in

ദര്‍ബ് അല്‍സായിയില്‍ ഇത്തവണ ദേശീയദിനാഘോഷ പരിപാടികളുണ്ടാകില്ല

ദോഹ: ഈ വര്‍ഷം ദര്‍ബ് അല്‍സായിയില്‍ ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികളുണ്ടായിരിക്കില്ലെന്ന് സംഘാടക സമിതി അറിയിച്ചു. കൊറോണ വൈറസു(കോവിഡ്-19)മായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ദര്‍ബ് അല്‍സായിയിലെ പരിപാടികള്‍ ഒഴിവാക്കിയത്. എന്നാല്‍ അടുത്തവര്‍ഷം പരിപാടികള്‍ നടക്കുമെന്നും സംഘാടകസമിതി അറിയിച്ചു. ഈ വര്‍ഷം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി മത്സരങ്ങളും സെമിനാറുകളും ദോഹ 360 എന്ന വെബ്‌സൈറ്റില്‍ സംപ്രേഷണം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ ദേശീയദിനം ആഘോഷിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ദേശീയ ദിനാഘോഷങ്ങളുടെ മുഖ്യവേദിയെന്നത് ദര്‍ബ് അല്‍സായിയായിരുന്നു. വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിലുള്ള ആഘോഷപരിപാടികളും ഇവിടെയാണ് നടന്നുവന്നിരുന്നത്. ദേശീയ ദിനത്തിന് ദിവസങ്ങള്‍ക്കുമുന്‍പുതന്നെ ദര്‍ബ് അല്‍സായിയില്‍ പരിപാടികള്‍ തുടങ്ങുമായിരുന്നു. കഴിഞ്ഞവര്‍ഷങ്ങളിലെല്ലാം പത്തു ദിവസങ്ങളിലായി നീണ്ടുനിന്ന പരിപാടികള്‍ വീക്ഷിക്കാന്‍ പതിനായിരങ്ങളാണ് ദര്‍ബ് അല്‍സായിയിലേക്ക് ഒഴുകിയെത്തിയത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പരിപാടികളില്‍ സ്വദേശി പ്രവാസി വ്യത്യാസമില്ലാതെ വലിയ ജനപങ്കാളിത്തം അനുഭവപ്പെട്ടിരുന്നു. ഖത്തറിന്റെ പതാകകളാല്‍ അലങ്കരിച്ച ദര്‍ബ് അല്‍സായി ദേശസ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ വിനോദ വിജ്ഞാന പരിപാടികളാണ് ഇവിടെ സംഘടിപ്പിച്ചുവരാറുള്ളത്. എന്നാല്‍ നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണ ദര്‍ബ് അല്‍സായിയില്‍ പരിപാടികളുണ്ടാകില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഒക്ടോബര്‍ 28) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഒന്‍പതാമത് ശൈത്യകാല കാര്‍ഷിക ചന്തകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍