ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് ബുക്കിങിനായി
https://getappointment.iccqatar.com/ ഈ ലിങ്ക് സന്ദര്‍ശിക്കുക.

ദോഹ: ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് സംവിധാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍.
എംബസിയുടെ അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐസിസി) സേവനങ്ങള്‍ ലഭ്യമാകും. മുന്‍കൂട്ടി അനുമതി തേടുന്ന പരിമിതമായ എണ്ണം ആളുകള്‍ക്ക് മാത്രമേ ഐസിസിയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിക്കുകയുള്ളു. അപ്പോയിന്മെന്റിനായി ഇന്നു മുതല്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം പ്രാബല്യത്തിലാകും. ഇന്നു മുതല്‍ ടെലിഫോണ്‍ അപ്പോയിന്മെന്റ് ബുക്കിങ് സേവനം ലഭ്യമായിരിക്കില്ല. ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് ബുക്കിങിനായി
https://getappointment.iccqatar.com/ ഈ ലിങ്ക് സന്ദര്‍ശിക്കുക. കാലഹരണപ്പെട്ടതോ രണ്ടു മാസത്തിനുള്ളില്‍ കാലഹരണപ്പെടുന്നതോ ആയ പാസ്പോര്ട്ടുകള്, നവജാത ശിശുക്കള്‍ക്കായുള്ള ഫ്രഷ് പാസ്പോര്ട്ടുകള് എന്നിവക്കായുള്ള അപേക്ഷകള്‍ മാത്രമെ സ്വീകരിക്കുകയുള്ളു. ശ്രദ്ധേയമായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമെ മറ്റു അപേക്ഷകള്‍ പരിഗണിക്കു.
കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ മറ്റു കോണ്‍സുലര്‍ സേവനങ്ങളൊന്നും നടത്തുകയില്ല. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി അപേക്ഷകനെ മാത്രമേ ഐസിസി പരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കൂ. പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തിലല്ലാതെ അപേക്ഷകനോടൊപ്പം മറ്റാരെയും അനുവദിക്കില്ല. കുട്ടികളുടെ കാര്യത്തില്‍ നിയമപരമായ രക്ഷാധികാരിക്ക് ഒപ്പം വരാം. പാസ്പോര്ട്ടുകള് ശേഖരിക്കുന്നതിനുള്ള സമയം ശനിയാഴ്ച മുതല്‍ വ്യാഴം വരെ വൈകുന്നേരം നാലു മുതല്‍ ആറു വരെയാണ്. ശേഖരണത്തിന്, നേരത്തെയുള്ള അപ്പോയിന്മെന്റിന്റെ ആവശ്യമില്ല. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്കിയ യഥാര്‍ത്ഥ രസീത് ഒപ്പം കൊണ്ടുവരണം.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്, ഇഹ്തിറാസ് ആപ്പ് ഇല്ലാത്ത അപേക്ഷകരെ ഐസിസി പരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ല.
പ്രവേശിക്കുന്നതിന് മുമ്പ് ആപ്പിലെ പച്ചനിറം പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അബുഹമൂറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററുമായി ബന്ധപ്പെടണം.