
ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി) നര്‍ ആ കോം എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കി. രോഗികള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗപ്പെടുത്തി നിരവധി ആരോഗ്യ സേവനങ്ങളില്‍ നിന്ന് പ്രയോജനം നേടാന്‍ ഇതിലൂടെ കഴിയും. സുരക്ഷ സംബന്ധിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ആപ്പിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ ആപ്പില്‍ അടിസ്ഥാന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ അധിക സവിശേഷതകളോടെ മെച്ചപ്പെടുത്തും- ഡോ.അബ്ദുല്‍മാലിക് വിശദീകരിച്ചു. ഹെല്‍ത്ത് കാര്‍ഡിലെ വിവരങ്ങള്‍ ലഭ്യമാകും. ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍, കാലഹരണ തീയതി, നിര്‍ദ്ദിഷ്ട ഹെല്‍ത്ത് സെന്റര്‍, പിഎച്ച്‌സിസിയില്‍ നിന്നും നിയോഗിക്കപ്പെട്ട കുടുംബ ഡോക്ടര്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ആപ്പിലുണ്ടായിരിക്കും. ഉപയോക്താക്കള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഹെല്‍ത്ത്‌സെന്ററുകളില്‍ വരാനിരിക്കുന്ന അപ്പോയിന്റ്‌മെന്റുകള്‍ സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമായിരിക്കും. ഇംഗ്ലീഷ്, അറബി ഭാഷകളില്‍ സേവനം ലഭിക്കും. ഖത്തറിലുടനീളമുള്ള പിഎച്ച്‌സിസി ആരോഗ്യകേന്ദ്രങ്ങളില്‍ ആരോഗ്യപരിചരണം ലഭിക്കുന്നതിനായി ഹെല്‍ത്ത് കാര്‍ഡിനായി ആപ്പ് മുഖേന അപേക്ഷിക്കാം. നിലവിലെ ഹെല്‍ത്ത് സെന്റര്‍, നിയുക്തമാക്കപ്പെട്ട കുടുംബ ഡോക്ടര്‍ എന്നിവരെ മാറ്റി പകരം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. പിഎച്ച്‌സിസി കേന്ദ്രങ്ങളില്‍ പുതിയ അപ്പോയിന്റ്‌മെന്റിനായി അപേക്ഷിക്കാനുമാകും ആശ്രിത അക്കൗണ്ട് ചേര്‍ക്കുന്നതിനും ഹെല്‍ത്ത് കാര്‍ഡ് പുതുക്കുന്നതിന് ഹൂക്കൂമി വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുന്നതിനും സൗകര്യമുണ്ട്. പിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അലി അബ്ദുല്‍മാലിക്, അഡ്മിനിസ്‌ട്രേഷന്‍, കോര്‍പ്പറേറ്റ് സര്‍വീസസ് ചുമതലയുള്ള അസിസ്റ്റന്റ് മാനേജിങ് ഡയറക്ടര്‍ മുസല്ലം മുബാറക് അല്‍നാബിത്, എച്ച്‌ഐസിടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലക്‌സാണ്ട്ര താരാസി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ആപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.