in

തിമിംഗല സ്രാവുകളുടെ വലിയ ഒത്തുചേരലുകളിലൊന്ന് ഖത്തറില്‍

ദോഹ: തിമിംഗല സ്രാവുകളുടെ ഏറ്റവും വലിയ ഒത്തുചേരലുകളിലൊന്ന് നടക്കുന്നത് ഖത്തറിലാണെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗിലസ്രാവ്. ഇവയുടെ സംരക്ഷണത്തിനും പരിപാലനത്തിനും വലിയ പ്രാധാന്യവും പരിഗണനയുമാണ് ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നല്‍കുന്നത്. ഒട്ടേറെ തിമിംഗല സ്രാവുകളുടെ സാന്നിധ്യം ഖത്തരി സമുദ്രത്തിലുള്ളതായി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തരി സമുദ്രത്തിലെ തിമിംഗല സ്രാവുകളുടെ സാന്നിധ്യം അവിശ്വസനീയമാണെന്നും അവ എല്ലായിടത്തുമുണ്ടെന്നും അല്‍ജസീറയുടെ സ്‌റ്റെഫാനി ദെക്കര്‍ ചൂണ്ടിക്കാട്ടുന്നു. ഖത്തറിലെ തിമിംഗല സ്രാവുകളുടെ സാന്നിധ്യത്തെക്കുറിച്ച് അല്‍ജസീറ തയാറാക്കിയ വീഡിയോ സ്‌റ്റോറിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്‌റ്റെഫാനി ദെക്കര്‍ കടലിന്റെ ആഴങ്ങളിലേക്കിറങ്ങി തിമിംഗല സ്രാവുകളുടെ സാന്നിധ്യവും സവിശേഷതകളും മനസിലാക്കുന്നതും വീഡിയോയിലുണ്ട്. നീന്തല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സ്‌റ്റെഫാനി കടലിന്റെ ആഴങ്ങളിലേക്ക് പോയത്. തിമിംഗല സ്രാവുകള്‍ മനോഹരമാണെന്നും അവര്‍ എടുത്തുപറഞ്ഞു.
ഡ്രോണ്‍ ഉപയോഗിച്ച് തിമിംഗല സ്രാവുകളെ പകര്‍ത്തിയിട്ടുണ്ടെന്നും ഒറ്റഷോട്ടില്‍ 350എണ്ണം ലഭിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയുടെ മേധാവി മുഹമ്മദ് അല്‍ജെയ്ദ പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഡാറ്റാബേസില്‍ 600ലധികം തിമിംഗല സ്രാവുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അതൊരു ലോക റെക്കോര്‍ഡാണെന്നും അല്‍ജെയ്ദ കൂട്ടിച്ചേര്‍ത്തു. ഖത്തരി സമുദ്രത്തിലെ ഈ തിമംഗല സ്രാവുകളെ കാണുന്നിന് പൊതുജനങ്ങള്‍ക്ക് നിലവില്‍ അനുമതിയില്ല. എന്നാല്‍ അനുമതി നല്‍കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. 2010 മുതല്‍ തിമിംഗല സ്രാവിന്റെ ജനസംഖ്യയെക്കുറിച്ച് അറിയാന്‍ ഗവേഷണം നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഗവേഷണം നിര്‍ത്തിവെച്ചിരിക്കുന്നു. എന്നാല്‍ ഗവേഷണം തുടരാനും കാര്യങ്ങള്‍ മുന്നോട്ടുനീക്കാനും പ്രാദേശിക ടീമുകള്‍ താല്‍പര്യപ്പെടുന്നുണ്ട്.
ഈ പ്രദേശത്തിന്റെ പ്രധാനകാര്യമെന്നത് താപനിലയാണ്. ഈ മേഖലയില്‍ താപനില ഏകദേശം 27നും 28 ഡിഗ്രി സെല്‍ഷ്യല്‍സിനുമിടയിലാണ്. മത്സ്യങ്ങളെ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ താപനിലയാണിത്. ഇവിടെനിന്നും അഞ്ചു മുതല്‍ ആറു കിലോമീറ്റര്‍വരെ അകലേക്കുപോയാല്‍ ജലത്തിന്റെ താപനില 32 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയാണ്.
ശരാശരി 32 ഡിഗ്രി സെല്‍ഷ്യല്‍സാണ്. മത്സ്യങ്ങള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായ താപനിലയില്‍ അവ പ്രജനനം നടത്തുകയോ മുട്ടയിടുകയോ ചെയ്യുമ്പോള്‍ അവ ഭക്ഷിക്കാനായാണ് തിമിംഗല സ്രാവ് എത്തുന്നത്. പ്രത്യേകിച്ചും കാവിയര്‍ എന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ മത്സ്യമുട്ടക്കായാണ് അവ ഇവിടേക്ക് എത്തുന്നതെന്ന് മുഹമ്മദ് അല്‍ജെയ്ദ ചൂണ്ടിക്കാട്ടി. സ്രാവ് കുടുംബത്തിന്റെ ഭാഗമായ ഇവ വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള മത്സ്യ മുട്ട ഉള്‍പ്പടെയുള്ളവയെ ഗില്‍ റാക്കറുകള്‍ ഉപയോഗിച്ച് അരിച്ചെടുത്താണ് ഇവ ആഹാരം സമ്പാദിക്കുന്നത്.
വംശനാശ ഭീഷനി നേരിടുന്നവയായാണ് ഇവയെ കണക്കാക്കിയിരിക്കുന്നത്. ഖത്തരി സമുദ്രത്തിലെ ഇവയുടെ സാന്നിധ്യത്തെ കേവലം വിസ്മയമെന്നു മാത്രം അടയാളപ്പെടുത്താനാകില്ല. നിങ്ങള്‍ കാണാത്ത ചിലതാണ് ഇവിടെയുള്ളത്- അല്‍ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിമിംഗല സ്രാവുകളുടെ സാന്നിധ്യമേറെയുള്ളത് അല്‍ഷഹീന്‍ എണ്ണപ്പാടങ്ങളില്‍

ആര്‍ റിന്‍സ്
ദോഹ

ഖത്തറില്‍ തിമിംഗല സ്രാവുകളുടെ സാന്നിധ്യമേറെയുള്ളത് അല്‍ഷഹീന്‍ എണ്ണപ്പാടങ്ങളിലാണെന്ന് ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ എണ്ണപ്പാടങ്ങളില്‍ കാണപ്പെടുന്ന തിമിംഗലസ്രാവുകളുടെ കൃത്യമായ എണ്ണം തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. തിമിംഗലസ്രാവുകള്‍ എത്രയുണ്ടെന്നറിയാന്‍ ഹെലികോപ്ടര്‍ മാര്‍ഗത്തില്‍ അല്‍ ഷഹീന്‍ എണ്ണപ്പാടത്തിന്റെ ഏരിയല്‍ ഫോട്ടോയെടുക്കുന്നുണ്ട്. ലോകത്തുതന്നെ ഏറ്റവുമധികം തിമിംഗല സ്രാവുകള്‍ ഉള്ള മേഖലയായി ഖത്തറിലെ അല്‍ ഷഹീന്‍ എണ്ണപ്പാടതീരം മാറിയിട്ടുണ്ട്. മെയ് മുതല്‍ സെപ്തംബര്‍ വരെ വേനല്‍ക്കാല സീസണിലാണ് അല്‍ ഷഹീന്‍ എണ്ണപ്പാടത്ത് കൂടുതല്‍ തിമിംഗലസ്രാവുകള്‍ എത്താറുള്ളത്. ഖത്തറില്‍ ട്യൂണയാണ് ഇവയുടെ പ്രധാന ഭക്ഷണമെന്ന്് ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ട്യൂണ മത്സ്യം ഭക്ഷിക്കുന്നതിനായാണ് ഇവ കൂടുതലായെത്തുന്നത്. മാത്രമല്ല. ഇന്‍ഡസ്ട്രിയല്‍ കോറല്‍ റീഫുകളു(വ്യാവസായിക പവിഴപ്പുറ്റുകള്‍)ടെ സാന്നിധ്യവും തിമിംഗല സ്രാവുകളെ ആകര്‍ഷിക്കുന്നു. അല്‍ ശഹീന്‍ എണ്ണപ്പാടങ്ങളില്‍ 60മീറ്റര്‍ മുതല്‍ 70മീറ്റര്‍ വരെ താഴ്ചയുള്ള ഭാഗങ്ങളുണ്ട്. തിമിംഗലസ്രാവുകള്‍ക്ക് ഏറ്റവും അനുയോജ്യമായ പരിതസ്ഥിതിയാണ് ഇവിടെയുള്ളത്. മേയ്, സെപ്തംബര്‍ മാസങ്ങളില്‍ ഇവിടത്തെ കാലാവസ്ഥ തിമിംഗലസ്രാവുകള്‍ക്ക് തികച്ചും യോജിക്കും. ഈ സമയങ്ങളില്‍ ഇവിടത്തെ ഉപരിതല താപനില 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യല്‍സും സമുദ്രാന്തര്‍ഭാഗത്തെ താപനില 20 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യല്‍സുമായിരിക്കും. ശൈത്യകാലത്ത് ഇവയെ കാണാറില്ലെന്ന് ഗവേഷണ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിന് ഖത്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അല്‍ഷഹീന്‍ തീരങ്ങള്‍ക്കുപുറമെ അല്‍റുവൈസിലും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. തിമിംഗല സ്രാവുകളെ കണ്ടെത്തുന്നതിനായി അല്‍ റുവൈസ് തുറമുഖം മുതല്‍ അല്‍ ഷഹീന്‍ എണ്ണപ്പാടം വരെയുള്ള ഭാഗങ്ങളില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയം നിരവധിതവണ ബോട്ട് സര്‍വേകള്‍ നടത്തിയിരുന്നു. ഖത്തറിലെ ഏറ്റവും വലിയ ഓഫ്‌ഷോര്‍ എണ്ണപ്പാടമാണ് അല്‍ ഷഹീന്‍. ഗവേഷകസംഘം ഇവിടെനിന്നും മീന്‍മുട്ടകള്‍ ശേഖരിച്ച് വളരെ വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ ബയോടെക് ലബോറട്ടറികളിലും യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയുമായി സഹകരിച്ച് നടത്തിയ ഡിഎന്‍എ പരിശോധനകളിലും പ്രത്യേകയിനം ട്യൂണയുടെ മുട്ടകളാണെന്ന് വ്യക്തമായി. ഖത്തറില്‍ ട്യൂണയാണ് ഇവയുടെ പ്രധാന ഭക്ഷണമെന്ന്് ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചാരയോ നീലയോ പച്ച കലര്‍ന്ന തവിട്ടുനിറത്തില്‍ നേര്‍ത്ത മഞ്ഞയോ വെള്ളയോ ആയ നിരവധി പുള്ളികള്‍ ഇവയുടെ ശരീരത്തിലുണ്ടാകും. ചെറിയ വായും വലിപ്പമേറിയ മേല്‍ചുണ്ടുമാണ് ഇവയുടെ പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് സ്രാവിന്റെ തല. ആഴക്കടലിലും പവിഴപ്പുറ്റുകള്‍ക്കിടയിലും ഇവയെ കാണുന്നു. വളരെയധികം ദൂരം സഞ്ചരിക്കുന്ന ഇനമാണ് തിമിംഗിലസ്രാവുകള്‍. ആണ്‍സ്രാവിനു 800 സെന്റീമീറ്ററും പെണ്‍സ്രാവിനു 1700 മുതല്‍ 2100 സെന്റീമീറ്ററും നീളമുണ്ടാകും. 30 ടണ്ണാണ് ശരാശരി ഭാരം. ഒറ്റപ്രസവത്തില്‍ 300 കുഞ്ഞുങ്ങള്‍ വരെ ജനിക്കും. മത്സ്യമുട്ടകള്‍ക്കു പുറമെ ചെറുമത്സ്യങ്ങള്‍, മത്സ്യക്കുഞ്ഞുങ്ങള്‍, പ്ലാങ്കണുകള്‍ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ഇര തേടുന്ന സ്ഥലങ്ങള്‍ ഇവ സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്വഭാവക്കാരാണ്. മെഡിറ്ററേനിയന്‍ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം ഉണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഒക്ടോബര്‍ 17) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

കാരവാനുകള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍
പാലിക്കണമെന്ന് നിര്‍ദേശം