
ദോഹ: വനിതാ രാഷ്ടീയ നേതാക്കളുടെ കൂട്ടായ്മയായ ഡബ്ല്യുപിഎല്‍ സംഘടിപ്പിച്ച ആഗോള വെബിനാറില്‍ ശൂറാ കൗണ്‍സില്‍ പങ്കെടുത്തു. കൗണ്‍സില്‍ അംഗം റീം ബിന്ത് മുഹമ്മദ് അല്‍മന്‍സൂരിയാണ് വെബിനാറില്‍ ഖത്തറിനെ പ്രതിനിധീകരിച്ചത്. ഭാവി ലോകത്തെ രൂപപ്പെടുത്തുന്ന വനിതാ നേതാക്കള്‍- ഒരു പുതിയ സാധാരണനില കെട്ടിപ്പെടുക്കല്‍ എന്ന പ്രമേയത്തിലായിരുന്നു വിര്‍ച്വല്‍ യോഗം. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ സാഹചര്യത്തിലെ അവസരങ്ങളെയും സാധ്യതകളെയും കേന്ദ്രീകരിച്ചായിരുന്നു വെബിനാറിലെ ചര്‍ച്ചകള്‍.
സ്ത്രീകളുടെ തുല്യ അവസരങ്ങളിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുമുള്ള സമൂഹങ്ങളുടെ ധാരണകളെ രൂപപ്പെടുത്തുന്ന പക്ഷപാതപരമായ ഘടനകള്‍, നിയമനിര്‍മ്മാണം, മാനദണ്ഡങ്ങള്‍ എന്നിവ പരിഷ്കരിക്കുന്നതിനുള്ള അവസരമാണിതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. വനിതാ രാഷ്ട്രീയ നേതാക്കളുടെ ആഗോളശൃംഖലയാണ് ഡബ്ല്യുപിഎല്‍.
രാഷ്ട്രീയ നേതൃത്വ സ്ഥാനങ്ങളില്‍ സ്ത്രീകളുടെ എണ്ണവും സ്വാധീനവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഡബ്ല്യുപിഎല്ലിന്റെ ദൗത്യം. രാഷ്ട്രീയ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളായ മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍, മേയര്‍മാര്‍, മറ്റ് മുതിര്‍ന്ന തസ്തികകളിലുള്ളവര് എന്നിവരാണ് ഡബ്ല്യുപിഎല്‍ അംഗങ്ങള്‍.