in

ക്വാറന്റൈനിലായ ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കില്ല; നഷ്ടടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം

മുഹമ്മദ് ഹസന്‍ അല്‍ഉബൈദലി

ദോഹ: കൊറോണ വൈറസു(കോവിഡ്19)മായി ബന്ധപ്പെട്ട് ക്വാറന്റൈനിലിരിക്കുന്ന പ്രവാസികള്‍ ഉള്‍പ്പടെ ഒരു ജീവനക്കാരന്റേയും വേതനം വെട്ടിക്കുറക്കില്ലെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ഉബൈദലി. എല്ലാ ജീവനക്കാരുടെയും മുഴുവന്‍ വേതനവും മറ്റ് ആനുകൂല്യങ്ങളും ഒരു കുറവുമില്ലാതെ ലഭിക്കും. അതേസമയം കോവിഡ് വൈറസ് പടര്‍ന്നതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം വന്ന കമ്പനികള്‍ ആയാല്‍ പോലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയുണ്ടെന്നും അതിന് പ്രയാസമുള്ള കമ്പനികള്‍ക്ക് ലോണ്‍ നല്‍കാനുനുള്‍പ്പെടെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 300 കോടി റിയാലിന്റെ സഹായം പ്രഖ്യാപിച്ചത്. ബാങ്കുകളെ സമീപിച്ചാല്‍ ലോണ്‍ ലഭിക്കും. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കൊറോണയുണ്ടാക്കിയ പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത് ഖത്തര്‍ തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം. അവരുടെ മുഴുവന്‍ കുടിശ്ശികയും കൊടുത്തുതീര്‍ക്കുകയും നാട്ടിലേക്ക് മടങ്ങാനാവശ്യമായ ടിക്കറ്റ് നല്‍കുകയും വേണം. നാട്ടിലേക്ക് മടങ്ങാന്‍ ലോക് ഡൗണ്‍ തടസ്സമായാല്‍ ഭക്ഷണവും താമസവും മറ്റു സൗകര്യങ്ങളുമൊരുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. അനധികൃത തൊഴിലാളികള്‍ക്കുള്‍പ്പടെ രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് ചികിത്സ സൗജന്യമായി ലഭ്യമാക്കും. കൊറോണ വൈറസ് ബാധിച്ച എല്ലാ വ്യക്തികള്‍ക്കും സൗജന്യ ചികിത്സ നല്‍കുകയെന്നത് ഖത്തറിന്റെ പ്രഖ്യാപിത നയമാണ്. രാജ്യത്തിനു പുറത്തായിരിക്കെ റസിഡന്‍സി പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യത്തേക്ക് മടങ്ങിവരാന്‍ സൗകര്യമുണ്ടായിരിക്കും.
വേതനവുമായി ബന്ധപ്പെട്ടതോ തൊഴില്‍ സംബന്ധമായതോ ആയ എന്തെങ്കിലും പരാതികള്‍ തൊഴിലാളികള്‍ക്ക് ഉണ്ടെങ്കില്‍ 92727 എന്നഹോട്ട്‌ലൈന്‍ നമ്പറില്‍ എസ്എംഎസ് അയക്കാവുന്നതാണ്. 5 എന്ന നമ്പറും തുടര്‍ന്ന് ഖത്തര്‍ ഐഡി നമ്പറുമാണ് എസ്എംഎസ് അയക്കേണ്ടത്. ഐഡി ഇല്ലെങ്കിലോ കാലഹരണപ്പെട്ടാലോ വിസാ നമ്പര്‍ നല്‍കിയാലും മതിയാവും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ നമ്പറില്‍ എല്ലാ ഭാഷകളിലും സേവനം ലഭിക്കും. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്തുന്നതിനാണ് പുതിയ സേവനത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. കൊറോണ വൈറസ് നടപടികളുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് ചോദ്യങ്ങള്‍ക്കും സംശയനിവാരണത്തിനുമായി ഈ നമ്പരിലേക്ക് ബന്ധപ്പെടാം. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മടങ്ങിവരാനാകാത്തതിനെത്തുടര്‍ന്ന് റസിഡന്‍സി പെര്‍മിറ്റിന്റെ കാലാവധി കഴിയുന്നവരുടെ പെര്‍മിറ്റ് പുതുക്കുന്നതിന് ആഭ്യന്തരമന്ത്രാലയവുമായി ഏകോപിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍(ഐഡികള്‍) പുതുക്കുന്നതിന് ഖത്തറിന് പുറത്തുള്ള പ്രവാസികളില്‍ നിന്ന് പിഴയോ ഫീസോ ഈടാക്കില്ല. അവരുടെ റസിഡന്‍സി പെര്‍മിറ്റുകള്‍ സ്വപ്രേരിതമായി പുതുക്കപ്പെടുകയും പ്രതിസന്ധി അവസാനിക്കുമ്പോള്‍ അവര്‍ക്ക് പിഴയൊടുക്കാതെ ഖത്തറിലേക്ക് വരാന്‍ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എന്‍സിസിസിആറിലെ ഔട്ട്‌പേഷ്യന്റ് സേവനം എസിസിയിലേക്ക് മാറ്റി

പ്രധാനമന്ത്രി സാംക്രമിക രോഗ ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ചു