
ദോഹ: പ്രേക്ഷകമനം കവര്‍ന്ന ‘നക്ഷത്രങ്ങള്‍ കരയാറില്ല’ ഡോക്യൂ ഡ്രാമ ബലിപെരുന്നാള്‍ ദിനത്തില്‍ വീണ്ടും ഓണ്‍ലൈനായി അവതരിപ്പിച്ച് തനിമ ഖത്തറും യൂത്ത് ഫോറവും. പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്തു കൊണ്ട് അതിജയിച്ച് മാനവരാശിക്ക് സമത്വത്തിന്റെയും വിമോചനത്തിന്റെയും വിസ്മയ ചരിത്രം നല്കിയ ബിലാല്‍ ഇബ്നു റബ്ബാഹിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയതായിരുന്നു ‘നക്ഷത്രങ്ങള്‍ കരയാറില്ല’ എന്ന ഡോക്യൂഡ്രാമ. ബലിപെരുന്നാള്‍ ദിനത്തില്‍ വൈകീട്ട് 7 മണിക്ക് യൂത്ത് ഫോറത്തിന്റെയും തനിമയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ലൈവ് ആയി പരിപാടി കാണാനാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഉസ്മാന് മാരാത്ത് രചനയും രംഗ ഭാഷ്യവുമൊരുക്കിയ ‘നക്ഷത്രങ്ങള്‍ കരയാറില്ല’ ഡോക്യൂഡ്രാമ 2012 മെയ് മാസത്തിലാണ് ആദ്യമായി അരങ്ങിലെത്തിയത്. അറേബ്യന്‍ അടിമത്തത്തിന്റെ കഥയില്‍ തുടങ്ങി പ്രവാചകന്റെ നിയോഗവും, അടിമത്തത്തിനെതിരില്‍ ഇസ്ലാമിന്റെ ആദര്‍ശപോരാട്ടം വിജയം വരിക്കുമ്പോള്‍ കറുത്ത അടിമയായിരുന്ന ബിലാല്‍ തന്നെ അതിന്റെ വിജയപ്രഖ്യാപനം നടത്തുന്ന ചരിത്രത്തിന്റെ കാവ്യനീതിയും അവസാനം പ്രവാചകന്റെ വിയോഗം അനുചരരില്‍ തീര്‍ത്ത ദുഃഖവും ഇതില്‍ മനോഹരമായി അവതരിപ്പിക്കപ്പെട്ടു.

മൂന്നു സ്റ്റേജുകളിലായി അറേബ്യന്‍ പാരമ്പര്യത്തിന്റെയും ഒരു സമൂഹത്തിന്റെ അതിജീവനത്തിന്റെയും രംഗങ്ങള്‍ പകര്‍ത്തിയപ്പോള്‍, ദോഹയിലെ അന്‍പതോളം പ്രവാസി മലയാളി കലാകാരന്മാരാണ് അരങ്ങിലെത്തി അവക്കു ജീവന് പകര്‍ന്നത്. കൂടാതെ അണിയറയില്‍ നാടക സംഗീത സിനിമ പ്രവര്‍ത്തകരും ഈ അവതരണത്തിന് മിഴിവേകാന്‍ ഒത്തു ചേര്‍ന്നു.
ജമീല്‍ അഹമ്മദ്, പി ടി അബ്ദു റഹ്മാന്, കാനേഷ് പൂനൂര്, ഖാലിദ് കല്ലൂര്‍ എന്നിവരുടെ വരികള്‍ക്ക് ഷിബിലി, അമീന് യാസിര്‍, അന്‍ഷദ് എന്നിവര്‍ സംഗീതം നല്കി. പ്രമുഖ ഗായകരായ അന്‍വര്‍ സാദാത്ത്, അരുണ്‍ കുമാര്‍, അന്‍ഷദ്, നിസ്താര്‍ ഗുരുവായൂര്‍ എന്നിവര്‍ ആലപിച്ച ഡോക്യൂ ഡ്രാമയിലെ ഒന്‍പതോളം ഗാനങ്ങള്‍ ദൃശ്യങ്ങള്‍ക്ക് പുതു ജീവന് നല്കി. സിംഫണി ദോഹ നിര്‍വഹിച്ച ശബ്ദവും വെളിച്ചവും നാടകത്തിന്റെ മാറ്റു കൂട്ടുന്നതില്‍ വലിയ പങ്കു വഹിച്ചു. അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മൈതാനിയില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രേക്ഷകരുടെ മനം നിറച്ചാണ് ഒരു കാലഘട്ടത്തിന്റെ കഥപറഞ്ഞ നാടകത്തിനു തിരശീലഃ വീണത്.
ഒരിക്കല്‍ക്കൂടി കാണുവാന്‍ പ്രേക്ഷകര്‍ കൊതിരിച്ചിരുന്ന ഡോക്യൂഡ്രാമയുടെ ആദ്യത്തെ രംഗദൃശ്യങ്ങളോടൊപ്പം പുതിയ വിഷ്വലുകള്‍ കൂടി ഒരുക്കി കൊണ്ടാണ് ഇത്തവണ ഓണ്‍ലൈനിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. പെരുന്നാള്‍ ദിനത്തില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം നല്കാനാവുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.