
ദോഹ: ശൈത്യകാല ക്യാമ്പിങ് സീസണിനോടനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വാര്‍ഷിക ക്ലിനിക്ക് സീലൈനില്‍ ഇന്ന് തുറക്കും.
സീലൈന്‍, ഖോര്‍ അല്‍ ഉദൈദ് എന്നീ മേഖലകളിലെ ജനങ്ങളുടെ ആരോഗ്യപരിചരണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിലൂടെ സാധിക്കും. തുടര്‍ച്ചയായ 11-ാം വര്‍ഷമാണ് എച്ച്എംസി ക്ലിനിക്ക് തുറക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മുതല്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചുവരെയായിരിക്കും ക്ലിനിക്ക് തുറന്നുപ്രവര്‍ത്തിക്കുക. ക്യാമ്പിങ് സീസണിലുടനീളം ഇതേനിലയില്‍ പ്രവര്‍ത്തിക്കും. അടുത്തവര്‍ഷം മാര്‍ച്ച് അവസാനം വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. സീലൈന്‍ ബീച്ചിന് അഭിമുഖമായിട്ടായിരിക്കും ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ബീച്ചിനും റിസോര്‍ട്ടിനും പള്ളിക്കും ഷോപ്പിങ് ഏരിയക്കും മറ്റു സേവനങ്ങള്‍ക്കും സമീപത്തായാണ് ക്ലിനിക്ക്. ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്‍പ്പടെ ഏറ്റവും മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനുമായാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതെന്നും എച്ച്എംസി ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫീസറും സീലൈന്‍ ഹമദ് മെഡിക്കല്‍ ക്ലിനിക്ക് പ്രൊജക്റ്റ് മാനേജറുമായ അലി അബ്്ദുല്ല അല്‍ഖാതിര്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലാണ് ഇത്തവണ സീസണ്‍ എന്നതിനാല്‍ എല്ലാവരും മുന്‍കരുതല്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍, പതിവായി കൈകഴുകല്‍ എന്നിവ പാലിക്കണം.
സുരക്ഷാ മുന്‍കരുതലും സ്വീകരിക്കണം. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും ക്ലിനിക്കില്‍ സജ്ജമാക്കും. ചെറിയ പരുക്കുകളും അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിന് പര്യാപ്തമായ സൗകര്യങ്ങള്‍ ഒരുക്കും. ഗുരുതര സാഹചര്യത്തിലോ ഗൗരവതരമായ അപകടങ്ങളോ ഉണ്ടായാല്‍ രോഗിയെ ആസ്പത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സിന്റെയും ലൈഫ്‌ഫൈറ്റ് ഹെലികോപ്ടറുകളുടെയും സേവനവും ഉറപ്പാക്കും. ക്ലിനിക്കിന്റെ സമീപത്തായി പ്രത്യേക ഹെലിപാഡ് തയാറാക്കും. അപകടങ്ങളിലും മറ്റും ഗുരുതരമായ പരിക്കേല്‍ക്കുകയോ മറ്റോ ചെയ്താല്‍ ലൈഫ് ഫൈറ്റ് ഹെലികോപ്റ്ററുകളുടെ സേവനം ലഭ്യമാക്കും. എല്ലാ അസുഖങ്ങളും അടിയന്തര കേസുകളും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ക്ലിനിക്കിലുണ്ടായിരിക്കും. മെഡിക്കല്‍ ഓഫീസറുടെ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലും ഡോക്ടര്‍, നഴ്‌സ് എന്നിവരുടെ സേവനമുണ്ടായിരിക്കും. ആഴ്ചയില്‍ എല്ലാദിവസവും 24 മണിക്കൂറും ആംബുലന്‍സ് സര്‍വീസ് സേവനം ഉറപ്പാക്കും.
സ്റ്റാന്റേഡ് റെസ്‌പോണ്‍സ് വാഹനങ്ങളെയും 4-4 വാഹനങ്ങളെയും വിന്യസിക്കും. മണല്‍ പൊടിപ്രദേശങ്ങളില്‍നിന്നും രോഗികളെ ക്ലിനിക്കിലേക്കോ ആംബുലന്‍സിലേക്കോ ഹെലിപാഡിലേക്കോ എത്തിക്കുന്നതിന് ഇവയുടെ സേവനം ഉറപ്പാക്കും.