
ദോഹ: റമദാനോടനുബന്ധിച്ച് ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി 500ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റമദാന് അവസാനിക്കുന്നതുവരെ വിലക്കുറവ് പ്രാബല്യത്തിലുണ്ടാകും. റമദാനോടനുബന്ധിച്ച് മുന്വര്ഷങ്ങളുടേതിന് തുടര്‍ച്ചയായാണ് വിലനിയന്ത്രണം. ഇന്നലെ മുതല്‍ തീരുമാനം പ്രാബല്യത്തിലായിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുമേല്‍ അധികഭാരം ചുമത്താതെ താങ്ങാന്‍ കഴിയുന്ന വിധത്തില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് വിലനിയന്ത്രണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ് ഈ തീരുമാനം. ഖത്തറിലെ വലിയ ഔട്ട്ലെറ്റുകള് മുതല്‍ ചില്ലറ വില്പനശാലകളില് വരെ വിലക്കുറവ് ലഭ്യമാകും. റമദാനില്‍ ഉപഭോഗവും ആവശ്യകതയും വര്‍ധിക്കുന്ന ഉത്പന്നങ്ങളെയെല്ലാം വിലക്കുറവിന്റെ ഉത്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളായ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് പ്രധാന ഷോപ്പിംഗ് മാളുകളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്.
ആട്ട, മൈദ, പഞ്ചസാര, അരി, പാസ്ത, പാചക എണ്ണകള്‍, പാല്, തൈര് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം വിലക്കുറവ് ലഭ്യമാണ്. വിവിധ ഫ്രൂട്ട് ജാമുകള്‍, തേന്‍, പനീര്‍, ഹോട്ട് സോസുകള്‍, കസ്റ്റാര്‍ഡ് പൗഡറുകള്‍, സ്ട്രോബറി ജല്ലികള്‍, പൈനാപ്പിള്‍ സിറപ്പുകള്‍, സ്ലൈസുകള്‍, കാരമല്‍ ക്രീം, നെയ്യ്, കോണ്‍ഫ്ളേക്സ്, കൂണുകള്‍, പായ്ക്കറ്റിലാക്കിയ ട്യൂണ മല്‍സ്യം, വിവിധ കമ്പനികളുടെ കുടിവെള്ളം, പാല്, തൈര് എന്നിവയ്ക്കെല്ലാം വില കുറച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഹാന്‍ഡ് വാഷുകള്‍, ഡിഷ് വാഷ് ലോഷനുകള്‍, ഭക്ഷണം പൊതിയുന്ന അലൂമിനിയം ഫോയില്‍, ടിഷ്യൂ പേപ്പറുകള്‍, വിവിധതരം പീസകള് എന്നിവയ്ക്കും വിലക്കുറവുണ്ട്. ഫ്രോസന്‍ ചിക്കന്‍, ഫ്രഷ് ചിക്കന്‍, സ്വീറ്റ് കോണ്‍, ടൊമാറ്റോ കെച്ചപ്പുകള്‍, പായ്ക്കറ്റ് തേയില, ടീ ബാഗുകള്‍, നുറുക്കിയ ആട്ടിറച്ചി, വിനാഗിരി, കേക്കുകള്‍, ഈന്തപ്പഴങ്ങള്‍, ഓറഞ്ച്, ലെമണ്‍ ജ്യൂസുകള്‍, മക്രോണി, ബേക്കിങ് പൗഡറുകള്‍, സൂര്യകാന്തി പാചക എണ്ണ, ഒലിവെണ്ണ എന്നിവയും വിലക്കുറവുള്ളവയുടെ പട്ടികയില്‍ പെടുന്നു. വില കുറച്ച സാധനങ്ങളുടെ പട്ടികയും പുതുക്കിയ വിലയും മന്ത്രാലയ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അല്‍മീര, കാരിഫോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്സ്, അന്‍സാര്‍ ഗാലറി, അസ്വാക് റമീസ്, ഖത്തര്‍ കണ്‍സംപ്ഷന്‍ കോംപ്ലക്സസ്, സ്പാര്‍, അല്‍സഫീര്‍, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്, റവാബി, മസ്കര്‍, സൗദിയ, സൂഖ് അല്‍ ബലദി ട്രേഡിങ്, സഫാരി, ഫുഡ് വേള്‍ഡ്, ഫാമിലി ഫുഡ് സെന്റര്‍, ഫുഡ് പാലസ്, മെഗാ മാര്‍ട്ട്, മോണോപ്രിക്സ് എന്നിവിടങ്ങളിലെല്ലാം വിലക്കുറവ് ലഭ്യമായിരിക്കും. കടയുടമകള്‍ അധികവില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റമദാന് തീരുംവരെ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാകും. വിലക്കുറവ് സംബന്ധിച്ച് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും എവിടെയെങ്കിലും അധികവില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിലക്കുറവ് നടപ്പാക്കുന്നു എന്ന് ഉറപ്പാക്കുന്നതിനൊപ്പം ആവശ്യത്തിനു സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നും ഉറപ്പാക്കാന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തും. നഷ്ടം കുറയ്ക്കാനും ലാഭം വര്‍ധിപ്പിക്കാനുമായി സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. വാണിജ്യത്തട്ടിപ്പുകളും കുത്തകകളുടെ ചൂഷണവും ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. കമ്പോളത്തില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കും. എല്ലാ ഷോപ്പുകളും വിലക്കുറവുള്ള ഉല്‍പ്പന്നങ്ങളുടെ പേരും കൃത്യമായ വിലയും ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.