
ദോഹ: രാജ്യത്ത് കൊറോണ വൈറസുമായി(കോവിഡ്-19) ബന്ധപ്പെട്ട് 537 കേസുകള്‍ സ്ഥിരീകരിച്ചെങ്കിലും മരണത്തിന്റെ തോത് പൂജ്യമായി നിലനിര്‍ത്തുന്നത് നല്ല സൂചനയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതു ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശൈഖ് ഡോ.മുഹമ്മദ് അല്‍താനി പറഞ്ഞു. കൊറോണ വൈറസിനെ നേരിടുന്നതില്‍ ഖത്തര്‍ ശരിയായ ദിശയിലാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ഖത്തര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരായ ചിലരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവന്നെങ്കിലും അവരില്‍ ചിലരെ ഡിസ്ചാര്‍ജ് ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കുറച്ചുപേര്‍ ഇപ്പോഴും ഐസിയുവിലുണ്ട്. കോവിഡിന് ചികിത്സയോ വാക്‌സിനോ കണ്ടെത്താന്‍ പല രാജ്യങ്ങളും ശ്രമങ്ങള്‍ നടത്തുന്നതായും അവരുടെ ചില ഗവേഷണങ്ങള്‍ നല്ല ഫലങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസിനെതിരായ ഫലപ്രാപ്തി തെളിയിക്കുന്ന മരുന്നുകള്‍ കണ്ടെത്തിയാല്‍ അവ ഖത്തറില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ വികസിപ്പിക്കും. പക്ഷെ അതിന് സമയമെടുക്കും. ഒക്ടോബറില്‍ വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരുപക്ഷേ, ഒക്ടോബറിന് മുമ്പ് ഒരു പുതിയ മരുന്ന് ഇവിടെ വന്നേക്കാം. അല്ലെങ്കില്‍ രോഗത്തിന്റെ വ്യാപനം കുറക്കുന്നതിന് ഉയര്‍ന്ന താപനില വലിയ പങ്കുവഹിക്കുമെന്ന് പിന്നീട് കണ്ടെത്തിയേക്കാം. നിലവില്‍ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നത് വ്യാപനം മന്ദഗതിയിലാക്കുകയെന്നതാണ്. ഖത്തറിലെ എല്ലാവരും പ്രതിബദ്ധത കാണിക്കുകയാണെങ്കില്‍ പ്രതിസന്ധിയെ എളുപ്പത്തില്‍ മറികടക്കാനാകും- ഡോ. അല്‍താനി വിശദീകരിച്ചു. പൊതുജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി കാണുമെന്നും അവ പാലിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ബോധവല്‍ക്കരണം വളരെ പ്രധാനമാണ്. ഖത്തറിലെ 95ശതമാനത്തിലധികംപേരും നിര്‍ദേശങ്ങള്‍ പാലിക്കുന്നതായാണ് തോന്നുന്നത്. എന്നാല്‍ അഞ്ചുശതമാനം പേര്‍ ഇപ്പോഴും പാലിക്കാതിരിക്കുന്നുണ്ട്. ഖത്തറില്‍ കോവിഡിനെ നിയന്ത്രിക്കുകയെന്നത് സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പൗരന്മാരുടെയും താമസക്കാരുടെയും പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.