
- കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ക്കായി മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്
ദോഹ: കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. അതേസമയം കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുന്നതിന് മന്ത്രാലയത്തിലെ ഫാര്‍മസി-ഡ്രഗ് നിയന്ത്രണ വകുപ്പിന്റെ അനുമതിയില്ല. 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും വാക്‌സിന്‍ നല്‍കുക. അലര്‍ജി സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കും വാക്സീന്‍ നല്‍കില്ല. അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സീന്‍ സ്വീകരിക്കുന്നതിന് മുന്‍പ് അക്കാര്യം ഡോക്ടറെ അറിയിക്കണം. ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ഇന്നെത്തുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറും ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് ഖത്തറില്‍ ആദ്യഘട്ടത്തില്‍ എത്തുന്നത്. വാക്‌സിനെക്കുറിച്ച് സമഗ്രമായ അവലോകനത്തിനും സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ പഠനഫലങ്ങള്‍ക്കും ശേഷമാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അവലോകനത്തില്‍ വ്യക്തമായി. പ്രാഥമിക ഘട്ടത്തില്‍ വയോധികര്‍, പ്രമേഹം, ആസ്തമ, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയുള്ളവര്‍, ആരോഗ്യമേഖലയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുക. തുടര്‍ന്നുള്ള മാസങ്ങളില്‍ ഘട്ടംഘട്ടമായി പൊതുജനങ്ങളിലേക്ക് വാക്‌സിനെത്തും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്സിന്‍ സൗജന്യമാണ്. ഫൈസര്‍ വാക്‌സിന്‍ രണ്ടു ഡോസ് വീതമായിരിക്കും. മൂന്നാഴ്ചക്കുള്ളിലാണ് ഈ ഡോസ് നല്‍കേണ്ടത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനും വിതരണത്തിനും ആവശ്യമായ തയാറെടുപ്പുകള്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ സുരക്ഷിതവും 95 ശതമാനം ഫലപ്രദവുമാണെന്ന് കോവിഡ് സംബന്ധിച്ച ദേശീയ ആരോഗ്യകര്‍മ്മപദ്ധതി ഗ്രൂപ്പിന്റെ ചെയര്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. 2021ലുടനീളം വാക്‌സിന്‍ വിതരണ പ്രോഗ്രാം തുടരും. ഖത്തറില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ വാക്‌സിന്‍ വിതരണ പദ്ധതിയാണിതെന്നും ഡോ.അല്‍ഖാല്‍ പറഞ്ഞു. വാക്‌സിന്‍ ഫലപ്രദമാണെന്ന് വ്യക്തമായതോടെയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതെന്ന് ഫാര്‍മസി- ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.അയിഷ ഇബ്രാഹിം അല്‍അന്‍സാരി പറഞ്ഞു. യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും ഫൈസറിന്റെ കോവിഡ് വാക്സീന് അനുമതി നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളെ കോവിഡ് വാക്സിന്‍ സംബന്ധമായ കൃത്യമായ വിവരങ്ങള്‍ യഥാസമയം അറിയിക്കാന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പുതിയ പേജ് ആരംഭിച്ചിട്ടുണ്ട്. ലിങ്ക്: https://covid19.moph.gov.qa/EN/Covid19-Vaccine/Pages/Priority-groups.aspx. ഫൈസറിനു പുറമെ മോഡേണയുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. അടുത്തവര്‍ഷം ആദ്യം മോഡേണയുടെ വാക്സീന്‍ എത്തുമെന്നാണ് നേരത്തെയുള്ള പ്രഖ്യാപനം.