ക്രൂയിസ് ടൂറിസം പ്രിയമേറുന്നു; ആദ്യം ദിനം ഖത്തറിലെത്തിയത് 4,600 പേര്
അശ്റഫ് തൂണേരി/ദോഹ:
ഖത്തറിലേക്കുള്ള കപ്പല്‍ സഞ്ചാരത്തിന് സ്വീകാര്യത വര്‍ധിച്ചുവരുന്നതിനാല്‍ ദോഹ തുറമുഖം സ്ഥിരം യാത്രാ ടെര്‍മിനല്‍ തുറക്കുന്നു. 2022 ഖത്തര്‍ ഫിഫ ലോകകപ്പിന് മുന്നോടിയായി സ്ഥിരം യാത്രാ ടെര്‍മിനല്‍ സജീവമാക്കാനാണ് അധികൃതരുടെ പദ്ധതി. ഇതോടെ ഖത്തര്‍ തുടക്കം കുറിച്ച ക്രൂയിസ് ടൂറിസം (Cruise Tourism) മറ്റൊരു തലത്തിലേക്ക് വളരുമെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് (Qatar Airways) ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. യാത്രാ കപ്പലുകള്‍ വര്‍ധിക്കുകയും സന്ദര്‍ശകരുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഖത്തര്‍ ടൂറിസവും (Qatar Tourism) മവാനി ഖത്തറും (Mwani Qatar) സംയുക്തമായി തുടക്കം കുറിച്ച ക്രൂയിസ് ടൂറിസത്തിന്റെ ആദ്യ ദിനത്തില്‍ ഖത്തറിലെത്തിയത് 4,600 പേര്. എം.എസ്.സി വിര്ടോസ (MSC Virtuosa) എന്ന കപ്പല്‍ വ്യാഴാഴ്ചയാണ് ഖത്തര്‍ തുറമുഖത്ത് നങ്കൂരമിട്ടത്. ഖത്തറിന്റെ പരമ്പരാഗത ശൈലിയിലുള്ള മേളങ്ങളോടെ ആദ്യയാത്രക്കാരെ ദോഹ തുറമുഖത്ത് സ്വീകരിച്ചു. ഖത്തറില്‍ വിവിധ പരിപാടികളും മേളകളും കായിക മത്സരങ്ങളും അരങ്ങേറുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകര്‍ ദോഹയിലെത്തിയത്. ഫിഫ അറബ് കപ്പ്, ഖത്തര്‍ അന്താരാഷ്ട്രാ ഭക്ഷ്യമേള, ഖത്തര്‍ ലൈവ് ഫെസ്റ്റിവല്‍, കോര്‍ണിഷ് ലൈറ്റ് ആന്റ് ലേസര്‍ ഷോകള്‍ തുടങ്ങിയവ ഇപ്പോഴത്തെ മുഖ്യപരിപാടികളാണ്. 78 കപ്പലുകള്‍ കൂടി ഈ ശൈത്യ കാലത്ത് ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയില്‍ 11 ക്രൂയിസ് കപ്പലുകള്‍ കന്നിയാത്ര നടത്തുന്നവയാണ്. 11 കപ്പലുകള്‍ വന്ന സ്ഥലത്തേക്ക് തിരിച്ചുപോവുന്നവയാണ്. 10 കപ്പലുകള്‍ ദോഹ തുറമുഖത്ത് കുറച്ചുകാലം നിലയുറപ്പിക്കുന്നവയായിരിക്കും.