
ദോഹ: ബന്ധുവിന്റെ ചതിയില്‍പ്പെട്ട് മധുവിധു യാത്ര ജയിലിലേക്കെത്തിയ ഗര്‍ഭിണിയുടേയും ഭര്‍ത്താവിന്റേയും കേസ് ഖത്തര്‍ സുപ്രിം കോടതി പരിഗണനയ്ക്കെടുക്കുന്നു. ഖത്തറിലേക്ക് മധുവിധു യാത്ര വാഗ്ദാനം ചെയ്ത ബന്ധു ദമ്പതികള്വശം മയക്കുമരുന്നു കടത്തിയതോടെയാണ് ഇരുവരും പിടിയിലായത്. പിന്നീട് മുംബൈ പൊലീസ് ബന്ധു സ്ത്രീയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതോടെ ദമ്പതികള്‍ നിരപരാധികളാണെന്നും ചതിക്കപ്പെട്ടതാണെന്നും ഖത്തര്‍ സുപ്രിം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് വീണ്ടും പരിഗണനയ്ക്കെടുക്കുന്നത്.
മുംബൈയില്‍ നിന്നും 2019 ജുലൈ ആറിന് ഖത്തറിലേക്ക് പറന്ന ഗര്‍ഭിണിയായ ഒനിബ കൗസറും ഭര്‍ത്താവ് ഷരീക്കുമാണ് നീതി കാത്തു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. ഒന്നേകാല്‍ വര്‍ഷമായി ഖത്തര്‍ ജയിലില്‍ കഴിയുന്ന ഒനീബ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
കേസില്‍ പബ്ലിക്ക് പ്രോസിക്യൂഷന് പുനരന്വേഷണം നടത്തിയതായി ദമ്പതികളുടെ കേസ് കൈകാര്യം ചെയ്യുന്ന അഡ്വ. നിസാര്‍ കോച്ചേരി അറിയിച്ചു. നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായും ഖത്തര്‍ സര്‍ക്കാരുമായും ഇടപെട്ടതോടെ കേസ് ഊര്‍ജിതമായിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും കേസില്‍ ഗൗരവമായി ഇടപെടല്‍ നടത്തുന്നുണ്ട്.
യഥാര്‍ഥ പ്രതികള്‍ക്ക് ഇന്ത്യ ശിക്ഷ വിധിക്കുന്നതോടെ മാത്രമേ ദമ്പതികളുടെ നിരപരാധിത്വം ഖത്തര്‍ സുപ്രിം കോടതിക്ക് ബോധ്യമാകുകയും മോചനം സാധ്യമാകുകയും ചെയ്യുകയുള്ളു.
നവദമ്പതികള്‍ക്ക് ഖത്തറിലേക്ക് മധുവിധു യാത്ര വാഗ്ദാനം ചെയ്ത് അവരെ അയച്ച ബന്ധുവായ തബസ്സും സഹായി നിസാം എന്നിവര്‍ മുംബൈയില്‍ പതിമൂന്നു ഗ്രാം കൊക്കയ്നുമായി പിടിയിലായതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഒനീബയുടെ വശം നാലു കിലോഗ്രാം ഹാഷിഷ് കൊടുത്തയച്ചത് താനാണെന്ന് തബസ്സും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തബസ്സുമും നിസാമും ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്തുന്ന വന്‍ സംഘത്തിലെ കണ്ണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദ് ഷെറീഖും ഒനിബയും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ഖത്തര്‍ കോടതി ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും മൂന്നു ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്.