in

കോവിഡ്: ശ്വസന പ്രശ്‌നങ്ങളുള്ള രോഗികള്‍ മുന്‍കരുതലുകളെടുക്കണമെന്ന് എച്ച്എംസി

ദോഹ: കൊറോണ വൈറസ് (കോവിഡ് -19) അണുബാധയില്‍ നിന്ന് രക്ഷനേടാന്‍ ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) ശുപാര്‍ശ ചെയ്തു.വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ സിസ്റ്റിക് ഫൈബ്രോസിസ്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, ആസ്ത്മ എന്നിവ ബാധിച്ച രോഗികള്‍ കോവിഡ് അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് കൂടുതല്‍ മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്ന് എച്ച്എംസിയുടെ പള്‍മണറി ഡിവിഷന്‍ ചീഫ് ഡോ. ഹിഷാം അബ്ദുള്‍ സത്താര്‍ അഹമ്മദ് പറഞ്ഞു.
ഇത്തരം രോഗികളില്‍ ഈ വൈറസ് ബാധിക്കുന്നത് എത്രത്തോളം നേരിയതോതിലാണെങ്കില്‍പ്പോലും ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. ശ്വാസകോശ സംബന്ധമായ രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ ഘട്ടത്തില്‍ എല്ലാവരും ജാഗ്രതയിലും കരുതലിലുമായിരിക്കുമെങ്കിലും വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രോഗികള്‍ കൂടുതല്‍ മുന്‍കരുതലും ജാഗ്രതയും പ്രതിരോധനടപടികളും സ്വീകരിക്കണം. വ്യക്തിപരമായ ശുചിത്വ നിയമങ്ങള്‍ പാലിക്കുകയും സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുകയും വേണം.
വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികള്‍ക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലല്ല. എന്നാല്‍ രോഗമുണ്ടായാല്‍ ഈ അണുബാധയില്‍ നിന്ന് സങ്കീര്‍ണതകള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍ ഹിഷാം ചൂണ്ടിക്കാട്ടി. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരില്‍ അണുബാധയുണ്ടായാല്‍ മറ്റുള്ളവരില്‍ പ്രത്യക്ഷപ്പെടുന്നതിനേക്കാള്‍ കഠിനമായ അണുബാധയുടെ ലക്ഷണങ്ങള്‍ ഇവരില്‍ കണ്ടേക്കാം. കൂടാതെ ഇവരില്‍തന്നെ പ്രായമായ രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മരണസാധ്യതയുമേറെയാണ്. ശ്വാസകോശ രോഗികളടക്കം പല രോഗികളിലും നേരിയ തോതിലുള്ള അണുബാധയുണ്ടാകുകയും അതിന്റെ ഫലമായി ചെറിയ സങ്കീര്‍ണതകള്‍ രൂപപ്പെടുകയും അതില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ടെന്നതിനാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശ്വാസകോശ രോഗികള്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കണം. വൈറസ് ബാധിക്കുന്നത് അപകടകരമാണെന്ന് എല്ലാവരും മനസിലാക്കണം. ഗൗരവമായി കാണുകയും വേണം- ഡോ. ഹിഷാം ചൂണ്ടിക്കാട്ടി. കോവിഡ് ബാധിക്കുന്നത് തടയാന്‍ ആര്‍ക്കും പ്രയോഗിക്കാവുന്ന ചില ലളിതമായ മുന്‍കരുതലുകളുണ്ട്. അശുദ്ധമായ കൈകളാല്‍ വായ, മൂക്ക്, കണ്ണുകള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കല്‍,
അസുഖത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായവരുമായി സമ്പര്‍ക്കം ഒഴിവാക്കല്‍, മറ്റുള്ളവരില്‍ നിന്ന് ആറടി അകലം പാലിക്കല്‍, മലിനമായേക്കാവുന്ന ഉപരിതലങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം കൈകള്‍ നന്നായി കഴുകല്‍, വായുസഞ്ചാരമില്ലാത്ത പ്രദേശങ്ങളിലുള്‍പ്പടെ തിരക്ക് ഒഴിവാക്കല്‍ എന്നിവയെല്ലാം നടപ്പാക്കുന്നതിലൂടെ കോവിഡിനെ പ്രതിരോധിക്കാനാകും. കോവിഡ് വ്യാപനം കുറ്ക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയായി സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ഡോ. ഹിഷാം അബ്ദുള്‍ സത്താര്‍ ഊന്നിപ്പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുഷൈരിബ് ഡൗണ്‍ടൗണും കത്താറയും അണുവിമുക്തമാക്കി

ഒത്തുചേരല്‍ വിലക്ക് ലംഘിക്കുന്നവരെ പിടികൂടാന്‍ റോബോട്ടുകളും