Tuesday, July 7ESTD 1934

മരുന്നുകള്‍ വീട്ടിലെത്തിക്കുന്നതിനായി പിഎച്ച്‌സിസി ഹോം ഡെലിവറി സേവനം തുടരും

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി) ഖത്തര്‍ പോസ്റ്റുമായി സഹകരിച്ച് മരുന്നുകള്‍ വീടുകളിലെത്തിക്കുന്ന സേവനം തുടരും. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹോം ഡെലിവറി സേവനങ്ങള്‍ നടപ്പാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്ന സാഹചര്യത്തിലും ഹോം ഡെലിവറി സേവനം തുടരാനാണ് തീരുമാനം.
ഇക്കാര്യം പിഎച്ച്‌സിസി ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കി.ഓരോ ആരോഗ്യ കേന്ദ്രത്തിനും പ്രത്യേകമായി വാട്ട്‌സ്ആപ്പ് നമ്പരുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അതാത് നമ്പരുകളിലേക്ക് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചുകൊണ്ട് ഹോം ഡെലിവറി സേവനം രോഗികള്‍ക്ക് പ്രയോജനപ്പെടുത്താനാകും. രോഗികള്‍ക്ക് അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഹെല്‍ത്ത് സെന്ററുകളുടെ വാട്‌സ്ആപ്പ് നമ്പരുകള്‍ മുഖേന പിഎച്ച്‌സിസിയുമായി ആശയവിനിമയം നടത്താം. ഹെല്‍ത്ത് സെന്ററുകളിലോ ക്ലിനിക്കുകളിലോ നേരിട്ട് ഹാജരാകാതെ തന്നെ ആവശ്യമായ മരുന്നുകള്‍ വീടുകളിലെത്തിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടുവരെയും വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെയും രോഗികള്‍ക്ക് ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടാം. വെള്ളി, ശനി ദിവസങ്ങളില്‍ ഈ സേവനങ്ങള്‍ ലഭിക്കില്ല. നിലവിലെ സാഹചര്യത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് ഈ വാട്‌സ്ആപ്പ് നമ്പരുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള രോഗികളുടെ സന്ദര്‍ശനം പരിമിതപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തരികള്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും ഫീസ് അടക്കുന്നതില്‍നിന്നും ഒഴിവാക്കപ്പെട്ടവര്‍ക്കും മരുന്ന് സൗജന്യമാണ്. മറ്റുള്ളവര്‍ ബാങ്ക് കാര്‍ഡ് മുഖേനയായിരിക്കണം പണം അടക്കേണ്ടത്.

error: Content is protected !!