in

പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം: നിയമത്തിന് അംഗീകാരം

ദോഹ: പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം നിയന്ത്രിക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അംഗീകാരം. 2020ലെ 12-ാം നമ്പര്‍ നിയമമാണ് അമീര്‍ പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ നിയമം പ്രാബല്യത്തിലാകും. നേരത്തെ മന്ത്രിസഭ അംഗീകരിച്ച നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം. നിശ്ചിത നിയന്ത്രണങ്ങളില്‍ ഏതെങ്കിലും ഒന്നിന് അനുസൃതമായിട്ടായിരിക്കും പങ്കാളിത്തം.
സ്വകാര്യമേഖലയിലൂടെ വികസനത്തിനായി വാടകയോ ഉപയോഗത്തിനുള്ള ലൈസന്‍സിലൂടെയോ ഭൂമി അനുവദിക്കല്‍, നിര്‍മാണം പ്രവര്‍ത്തനം കൈമാറ്റം(ബിഒടി), നിര്‍മാണം, കൈമാറ്റം, പ്രവര്‍ത്തനം(ബിടിഒ), നിര്‍മാണം ഉടമസ്ഥത പ്രവര്‍ത്തനം കൈമാറ്റം(ബിഒഒടി), പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണി(ഒഎം- ഓപ്പറേഷന്‍സ് മെയിന്റനന്‍സ്), അധികാരപ്പെട്ട മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി അംഗീകരിക്കുന്ന മറ്റേതെങ്കിലും മാതൃക എന്നിവയിലേതെങ്കിലും ഒന്നിന്റെ അടിസ്ഥാനത്തിലായിരിക്കും പൊതു സ്വകാര്യ പങ്കാളിത്തം. സര്‍ക്കാരിന്റെയോ അതല്ലെങ്കില്‍ ബന്ധപ്പെട്ട ഭരണസംവിധാനത്തിന്റെയോ ഉടമസ്ഥതയിലോ സ്വകാര്യമേഖലയുടെ നിര്‍ദേശത്തിലോ പങ്കാളിത്തത്തിലൂടെ നടപ്പാക്കുന്നതിനായി പദ്ധതി തെരഞ്ഞെടുക്കാം.
സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പൊതുവായും മെഗാ പദ്ധതികളില്‍ പ്രത്യേകിച്ചും സ്വകാര്യ മേഖലയുടെ സംഭാവന വര്‍ധിപ്പിക്കുന്നതാണ് പുതിയ നിയമമെന്ന് ഖ്ത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഖത്തരി കമ്പനികളുടെ പങ്കാളിത്തം വിപുലീകരിക്കണമെന്ന ചേംബറിന്റെ ആവശ്യം പുതിയ നിയമം നിറവേറ്റുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നിയമം വിവിധ പദ്ധതികളെ ത്വരിതപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലിഹ് ബിന്‍ ഹമദ് അല്‍ശര്‍ഖി പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്തം നിയന്ത്രിക്കുന്ന നിയമം പുറപ്പെടുവിക്കുക എന്ന ആശയം ഉയര്‍ത്തിക്കാട്ടുന്നതില്‍ ചേംബര്‍ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേംബര്‍ ഈ വിഷയത്തില്‍ ഉന്നതതല സമ്മേളനം നടത്തുകയും രണ്ടുമേഖലകളും തമ്മിലുള്ള പങ്കാളിത്തം നിയന്ത്രിക്കുന്ന നിയമനിര്‍മാണത്തിനായി വാദിക്കുകയും ചെയ്തു. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ സാമ്പത്തിക വികസനത്തിന് സഹായകമാകുമെന്നും നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വികസനത്തിന് സ്വകാര്യമേഖലയ്ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുന്നുണ്ട്. പുതിയ നിയമം സാമ്പത്തിക നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

നിയമവിരുദ്ധ ഉപരോധം നാലാംവര്‍ഷത്തിലേക്ക്; പ്രതിബന്ധങ്ങള്‍ മറികടന്ന് ഖത്തര്‍

ഈദ് അവധി ദിനങ്ങളില്‍ ഹെല്‍ത്ത് സെന്ററുകളിലെത്തിയത് 26,941 രോഗികള്‍