ദോഹ: ഖത്തറിന്റെ വടക്ക് ഭാഗത്ത് (in northern Qatar) മരുഭൂമിയില്‍ പിങ്ക് നിറത്തിലുള്ള ജലാശയം (Pink water body) കണ്ടെത്തി. ഖത്തറിലെ പ്രമുഖ ട്വിറ്റര്‍ (Twitter) ഉപയോക്താവായ മുഹമ്മദ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍ഫയ്യാദ് അല്‍ഖാലിദി പിങ്ക് ജലാശയം പോസ്റ്റ് ചെയ്തതോടെയാണ് ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനക്കായി വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. പിങ്ക് നിറത്തില്‍ നദിയൊഴുകുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഈ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്. വെള്ളത്തിന് എന്ത് കൊണ്ടാണ് പിങ്ക് നിറം വന്നതെന്ന് വ്യക്തമല്ല.
പതിവില്‍ നിന്ന് വ്യത്യസ്തമായി മരുഭൂമിയില്‍ മഴ കുറവായതിനാല്‍ വെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടിയിട്ടുണ്ടാവാമെന്നാണ് ചില പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഉപ്പ് വെള്ളം ഇഷ്ടപ്പെടുന്ന ബാക്ടീരിയകളും ആല്‍ഗകളും ഇതോടെ സജീവമാവുകയും പിങ്ക് നിറം പുറത്തുവിടുകയും ചെയ്തതാവാമെന്ന നിഗമനത്തിലാണവര്‍. പക്ഷെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വിശദമായ പരിശോധനക്കു ശേഷമേ എന്തെങ്കിലും പറയാനാവൂവെന്നാണ് പരിസ്ഥിതി മന്ത്രാലയം (Qatar ministry of environment) അധികൃതരുടെ നിലപാട്.
ഈ വിഷയം ട്വീറ്റ് ചെയ്ത് അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവന്ന മുഹമ്മദ് അബ്ദുല്‍മുഹ്‌സിന്‍ അല്‍ഫയയ്യാദ് സാമൂഹിക മാധ്യമങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്ന വ്യക്തിത്വവും വിദ്യാഭ്യാസ മന്ത്രാലയത്തിലേയും ഖത്തര്‍ മതകാര്യ കോടതിയിലേയും മുന്‍ ഉന്നത ഉദ്യോഗസ്ഥനുമാണ്.