in

കോവിഡ് രോഗിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ വിജയകരമായി നടത്തി

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) ഹാര്‍ട്ട് ആസ്പത്രി കോവിഡ് രോഗിയില്‍ ജീവന്‍ രക്ഷാ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ വിജയകരമായി നടത്തി. 43 കാരനായ പ്രവാസിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്.
ഈ ആഴ്ച ആദ്യത്തിലായിരുന്നു ശസ്ത്രക്രിയ ആസ്പത്രിയിലെ കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം ചെയര്‍മാന്‍ ഡോ. അബ്ദുല്‍അസീസ് അല്‍ഖുലൈഫിയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഈ രോഗിയുടെ കാര്യത്തില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ഒരാഴ്ചയോളം അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായിരുന്നു.
ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ കാണാന്‍ എക്‌സ്-റേ ഇമേജിംഗ് ഉപയോഗിക്കുന്ന നടപടിക്രമമായ കൊറോണറി ആന്‍ജിയോഗ്രാം ക്രമീകരിച്ചു. അതിനാല്‍ ഹൃദയത്തിലേക്ക് രക്തപ്രവാഹത്തിനു നിയന്ത്രണമുണ്ടോയെന്ന് നിര്‍ണയിക്കാനാകും. സ്റ്റാന്റേഡ് പരിചരണ നടപടിക്രമങ്ങളുടെ ഭാഗമായി രോഗിയെ കോവിഡ് പരിശോധനക്കും വിധേയനാക്കി. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ത്രീ വെസ്സല്‍ ഡിസീസ്(3വിഡി) കണ്ടെത്തി.
കൊറോണറി ആതറോസ്്ക്ലറോസിസിന്റെ(രക്തധമനികള്‍ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) ഏറ്റവും കഠിനമായ രൂപമാണ് 3വിഡി. മൂന്നു വലിയ വെസ്സലുകളിലുണ്ടാകുന്ന തടസ്സങ്ങളാണ് 3വിഡി. രോഗിക്ക് ഏറ്റവും മികച്ച ചികിത്സാരീതി ആസൂത്രണം ചെയ്യുന്നതിനായി വിദഗ്ദ്ധരായ ഡോക്ടര്‍മാരടങ്ങിയ സംഘവുമായി വിര്‍ച്വല്‍ യോഗം നടത്തിയിരുന്നു. സമയബന്ധിതമായ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ്യയാണ് ഈ രോഗിക്ക് ഏറ്റവും നല്ലതെന്ന നിഗമനമാണുണ്ടായത്.
രോഗിയെ ശസ്ത്രക്രിയക്കായി സജ്ജമാക്കി. ശസ്ത്രക്രിയയ്ക്കിടെയും തുടര്‍ന്നുള്ള പരിചരണത്തിലും വീണ്ടെടുക്കലിലും കോവിഡ് വ്യാപന സാധ്യത കുറക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും നിലവിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകളെയും വിഭാഗങ്ങളെയും കോവിഡ് രോഗനിര്‍ണയത്തെക്കുറിച്ച് അറിയിച്ചു.
തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. രോഗി ഇപ്പോള്‍ ഐസൊലേഷനില്‍ സുഖംപ്രാപിച്ചുവരികയാണെന്ന് ഡോ.അല്‍ഖുലൈഫി പറഞ്ഞു. ഡോ.ഷാദി അഷ്‌റഫ്, ഡോ. ഹഫീസ് ലോണ്‍, ഡോ. ബാസ്സം ഷൗമന്‍, ഡോ. സുരാജ് സുദര്‍ശനന്‍, റാമി അഹമ്മദ്, അബീര്‍ മഹ്മൂദ്, ഖദീജ മുഹമ്മദ്, ഷിജി വര്‍ഗീസ്, സുജാത ഷെത്ര, ജൂലി പോള്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയക്കും തുടര്‍ന്നുള്ള പരിചരണത്തിനും ചുക്കാന്‍ പിടിച്ചത്. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ അനുഭവിക്കുകയും കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണം ആസ്പത്രിയില്‍ പോകാന്‍ വൈകുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഒരു മുന്നറിയിപ്പു കൂടിയാണ് 43കാരനായ ഇദ്ദേഹത്തിന്റെ അനുഭവമെന്ന് ഡോ.അല്‍ഖുലൈഫി പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ ഹൃദ്രോഗത്തിനുള്ള ചികിത്സ അപൂര്‍വമായി മാത്രമേ വൈകുകയുള്ളൂവെന്നും രോഗികളെ സംരക്ഷിക്കുന്നതിനും കോവിഡ് ബാധിക്കാനുള്ള സാധ്യത കുറക്കുന്നതിനും ഹാര്‍ട്ട് ആസ്പത്രിയില്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശ്വാസതടസ്സം ഹൃദയാഘാതത്തിന്റെയും കോവിഡിന്റെയും ലക്ഷണമാകാം.
ഹൃദയസംബന്ധമായ രോഗികള്‍ വൈറസ് ബാധയാണെന്ന് കരുതി ആസ്പത്രിയില്‍ പോകാതെ സ്വയം ഒറ്റപ്പെടലില്‍ കഴിയുന്നത് അപകടകരമാണ്. പ്രത്യേകിച്ചും അവര്‍ക്ക് ഹൃദയാഘാതമുണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും ഡോ.അല്‍ഖുലൈഫി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബാബുല്‍ ബഹ്‌റൈന്‍ പോലീസ് ക്യാപ്റ്റന്‍ കെ.എം.സി.സി ഓഫീസ് സന്ദര്‍ശിച്ചു

ഉപരോധത്തിനുശേഷം തുടങ്ങിയത് 47,000 കമ്പനികള്‍, 293 ഫാക്ടറികള്‍