in

പ്രതിരോധ കുത്തിവെയ്പ്പ് സുപ്രധാനം: ബോധവത്കരണവുമായി പിഎച്ച്‌സിസി

ദോഹ: ആരോഗ്യകരമായ ജീവിതത്തിനായി പ്രതിരോധകുത്തിവെയ്പ്പിന്റെ പ്രധാാന്യം ഓര്‍മ്മപ്പെടുത്തി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി). ലോക രോഗപ്രതിരോധ വാരാചരണത്തിന്റെ ഭാഗമായി ബോധത്കരണത്തിന്റെ ഭാഗമായാണ് പിഎച്ച്‌സിസി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവര്‍ഷവും ഏപ്രിലിലാണ് രോഗപ്രതിരോധവാരം അടയാളപ്പെടുത്തുന്നത്. വാക്‌സിനേഷന്‍ കൈക്കൊള്ളാന്‍ ജനങ്ങള്‍ സന്നദ്ധമാകണം.
വാക്‌സിന്‍ പ്രതിരോധ അസുഖങ്ങളില്‍നിന്നും കുട്ടികളെയും മുതിര്‍ന്നവരെയും സംരക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ മാര്‍ഗം വാക്‌സിനേഷന്‍ ആണെന്ന് പിഎച്ച്‌സിസി ഓര്‍മിപ്പിച്ചു. നിര്‍ദ്ദിഷ്ട ഷെഡ്യൂള്‍ അനുസരിച്ച് കുട്ടികള്‍ക്ക് വാക്‌സിനുകള്‍ ലഭിക്കണം. പ്രതിരോധ കുത്തിവയ്പ്പ് നിരസിക്കുന്നത് മറ്റ് രോഗങ്ങളുടെ വ്യാപനത്തിലേക്ക് നയിക്കും. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും പിഎച്ച്‌സിസി ചൂണ്ടിക്കാട്ടി. ഖത്തറില്‍ ദേശീയ ഇമ്യുണൈസേഷന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്രവും പക്ഷഭേദമില്ലാതെയും ലക്ഷ്യംമുന്‍നിര്‍ത്തിയും തെളിവുകളുടെ അടിസ്ഥാനത്തിലും വാക്‌സിനുകളെക്കുറിച്ചും ഇമ്യുണൈസേഷന്‍ വെല്ലുവിളികളെക്കുറിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. രോഗത്തിനെതിരെ എല്ലാ പ്രായത്തിലുമുള്ളവരെ സംരക്ഷിക്കുന്നതിനാണ് രോഗപ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്, കുട്ടികള്‍ക്ക് അവരുടെ വാക്‌സിന്‍ ഡോസുകള്‍ ദേശീയ വാക്‌സിനേഷന്‍ ഷെഡ്യൂള്‍ അനുസരിച്ച് ജനനം മുതല്‍ തുടങ്ങി സ്‌കൂളിനുശേഷവും തുടരുന്നു. വാക്‌സിനേഷന്‍ ഷെഡ്യൂള്‍ സംയുക്ത മെഡിക്കല്‍ കമ്മിറ്റി അവലോകനം ചെയ്യുന്നുണ്ട്. ആഗോളതലത്തിലെ ശുപാര്‍ശകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. പ്രായമായവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും ഇന്‍ഫ്‌ളുവന്‍സ, ന്യുമോകോക്കല്‍ എന്നിവയ്ക്കെതിരായ വാക്‌സിനുകള്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നണ്ട്. അതുപോലെ തന്നെ ചില രാജ്യങ്ങളില്‍ ടൈഫോയ്ഡ്, മെനിഞ്ചസ്, മഞ്ഞപ്പനി, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനായി യാത്രക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രതിരോധകുത്തിവെയ്പ്പിലൂടെ പ്രതിവര്‍ഷം ഇരുപത് മുതല്‍ മുപ്പത് ലക്ഷം വരെ മരണങ്ങള്‍ പ്രതിരോധിക്കാനാകുന്നുണ്ട്. ആഗോള വാക്്‌സിനേഷന്‍ കവറേജ് മെച്ചപ്പെടുത്തിയപ്പോള്‍ അധികമായി പതിനഞ്ച് ലക്ഷം മരണങ്ങള്‍ പ്രതിരോധിക്കാനാകും. ആഗോളതലത്തില്‍, അടുത്ത കാലത്തായി അഞ്ചാംപനി മരണം 84% കുറഞ്ഞു. രോഗപ്രതിരോധ കുത്തിവെപ്പിലൂടെ ഡിഫ്തീരിയ, പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, അഞ്ചാംപനി, മുണ്ടിനീര്, വില്ലന്‍ചുമ, ന്യുമോണിയ എന്നിവ ഉള്‍പ്പെടെയുള്ള രോഗങ്ങളെയും വൈകല്യങ്ങളെയും പ്രതിരോധിക്കാനാകും. രോഗപ്രതിരോധ കുത്തിവെപ്പ് വളരെ സുരക്ഷിതവും ഭാവിതലമുറയെ സംരക്ഷിക്കുന്നതുമാണ്.
മുന്‍കാലങ്ങളില്‍ വസൂരി ബാധിച്ച് ദശലക്ഷക്കണക്കിന് പേരാണ് ലോകത്തൊട്ടാകെ മരിച്ചത്. എന്നിരുന്നാലും 1979ല്‍ വസൂരിയെ ലോകത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാനായി. വാക്‌സിനേഷനെക്കുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധനമുറകള്‍ സാര്‍വ്വത്രികമാക്കാനുമുദ്ദേശിച്ച് ഏപ്രില്‍ മാസത്തെ അവസാന വാരമാണ് രോഗപ്രതിരോധ വാരമായി ആചരിക്കുന്നത്. മീസല്‍സ്, വില്ലന്‍ ചുമ, ഡിഫ്തീരിയ, പിള്ള വാതം, ടെറ്റനസ്സ് എന്നിവ ഉള്‍പ്പടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ ലഭ്യമാണ്. വാക്‌സിനേഷന്‍ മുഖനേ രോഗ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വ്യാപകമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്. പകര്‍ച്ചവ്യാധിക്കെതിരെ മനുഷ്യനില്‍ പ്രതിരോധശേഷി രൂപപ്പെടുത്തിയെടുക്കുന്ന നടപടിയാണ് ഇമ്യുണൈസേഷന്‍. പകര്‍ച്ചവ്യാധികള്‍ക്കെതിരായ യുദ്ധത്തില്‍ സാധാരണയുള്ള തുടര്‍ വാക്‌സിനുകളാണ് ഏറ്റവും വലിയ ഉപകരണം. താങ്ങാവുന്നതും കാര്യക്ഷമവുമാണ് വാക്‌സിനേഷന്‍. കേവലം വ്യക്തികളെ മാത്രമല്ല സമൂഹത്തെയൊന്നാകെ സംരക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെയും വാക്‌സിനേഷനിലൂടെയും കുട്ടികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍, ക്രോണിക് അസുഖങ്ങളുള്ളവര്‍ എന്നിവരെയെല്ലാം സംരക്ഷിക്കാനാകും. ലോകാരോഗ്യസംഘടനയുടെ വാക്‌സിന്‍ ഷെഡ്യൂളാണ് ഖത്തര്‍ പിന്തുടരുന്നത്. രാജ്യത്തു താമസിക്കുന്ന എല്ലാ കുട്ടികള്‍ക്കും വിവിധ അസുഖങ്ങള്‍ക്കെതിരായി വാക്‌സിനേഷന്‍ ലഭ്യമാക്കുന്നുണ്ട്.
ഒരു പ്രത്യേക പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ജൈവശാസ്ത്രപരമായ തയാറെടുപ്പാണ് വാക്‌സിനെന്ന് പിഎച്ച്‌സിസി കമ്യൂണിറ്റി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ഫാഹിദ് ശൈഖാന്‍ പറഞ്ഞു. 1990കള്‍ മുതല്‍ ഖത്തര്‍ പോളിയോ മുക്തമാണ്. അഞ്ചാംപനി ഉള്‍പ്പടെയുള്ള രോഗങ്ങളുടെ തോത് വളരെയധികം കുറക്കാനായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹുവാര്‍ സ്ട്രീറ്റില്‍ ഇന്റര്‍സെക്ഷനും സര്‍വീസ് റോഡും ഭാഗികമായി തുറന്നു

ഖത്തര്‍ ദേശീയ മ്യൂസിയം നാലു വിര്‍ച്വല്‍ പ്രദര്‍ശനങ്ങള്‍ പ്രഖ്യാപിച്ചു