in

പൊതുസ്ഥലങ്ങളില്‍ ഒത്തുചേരലുകള്‍ക്ക് നിരോധനം: പട്രോളിങ് ശക്തമാക്കി

പട്രോളിങ് നടത്തുന്ന പോലീസ്‌

ദോഹ: കോര്‍ണീഷ്, പൊതുപാര്‍ക്കുകള്‍, പൊതുബീച്ചുകള്‍ തുടങ്ങി എല്ലാ പൊതുസൗകര്യങ്ങളിലും വാഹനങ്ങളിലും എല്ലാത്തരം ഒത്തുചേരലുകളും നിരോധിച്ച സാഹചര്യത്തില്‍ നിയമലംഘനം തടയാന്‍ ആഭ്യന്തര മന്ത്രാലയം പട്രോളിങ് ശക്തമാക്കി.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ തീരുമാനപ്രകാരമാണ് പൊതുസ്ഥലങ്ങളില്‍ ഒത്തുചേരലുകള്‍ നിരോധിച്ചത്. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ഭാഗമായാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാത്തരം ഒത്തുചേരലുകള്‍ക്കും നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പട്രോളിങ് ശക്തമാക്കിയതെന്ന്് ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയ കമാന്‍ഡ് സെന്ററിലെ സെന്‍ട്രല്‍ ഓപ്പറേഷന്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹസ്സന്‍ മുഹമ്മദ് ഗെയ്ത് അല്‍കുവാരി പറഞ്ഞു.’
എല്ലാ പൊതുസ്ഥലങ്ങളിലും ഒത്തുചേരലുകളും സാമൂഹിക ഒത്തുചേരലുകളും തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. കോര്‍ണീഷ്, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നടപടികള്‍ ലംഘിക്കുന്നവര്‍ ശിക്ഷക്ക് വിധേയരാകും. സര്‍ക്കാര്‍ തീരുമാനങ്ങള്‍ പാലിക്കാന്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ഉത്തരവാദിത്വമുണ്ട്. എല്ലാവരും പ്രതിരോധ നടപടികള്‍ പാലിക്കണം. ചിലര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്. ഒത്തുചേരല്‍ ഒഴിവാക്കാന്‍ ചിലര്‍ അനുശോചനം റദ്ദാക്കിയതായി ഞങ്ങള്‍ കണ്ടു, ഇത് ഒരു നല്ല കാര്യമാണ്. ഭരണകൂടം എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ചുള്ള അവരുടെ സഹകരണത്തിനും ധാരണയ്ക്കും ഇത് വലിയ തെളിവാണ്- അല്‍കുവാരി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രി മുതല്‍ തീരുമാനം പ്രാബല്യത്തിലായിരുന്നു. പൊതുസ്ഥലങ്ങളിലെ ഒത്തുചേരല്‍ തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട് തീരുമാനം ലംഘിക്കുന്നവരെ പിടികൂടുന്നതിനായി മൊബൈല്‍ പട്രോളിങ് ടീമിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക്‌പോസ്റ്റുകളും സ്ഥാപിച്ചു. തീരുമാനം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നതിനും ആശയവിനിമയങ്ങള്‍ക്കുമായി 44579999 എന്ന പ്രത്യേക ഹോട്ടലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. വിവാഹം, അന്ത്യകര്‍മ്മങ്ങള്‍ ഉള്‍പ്പടെയുള്ള ചടങ്ങുകളിലും ഒത്തുചേരലിന് വിലക്കുണ്ട്. പൊതുസ്ഥലങ്ങളില്‍ ഒത്തുചേരല്‍ നിരോധിച്ച തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകളാണ് നടത്തുന്നത്. എല്ലാവരുടെയും പ്രയോജനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഈ നടപടികള്‍. പൊതുസ്ഥലങ്ങള്‍, ബീച്ചുകള്‍, വിനോദസഞ്ചാരമേഖലകള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വിട്ടുനില്‍ക്കണമെന്ന് ജനങ്ങളോടു ആവശ്യപ്പെട്ടിട്ടുണ്ട്. മജ്‌ലിസുകളില്‍ ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉപഭോക്താക്കള്‍ക്കിടയില്‍ സുരക്ഷിത അകലം: ഔട്ട്‌ലെറ്റുകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചു

ഹോം ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ച 14 ഖത്തരികളെക്കൂടി അറസ്റ്റ് ചെയ്തു