
ദോഹ: രാജ്യത്തെ എല്ലാ അല്‍മീര ശാഖകളിലും എല്ലാ ഭക്ഷ്യവസ്തുക്കളും മറ്റ് ഉത്പന്നങ്ങളും ആവശ്യത്തിന് ലഭ്യമാണെന്നും വില സ്ഥിരമായി നിലനില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ അവരുടെ ആവശ്യത്തിനനുസരിച്ച് മാത്രം വാങ്ങിയാല്‍ മതിയാകുമെന്നും കമ്പനിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍ജിനിയര്‍ മുഹമ്മദ് അല്‍ബാദര്‍ പറഞ്ഞു.
അടിയന്തിര സാഹചര്യങ്ങളില്‍ ഭക്ഷ്യസുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ എല്ലാ ശാഖകളിലും മുഴുവന്‍ ഭക്ഷ്യവസ്തുക്കളുമുണ്ട്. ഭയത്തിന്റെയോ പരിഭ്രാന്തിയുടെയോ ആവശ്യമില്ല. എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എല്ലാ ഇനങ്ങളും മതിയായ അളവില്‍ ലഭ്യമാണ്. ചിലര്‍ വീടുകളില്‍ സംഭരിക്കുന്നതിനായി വലിയ അളവില്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നത് നീതീകരിക്കാനാവില്ല. റെഡ് മീറ്റ്, മത്സ്യം, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവയെല്ലാം ആവശ്യത്തിന് ലഭ്യമാണ്.കൊറോണ വൈറസിനെ (കോവിഡ് -19) നേരിടാനുള്ള ശ്രമങ്ങളെ ഒന്നിപ്പിക്കുകയാണ് സാമൂഹിക ഉത്തരവാദിത്തം, അല്ലാതെ താമസക്കാര്‍ക്കിടയില്‍ ഭയം പ്രചരിപ്പിക്കരുത്- അല്‍ബാദര്‍ ചൂണ്ടിക്കാട്ടി.
താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പര്യാപ്തമായ ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ കരുതല്‍ വാണിജ്യ വ്യവസായ മന്ത്രാലയവും ഉറപ്പുവരുത്തിയിട്ടുണ്ട്. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഭക്ഷ്യവസ്തുക്കളില്‍ ധാരാളമായി ഉണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്യുന്നു.
കൊറോണ വൈറസിന്റെ(കോവിഡ് 19) വ്യാപനം പരിമിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളുടെ ചട്ടക്കൂടിനുള്ളില്‍ അല്‍മീര ഇക്കാര്യത്തില്‍ നിരവധി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വൈറസ് പടര്‍ന്നുപിടിച്ച ആദ്യ ദിവസം മുതല്‍ അല്‍മീരയുടെ എല്ലാ ശാഖകളിലും ട്രോളികള്‍ ഉള്‍പ്പടെ അണുവിമുക്തമാക്കുന്നുണ്ട്. ജീവനക്കാര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് അവരുടെ താപനിലയും പരിശോധിക്കുന്നുണ്ട്. ജീവനക്കാര്‍ മുന്‍കരുതലായി കയ്യുറകള്‍, മാസ്‌കുകള്‍ ധരിക്കുന്നുണ്ട്.