
ദോഹ: മിസഈദ് ആസ്പത്രിയിലെ സാധാരണ ചികിത്സാ സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) കോവിഡ് ആസ്പത്രി ശൃംഖലയുടെ കേന്ദ്രഭാഗമായിരുന്നു മിസഈദ് ആസ്പത്രി. ഇവിടത്തെ അവസാന കോവിഡ് രോഗിയും രോഗമുക്തമായി ഡിസ്ചാര്‍ജ് ചെയ്തതോടെ ആസ്പത്രിയിലെ കോവിഡ് ചികിത്സാസേവനം അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് സാധാരണ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ആസ്പത്രിയില്‍ ലഭ്യമാക്കാനൊരുങ്ങുന്നത്. മിസഈദ് മേഖലയിലെ ജനങ്ങള്‍ക്ക് വലിയതോതില്‍ സഹായവും ആശ്വാസവുമാണ് ആസ്പത്രിയുടെ പതിവ് സേവനങ്ങള്‍. ഉടന്‍തന്നെ പതിവുപ്രവര്ത്തനം തുടങ്ങും. ഏപ്രിലിലാണ് മിസഈദ് ആസ്പത്രിയെ കോവിഡ് ചികിത്സാകേന്ദ്രമാക്കി ഉയര്‍ത്തിയത്. മിതമായതും കഠിനവുമായ ലക്ഷണങ്ങളുള്ളവര്‍ക്ക് ഉന്നതനിലവാരത്തിലുള്ള ചികിത്സയും പരിചരണവുമാണ് ആസ്പത്രിയില്‍ ലഭ്യമാക്കുന്നത്. 6173 കോവിഡ് രോഗികളെയാണ് ഇവിടെ ചികിത്സിച്ചത്. ഖത്തറില്‍ സ്ഥിരീകരിച്ച പുതിയ കോവിഡ് -19 കേസുകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ആസ്പത്രി കിടക്കകളുടെ ആവശ്യം കുറവാണ്. മറ്റ് ആരോഗ്യ ആവശ്യങ്ങള്‍ക്കായി മിസഈദ് ആസ്പത്രി സൗകര്യം ഉടന്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്പത്രി ആക്ടിങ് സിഇഒ മഹ്മൂദ് അല്റെയ്സി പറഞ്ഞു.