in ,

ഖത്തറില്‍ ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാകും: ഡോ. അല്‍മുസ്‌ലഹ്

ഡോ.അബ്ദുല്‍ വഹാബ് അല്‍മുസ്‌ലഹ്

ദോഹ: ഈ മാസാവസാനത്തിനുള്ളില്‍ ആദ്യ ബാച്ച് കോവിഡ് വാക്‌സിന്‍ ഖത്തറിന് ലഭിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഫൈസര്‍ വാക്‌സിന്‍ രാജ്യത്തേക്ക് ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രിയുടെ കായിക, അടിയന്തര കാര്യങ്ങള്‍ക്കായുള്ള ഉപദേഷ്ടാവ് ഡോ.അബ്ദുല്‍വഹാബ് അല്‍മുസ്‌ലഹ് പറഞ്ഞു. കഴിഞ്ഞദിവസം അല്‍കാസ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. വാക്‌സിന്റെ കാര്യത്തില്‍ പ്രായമേറിയവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ക്കുമാണ് മുന്‍ഗണന. തുടര്‍ന്നുള്ള മാസങ്ങളില്‍ ഘട്ടംഘട്ടമായി പൊതുജനങ്ങളിലേക്ക് വാക്‌സിനെത്തുമെന്നും ഡോ.അല്‍മുസ്‌ലഹ് പറഞ്ഞു. ഫൈസര്‍ വാക്‌സിന്‍ രണ്ടു ഡോസ് വീതമായിരിക്കും. മൂന്നാഴ്ചക്കുള്ളിലാണ് ഈ ഡോസ് നല്‍കേണ്ടത്. ലോകത്തിലെ മറ്റു ഭാഗങ്ങളിലേതെന്ന പോലെ ഖത്തറിലും വാക്‌സിന്‍ നിര്‍ബന്ധമാക്കില്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധതിമാണെന്ന് ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് യാത്രാ സന്ദര്‍ഭങ്ങളിലോ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനോ സമാനമായ കാര്യങ്ങളിലോ വാക്‌സിന്‍ നിര്‍ബന്ധമാക്കാനിടയുണ്ടെന്ന് ഡോ. അല്‍മുസ്‌ലഹ് പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഖത്തറില്‍ കോവിഡ് വാക്‌സിനെത്തുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ യൂണിറ്റ് മേധാവി ഡോ.സോഹ അല്‍ബയാത് നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിനായി ഖത്തര്‍ ഫൈസര്‍-ബയോടെക്, മൊഡേണ എന്നിവയുമായി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രാഥമിക ഫലമനുസരിച്ച് ഖത്തറിന് ലഭിക്കുന്ന വാക്‌സിന്റെ ഫലപ്രാപ്തി 90 ശതമാനത്തിലധികമാണെന്നും ഡോ.അല്‍ബയാത് പറഞ്ഞു. കോവിഡ് വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് മരുന്ന് നിര്‍മ്മാതാക്കളായ മോഡേണ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം അന്‍പത് ദശലക്ഷം ഡോസും അടുത്തവര്‍ഷം 1.3 ബില്യണ്‍ ഡോസും ഉത്പാദിപ്പിക്കുമെന്ന് ഫൈസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോഡേണ ഈ വര്‍ഷം 20 ദശലക്ഷം ഡോസുകള്‍ ഉത്പാദിപ്പിക്കും. എന്നാല്‍ ഇത് പൂര്‍ണമായും അമേരിക്കക്ക് അനുവദിക്കും. അടുത്തവര്‍ഷം 500 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ ഡോസ് വരെ അമേരിക്കന്‍ ഭരണകൂടം ഉത്പാദിപ്പിക്കും. ഖത്തര്‍ മോഡേണയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം അടുത്തവര്‍ഷം ആദ്യപകുതിയില്‍ ഖത്തറിന് വാക്‌സിന്‍ ലഭിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഡിസംബര്‍ 13) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു