
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്നു മുതല്‍ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും പെര്‍മിറ്റ് ആവശ്യമില്ലെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ) അറിയിച്ചു. എങ്കിലും കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനം ഈ മേഖലയില്‍ സജീവമായി തുടരും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കു പോകുന്നവര്‍ എല്ലാ സന്ദര്‍ഭങ്ങളിലും ഫെയ്‌സ് മാസ്‌ക്ക് ധരിച്ചിരിക്കണം. കൂടാതെ കോവിഡ് അപകടസാധ്യതാ നിര്‍ണയ ആപ്പായ ഇഹ്തിറാസില്‍ ആരോഗ്യനില പച്ചയായിരിക്കണം. ഇരിപ്പിട ശേഷിയുടെ പകുതിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ ബസ്സുകളില്‍ കയറ്റാന്‍ പാടില്ല. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടം ഇന്നു മുതല്‍ പ്രാബല്യത്തിലാകാനിരിക്കെയാണ് ജിസിഒയുടെ പ്രഖ്യാപനം. മാര്‍ച്ച് മുതല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒന്നു മുതല്‍ 32 വരെ സ്ട്രീറ്റുകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു.
ഇവിടെ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെയായിരുന്നു ലോക്ക്ഡൗണ്‍. ആയിരക്കണക്കിന് പേരെ പരിശോധിക്കുകയും 6500ലധികം പേരെ ക്വാറന്റൈന്‍ സൗകര്യങ്ങളിലേക്ക് മാറ്റുകയും ചെയ്തു. രോഗബാധിതര്‍ക്ക് സൗജന്യവും ഉയര്‍ന്നനിലവാരത്തിലുമുള്ള ആരോഗ്യപരിചരണമാണ് ലഭ്യമാക്കിയത്.
അടച്ചുപൂട്ടലിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിച്ചതിന്റെ വെളിച്ചത്തില്‍ നിയന്ത്രണങ്ങളോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും പ്രവേശനത്തിന് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇന്നു മുതല്‍ പെര്‍മിറ്റ്് ഒഴിവാക്കുമെന്ന് ജിസിഒ അറിയിച്ചു.
അതേസമയം എന്‍ട്രി, എക്‌സിറ്റ് ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ താമസക്കാരുടെയും സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കും. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ വൈറസ് അപ്രത്യക്ഷമായി എന്നല്ല അര്‍ത്ഥമാക്കുന്നതെന്ന് ജിസിഒ ഊന്നിപ്പറഞ്ഞു.
ഖത്തറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളും മുന്‍കരുതലുകള്‍ തുടരുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണമെന്ന് ജിസിഒ വ്യക്തമാക്കി.