
ദോഹ: ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായ ഹുവാര്‍ സ്ട്രീറ്റില്‍ പുതിയ ഇന്റര്‍സെക്ഷനും സര്‍വീസ് റോഡും ഭാഗികമായി തുറന്നു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഇന്റര്സെക്ഷന് തുറന്നതോടെ അല്‍ ഫുറൗസിയ സ്ട്രീറ്റിനോട് ചേര്‍ന്നുള്ള ഹുവാര്‍ സ്ട്രീറ്റിലേക്കും അല്‍ ലുഖ്ത സ്ട്രീറ്റിലേക്കുമുള്ള ഗതാഗതം കൂടുതല്‍ സുഗമമായി. അല്‍ലുഖ്ത ഏരിയയിലേക്കും ഖത്തര്‍ ഫൗണ്ടേഷനിലേക്കും വേഗത്തിലെത്താനും ഇതിലൂടെ സാധിക്കും. ഇന്റര്സെക്ഷനിലേയും സര്‍വീസ് റോഡിലേയും ഒരു വശത്തെ പാത അല്‍ ലുഖ്തയിലേക്കു പ്രവേശനവും പുറത്തുപോകലും ഉറപ്പാക്കും.
മറുവശത്തേത് ഖത്തര്‍ ഫൗണ്ടേഷനിലേക്കുള്ള യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കും. അല്ഫുറൗസിയ, അല്‍ ലുഖ്ത സ്ട്രീറ്റുകളെ ബന്ധപ്പെടുത്തി അല്ഗരാഫയിലേക്കും പോകാനാകും. ഈ മേഖലയിലെ ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്താനും വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കാനും സാധിക്കും. ഇന്റര്‍സെക്ഷനും സര്‍വീസ് റോഡും തുറന്നതോടെ ഖത്തര്‍ ഫൗണ്ടേഷന്റെ ഗേറ്റ് നമ്പര്‍ അഞ്ചിന്റെയും അല്‍ ദിയ്യ സ്ട്രീറ്റിന്റെയും അകത്തേക്കും പുറത്തേക്കുമുള്ള ഗതാഗതം സുഗമമായി. ഖലീഫ അവന്യൂ പദ്ധതിയുടെ 95 ശതമാനം ജോലികളും പൂര്‍ത്തിയായതായി അശഗാല് ഹൈവേ പ്രൊജക്റ്റ് വകുപ്പ് പ്രതിനിധി അബ്ദുല്ല ഖാസിം പറഞ്ഞു. ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാകും. അല്‍ വജ്ബ പാലസ് ഇന്റര്‍ചേഞ്ചില്‍(പടിഞ്ഞാറ്) നിന്ന് കിഴക്ക് ടില്‍റ്റഡ് ഇന്റര്‍ചേഞ്ച് വരെയാണ് ഖലീഫ പദ്ധതി. തെക്ക് അല്‍റയ്യാന്‍ സ്ട്രീറ്റില്‍ അല്‍ഗരാഫ റോഡില്‍നിന്ന് വടക്ക് താനി ബിന്‍ ജാസിം സ്ട്രീറ്റുവരെയും പദ്ധതിയുടെ ഭാഗമാണ്.
പദ്ധതിയുടെ ഭൂരിഭാഗവും ഗതാഗതത്തിനായി തുറന്നു കഴിഞ്ഞു. ദുഖാന് റോഡിനോട് ചേര്‍ന്നുള്ള അല്‍ റയ്യാന്‍ റോഡ്, അല്‍ ഗരാഫ സ്ട്രീറ്റ്, ഹുവാര്‍ സ്ട്രീറ്റ്, അല്‍ ഫുറൗസിയ സ്ട്രീറ്റ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. അല്‍ റയ്യാന്‍, ബനി ഹാജര്‍, അല്‍ഗരാഫ, അല്‍ ലുഖ്ത, ഗരാഫത് അല്‍ റയ്യാന്‍ തുടങ്ങിയ മേഖലകള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം പ്രധാനമായും ലഭിക്കുക. രാജ്യത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകള്‍ക്ക് പ്രയോജനം ലഭിക്കുന്നതും മധ്യ ദോഹയുമായി ബന്ധിപ്പിക്കുന്നതുമായ സുപ്രധാന പദ്ധതിയാണ് ഖലീഫ അവന്യൂ. 2022 ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേക്ക് ഗതഗാതം സുഗമമാക്കാനും പദ്ധതി സഹായകമാണ്. ഖലീഫ അവന്യു പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് അശ്ഗാല്‍ ലക്ഷ്യമിടുന്നത്.
ടില്‍റ്റഡ് ഇന്റര്‍ചേഞ്ച്, ഗരാഫത്ത് അല്‍റയ്യാന്‍ ഇന്റര്‍ചേഞ്ച് എന്നിവയുള്‍പ്പടെ അഞ്ചു പുതിയ ഇന്റര്‍ചേഞ്ചുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. ഓരോ ദിശയിലും നാലു പാതകളുള്ള 11.7 കിലോമീറ്റര്‍ നീളമുള്ള ഇരട്ട കാര്യേജ് വേയാണ് പദ്ധതിയുടെ പ്രധാന ഭാഗം. ഖത്തരി നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഖലീഫ അവന്യു പദ്ധതി നടപ്പാക്കുന്നത്. ഉപരോധത്തെ നേരിടുന്നതില്‍ ഖത്തറിന്റെ വിജയത്തിന്റെ വ്യക്തമായ സൂചനയാണ് ഈ പദ്ധതി.
682 മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, 312,000 ചതുരശ്ര മീറ്റര്‍ ഹരിത പ്രദേശങ്ങള്‍, 780 ലൈറ്റ് പോളുകള്‍, 400 ഓളം സീറ്റുകള്‍, 35 തടിനിര്‍മിത പെര്‍ഗോളകള്‍, 14 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍ പാതകള്‍, കാല്‍നട, സൈക്കിള്‍ യാത്രികര്‍ക്കായി 256 മീറ്റര്‍ പാലം എന്നിവ ഖലീഫ അവന്യുപദ്ധതിയില് ഉള്‍പ്പെടുന്നുണ്ട്.