ദോഹ: ഖത്തറിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക ഖത്തര്‍ മുന്‍ലേഖകനും കെ.എം.സി.സി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.എ മുബാറക്(66) അന്തരിച്ചു. രണ്ടു മാസത്തിലധികമായി ഹമദ് ജനറല്‍ ആസ്പ്ത്രിയില് ചികിത്സയിലായിരുന്നു. ചന്ദ്രികയുടെ കൊച്ചി സ്റ്റാഫ് റിപ്പോര്‍ട്ടറും മുസ്ലീംലീഗ് എറണാകുളം ജില്ലാ ഭാരവാഹിയുമായിരുന്ന ആലുവ സ്വദേശി പരേതനായ പി.എ.അബ്ദുറഹ്മാന് കുട്ടിയുടെയും മൂവാറ്റുപുഴ പട്ടിലായി കുടിയില്‍ പരേതയായ എ.ജെ.ഫാത്തിമയുടെയും മകനാണ്.
ഭാര്യ പരേതയായ നാജിയ മുബാറക്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഈ ഏപ്രില്‍ 30നാണ് നാജിയ നിര്യാതയായത്. മക്കള്‍ നാദിയ(ദുബൈ) ഫാത്തിമ(ഖത്തര്‍). മരുമക്കള്‍ മുഹമ്മദ് ഷമീന്‍(ഇത്തിസാലാത്, ദുബൈ), മുഹമ്മദ് പര്‍വീസ് (ഖത്തര്‍ ഫൗണ്ടേഷന്). സഹോദരങ്ങള്‍ പി.എ. മെഹബൂബ്, ലത്തീഫ്, അഹമ്മദ്, ആമിന, സെയ്തു, സുഹ്റ, ജലാല്‍, നിസാഅലി, റസിയകുട്ടി കമ്മദ്. ഖബറടക്കം ഇന്നു വൈകിട്ട് ദോഹയില്‍ നടക്കും. മയ്യിത്ത് നമസ്കാരം ഇന്ന് മഗ്രിബിനു ശേഷം അബുഹമൂര്‍ പള്ളിയില്‍. സഹോദരന് പി.എ. മെഹബൂബ് കഴിഞ്ഞദിവസം ദോഹയിലെത്തിയിരുന്നു. നാലു പതിറ്റാണ്ടിലധികമായി ഖത്തറിലായിരുന്ന പി.എ മുബാറക്ക് വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
വാണിജ്യ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ബിസിനസ് കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1996ല്‍ ക്ലിയര്‍ ഫാസ്റ്റ് ട്രേഡിങ് എന്ന പേരില്‍ സ്വന്തം കമ്പനി സ്ഥാപിച്ചു. വിവിധ പ്രവാസി സംഘടനകളിലും സജീവസാന്നിധ്യമായിരുന്നു. ചന്ദ്രിക ഖത്തറിന്റെ മുന്‍ ലേഖകനും ഖത്തര്‍ ഇന്ത്യന്‍ മീഡിയഫോറം അംഗവുമായിരുന്ന പി.എ. മുബാറകിന്റെ വിയോഗത്തില്‍ ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് ചെയര്മാന് പാറക്കല്‍ അബ്ദുല്ല, ഗവേണിങ് ബോര്‍ഡംഗങ്ങള്‍, ജീവനക്കാര്‍ അനുശോചിച്ചു. കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറവും അനുശോചനം രേഖപ്പെടുത്തി.