ദോഹ: കോഴിക്കോട് സ്വദേശിയായ യുവാവ് ദോഹയിൽ മുങ്ങിമരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ(29) ആണ് ഖത്തറിലെ അൽ വക്രയിൽ കടലിൽ മുങ്ങിമരിച്ചത്. അബുഹമൂറിലെ ബില്ല മാർട്ട് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ : ഫാത്തിമ ശബാന.കുട്ടികളില്ല. രണ്ടു ദിവസം മുമ്പ് ജോലി സ്ഥലത്തുനിന്നും താമസസ്ഥലത്തേക്ക് പോയതായിരുന്നു.പിന്നീട് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളും കൂടെ ജോലി ചെയ്തിരുന്നവരും അന്വേഷിച്ചിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചില്ല.തുടർന്ന് വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം എത്തിയതായി വിവരം ലഭിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ പോയതായാണ് ഇതുവരെ ലഭ്യമായ വിവരം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. ചൊവ്വാഴ്ച രാവിലെ തന്നെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം അൻസിലിന്റേതാണെന്ന് ബന്ധപ്പെട്ടവർ മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞത്.
നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം ഇന്ന് രാത്രി ഖത്തർ എയർവെയ്സ് വിമാനത്തിൽ നാട്ടിലേക്കയക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.