in , ,

ഖത്തറില്‍ രണ്ടു ഡോസ് വാക്‌സിനെടുത്തവരില്‍ കോവിഡ് മരണങ്ങളില്ല

കോവിഡ് രോഗികളില്‍ ഗുരുതരാവസ്ഥ തടയുന്നതില്‍ വാക്‌സിന്‍ ഫലപ്രദം: ഡോ.മുന

ഡോ.മുന അല്‍മസ്‌ലമാനി

ദോഹ: കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ കൊറോണ വൈറസിനെതിരെ ഏറ്റവും ഉയര്‍ന്ന സംരക്ഷണം നല്‍കുന്നുണ്ടെന്നും കടുത്തരോഗാവസ്ഥയിലേക്ക് നയിക്കപ്പെടുന്ന സാഹചര്യത്തെ പ്രതിരോധിക്കുന്നുണ്ടെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ(എച്ച്എംസി) കമ്യൂണിക്കബില്‍ ഡിസീസ് സെന്റര്‍(സിഡിസി) മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുന അല്‍മസ്‌ലമാനി. കടുത്ത രോഗാവസ്ഥയെ വാക്‌സിനുകള്‍ തടയുന്നുണ്ടെന്നതില്‍ ഖത്തറില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും അവര്‍ പറഞ്ഞു. ഖത്തറില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഫൈസര്‍ബയോടെക്, മൊഡേണ വാക്‌സിനുകള്‍ രോഗലക്ഷണ അണുബാധ തടയുന്നതില്‍ 95 ശതമാനം ഫലപ്രദമാണെന്ന് വിപുലമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ ലഭിച്ചവര്‍ പൂര്‍ണ്ണമായും വൈറസിനെ തടയാന്‍ ശേഷിയുള്ളവരാണെന്നോ അണുബാധയുണ്ടാകില്ലെന്നോ ഇതിനര്‍ഥമില്ല. എന്നാല്‍ വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ കടുത്ത ലക്ഷണങ്ങളും അസുഖവും ഉണ്ടാകാന്‍ സാധ്യതയില്ല- ഡോ. മുന അല്‍മസ്‌ലമാനി വിശദീകരിച്ചു. ഒരു വാക്‌സിനും ഒരിക്കലും നൂറുശതമാനം ഫലപ്രദമല്ല. വാക്‌സിന്‍ രണ്ടു ഡോസെടുത്താല്‍ പോലും വളരെ ചെറിയൊരു ശതമാനം പേര്‍ കോവിഡ് ബാധയെത്തുടര്‍ന്ന് രോഗികളായേക്കാം. എന്നിരുന്നാലും കഠിനമായ രോഗം തടയുന്നതില്‍ വാക്‌സിനുകള്‍ ഫലപ്രദമാണ്. ഇക്കാര്യത്തില്‍ ഖത്തറില്‍ വളരെ പ്രോത്സാഹജനകമായ തെളിവുകള്‍ കാണാനായിട്ടുണ്ട്.

കോവിഡ് രോഗികളില്‍ വാക്‌സിനെടുത്തവര്‍ കേവലം 1.6 ശതമാനം മാത്രം

ഈ ജനുവരി ഒന്നു മുതല്‍ കോവിഡ് ബാധയെത്തുടര്‍ന്ന് 12,249 പേരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 197 പേര്‍ മാത്രമാണ് വാക്‌സിന്‍ രണ്ടു ഡോസുമെടുത്തത്. ഇതിനര്‍ഥം ആസ്പത്രികളിലെ ഐപി യൂണിറ്റുകളില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളില്‍ വാക്‌സിനെടുത്തവര്‍ കേവലം 1.6 ശതമാനം മാത്രമാണെന്നാണ്. ഖത്തറില്‍ പൂര്‍ണമായും വാക്‌സിനെടുത്തവരേക്കാള്‍ വാക്‌സിനെടുക്കാത്ത എല്ലാപ്രായത്തിലുമുള്ളവരുടെ കാര്യത്തില്‍ കോവിഡിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത 61 മടങ്ങ് കൂടുതലാണ്. പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത ഇതിലും കുറവാണ്. വര്‍ഷാരംഭം മുതല്‍ ഇതുവരെയായി 1766 കോവിഡ് രോഗികളെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ പൂര്‍ണമായും വാക്‌സിനെടുത്തവര്‍ 19 പേര്‍ മാത്രമായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളില്‍ കേവലം ഒരു ശതമാനം പേര്‍ മാത്രമാണ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍. പൂര്‍ണമായും വാക്‌സിനെടുത്തവരേക്കാള്‍ വാക്‌സിനെടുക്കാത്ത എല്ലാപ്രായത്തിലുമുള്ളവരുടെ കാര്യത്തില്‍ കോവിഡിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കാനുള്ള സാാധ്യത 91 മടങ്ങ് കൂടുതലാണ്. ഖത്തറിലെ മുതിര്‍ന്ന ജനസംഖ്യയിലെ യോഗ്യരായ 40 ശതമാനം പേര്‍ വാക്‌സിന്‍ ഒരു ഡോസും 22 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചുകഴിഞ്ഞു. വാക്‌സിനേഷന്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇത് ആശ്വാസകരമാണ്. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളും ദ്രുതഗതിയിലുള്ള വാക്‌സിന്‍ വിതരണവും വൈറസ് വ്യാപനത്തെ തടയുന്നുവെന്നതിന്റെ ആദ്യ സൂചനയാണിതെന്നും ഡോ.മുന അല്‍മസ്‌ലമാനി വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ ഫിഫ അറബ് കപ്പ്‌ ‍ വളണ്ടിയരാവാന്‍ അവസരം; ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ

കോവിഡ്; ഇന്ത്യക്ക് പ്രാണവായു ഉടന്‍ നല്‍കാന്‍ ഖത്തര്‍ അമീറിന്റെ ഉത്തരവ്