in ,

ഓണ്‍ലൈന്‍ കോടതി വിചാരണ നടപടികള്‍ വിജയകരം

ദോഹ: വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന വീഡിയോ സംവിധാനത്തിലൂടെയുള്ള വിചാരണാ നടപടികള്‍ വിജയകരമാണെന്ന് ആഭ്യന്തരമന്ത്രാലയം. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം ചെറുക്കുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് കേസുകളുടെ വിചാരണ വിദൂരാടിസ്ഥാനത്തിലാക്കിയത്. വിചാരണാ നടപടികള്‍ വിജയകരമായി പുരോഗമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിഷ്വല്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിലൂടെ വിദൂരവിചാരണ കഴിഞ്ഞദിവസം ലുസൈലിലെ അപ്പീല്‍കോടതിയില്‍ നടത്തി. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സംയുക്ത പരിശ്രമത്തിന്റെ ഫലമായാണ് വിദൂരാടിസ്ഥാനത്തിലുള്ള വിചാരണാ സംവിധാനം നടപ്പാക്കിയതെന്ന് അപ്പീല്‍ കോടതി വൈസ് പ്രസിഡന്റ് ജഡ്ജ് അലി ബിന്‍ ഖമീസ് അല്‍സുലൈത്തി പറഞ്ഞു.
സാമൂഹിക അകല മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കേസുകളുടെ വിചാരണാ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇതിലൂടെ സാധിക്കും. ഈ സംവിധാനത്തിന്റെ ഭാഗമായി പ്രതി തടങ്കല്‍ കേന്ദ്രത്തില്‍ കഴിയവെ തന്നെ കോടതി ആസ്ഥാനത്ത് വിചാരണാനടപടികള്‍ തുടരാന്‍ കഴിയുന്നുണ്ട്. പതിവ് വിചാരണയിലെന്നപോലെ തടവുകാര്‍ക്ക് നിയമപരമായ എല്ലാ പരിരക്ഷയും ലഭിക്കുമെന്നും അല്‍സുലൈത്തി വിശദീകരിച്ചു. വിദൂരാടിസ്ഥാനത്തിലുള്ള വിചാരണ വിജയകരമായ നടപടിയാണെന്ന് ഫസ്റ്റ്് പ്രോസിക്യൂട്ടര്‍ അബ്ദുല്‍റഹ്മാന്‍ അല്‍മുഹന്നദി പറഞ്ഞു. സമയവും അധ്വാനവും വളരെയധികം ലാഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള എല്ലാ സുരക്ഷാ ആവശ്യകതകളും നിറവേറ്റിക്കൊണ്ടാണ് വിചാരണ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷനിലും പുതിയ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിമുറിയില്‍ ഹാജരാകേണ്ടതില്ല.. ഓഫീസിലിരുന്നുകൊണ്ട് വിചാരണയില്‍ പങ്കെടുക്കാം. പബ്ലിക് പ്രോസിക്യൂട്ടറും കോടതിയും പ്രതിയും തമ്മിലുള്ള ആശയവിനിമയം വീഡിയോ സംവിധാനത്തിലൂടെയായിരിക്കും. വിഷ്വല്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിലൂടെ കേസുകള്‍ വിജയകരമായി കേള്‍ക്കുന്നത് പ്രശംസനീയമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ നിയമ നിര്‍വ്വഹണ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹമ്മദ് അല്‍ഖയാറീന്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

തൈറോയ്ഡ് അര്‍ബുദം: ബോധവല്‍ക്കരണവുമായി ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി

പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വിലപരിധി നിശ്ചയിച്ചത് നീട്ടി