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും തിരിച്ചറിയുകയെന്നതും സന്ദര്‍ശന ലക്ഷ്യമായിരുന്നു.
കോവിഡ് പ്രതിരോധ നടപടികള്‍ മനസിലാക്കുന്നതിനായി എന്‍എച്ച്ആര്‍സി തുടര്‍ച്ചയായി സന്ദര്‍ശനം നടത്തിവരുന്നുണ്ട്. നേരത്തെ ശിക്ഷാ സ്ഥാപനങ്ങളും തടങ്കല്‍ കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നു. വരുംദിവസങ്ങളിലും വിവിധ സ്ഥാപനങ്ങളിലും അതോറിറ്റികളിലും സന്ദര്‍ശനങ്ങള്‍ തുടരുമെന്ന് എന്‍എച്ച്ആര്‍സി അറിയിച്ചു. രാജ്യത്തെ തൊഴിലാളികളുടെയും ഖത്തറില്‍ താമസിക്കുന്ന എല്ലാവരുടെയും ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള ഉത്കണ്ഠ അടിസ്ഥാനപ്പെടുത്തിയാണ് സന്ദര്‍ശനങ്ങളെന്ന് എന്‍എച്ച്ആര്‍സി വൈസ് ചെയര്‍മാനും നിരീക്ഷണ കമ്മിറ്റി ചെയര്‍മാനുമായ ഡോ.മുഹമ്മദ് സെയ്ഫ് അല്‍കുവാരി പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ക്വാറന്റൈനിലുള്ള തൊഴിലാളികളുടെ എണ്ണം, താമസ സൗകര്യങ്ങളുടെ വലുപ്പം, തൊഴിലാളികളുടെ താമസ പാര്‍പ്പിട സൗകര്യങ്ങളുടെ നിലവാരം, ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഗുണനിലവാരം, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും പ്രായമേറിയവര്‍ക്കും നല്‍കുന്ന പോഷകാഹാരങ്ങളുടെ നിലവാരം എന്നിവയെക്കുറിച്ചെല്ലാം വിശദമായ വിവരങ്ങള്‍ മനസിലാക്കിയതായി ഡോ.അല്‍കുവാരി പറഞ്ഞു. തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ ബാസ്‌ക്കറ്റുകളുടെ വിതരണ കേന്ദ്രങ്ങള്‍, പ്രവര്‍ത്തന സംവിധാനം എന്നിവ എന്‍എച്ച്ആര്‍സി ടീം പരിശോധിച്ചു. പകര്‍ച്ചവ്യാധി തടയുന്നതിനായി തൊഴിലാളികള്‍ക്ക് സൗജന്യമായി സ്റ്റെറൈല്‍ ബാഗുകളും മാസ്‌ക്കുകളും ഉള്‍പ്പടെ ആരോഗ്യ സാമഗ്രികള്‍ വിതരണം ചെയ്തു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും നല്‍കുന്ന ആരോഗ്യ സേവനങ്ങളെക്കുറിച്ചും അധികൃതര്‍ വിശദീകരിച്ചു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, വൈറസ് പടരുന്നതില്‍നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി നല്‍കിയിട്ടുള്ള പ്രതിരോധ മെഡിക്കല്‍ സാമഗ്രികള്‍ എന്നിവയെക്കുറിച്ചും ബന്ധപ്പെട്ടവര്‍ എന്‍എച്ച്ആര്‍സി ടീമിനോടു വിശദീകരിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. രോഗബാധിതര്‍ക്ക് ഏറ്റവും മികച്ച ആരോഗ്യപരിരക്ഷയാണ് ലഭ്യമാക്കുന്നത്. ഇവിടത്തെ മൊബൈല്‍ പരിശോധനാ യൂണിറ്റിന്റെ പ്രവര്‍ത്തനവും ടീം വിലയിരുത്തി. മാസ്‌ക്കുകളുടെയും സ്റ്റെറിലൈസറുകളുടെയും വിതരണസംവിധാനവും പരിശോധിച്ചു. മേഖലയിലെ വാണിജ്യ സമുച്ചയങ്ങള്‍, ഫുഡ് സ്റ്റോറുകള്‍, ഫാര്‍മസികള്‍, ഓപ്പണ്‍ എക്‌സ്‌ചേഞ്ച് ഓഫീസുകള്‍ എന്നിവയും സന്ദര്‍ശിച്ചു. മെഡിക്കല്‍ സെന്ററുകള്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്.
ഉടന്‍ തുറക്കുന്ന പുതിയ എമര്‍ജന്‍സി ഫീല്‍ഡ് ക്ലിനിക്കിനെക്കുറിച്ചും ടീം മനസിലാക്കി. മീസൈദ്, ഉംസലാല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായും രോഗബാധിതരുമായും എന്‍എച്ച്ആര്‍സി ടീം സംസാരിച്ചു. ഇവിടങ്ങളിലെ പൊതുവായ അവസ്ഥയും ഒറ്റപ്പെടലിലിരിക്കുന്ന വ്യക്തികളുടെ അഭിപ്രായങ്ങളും വിശദീകരണങ്ങളും മനസിലാക്കി. ഉംസലാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 45 അംഗ മെഡിക്കല്‍ ടീമാണ് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ലാബുകളും മെഡിക്കല്‍ കെയര്‍ റൂമുകളും സജ്ജമാക്കിയിട്ടുണണ്ട്. ആവശ്യത്തിന് കിടക്കകള്‍, ഓക്്‌സിജന്‍ ട്യൂബുകള്‍, കൃത്രിമ റെസ്പിറേറ്ററുകള്‍ എന്നിവയുടെ ലഭ്യതയും ഉറപ്പാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

തൊഴിലാളികളുടെ ക്ഷേമം: തൊഴിലുടമകള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കോവിഡ് ഭീഷണി തുടരുമ്പോഴും അപരന് സാന്ത്വനം പകരുന്ന ലോകോത്തര മാതൃകയായി ഖത്തര്‍