in

കരാര്‍ കാലാവധിക്കു മുന്‍പ് എന്‍ഒസിയില്ലാതെ തൊഴില്‍ മാറാനാകുമെന്ന് മന്ത്രാലയം

ദോഹ: ഓഗസ്റ്റ് 30ന് അമീര്‍ അംഗീകരിച്ച 2020ലെ 18-ാം നമ്പര്‍ നിയമപ്രകാരം ഖത്തറിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ കരാര്‍ കാലാവധി അവസാനിക്കുന്നതിനു മുന്‍പുതന്നെ നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) ആവശ്യമില്ലാതെ തന്നെ തൊഴില്‍ മാറാനാകും. എന്‍ഒസി ഒഴിവാക്കല്‍ എല്ലാ തൊഴിലാളികള്‍ക്കും ബാധകമാണെങ്കിലും തൊഴില്‍ കരാര്‍ അവസാനിപ്പിക്കലും തൊഴില്‍മാറ്റവും വിവിധ വിഭാഗങ്ങളിലുള്ള തൊഴിലാളികള്‍ക്ക് വ്യത്യസ്തമായ രീതിയിലായിരിക്കും. ഇതുമായി ബന്ധപ്പെട്ട പൂര്‍ണ വിശദാംശങ്ങള്‍ ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
? 2004ലെ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴിലുടമയെ മാറ്റാന്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍
കരാര്‍ അവസാനിപ്പിച്ച് ജോലി മാറ്റാന്‍ താല്‍പര്യപ്പെടുന്നതായി നിലവിലെ തൊഴില്‍ ദാതാവിനെ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ഇക്കാര്യം അറിയിക്കേണ്ടത്. തൊഴിലുടമയെ അറിയിച്ച ദിവസം മുതല്‍ വിട്ടു പോകുന്ന ദിവസം വരെയുള്ള കാലയളവാണ് നോട്ടീസ് പിരീഡ്(അറിയിപ്പ് കാലയളവ്). ഈ കാലയളവില്‍ നിലവിലെ തൊഴിലുടമക്കൊപ്പമുള്ള ജോലി തുടരണം. നിങ്ങള്‍ തൊഴിലുടമയ്ക്കൊപ്പം രണ്ട് വര്‍ഷമോ അതില്‍ കുറവോ ജോലി ചെയ്തിട്ടുണ്ടെങ്കില്‍, ജോലി ഉപേക്ഷിക്കുന്നതിന് ഒരു മാസം മുന്‍പും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തൊഴിലുടമയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, ജോലി ഉപേക്ഷിക്കുന്നതിന് രണ്ടു മാസം മുന്‍പും തൊഴിലുടമയെ അറിയിക്കണം.രേഖകള്‍ സഹിതം ഇലക്ട്രോണിക് വിജ്ഞാപന സംവിധാനത്തിലൂടെ തൊഴില്‍മാറ്റത്തിന് അപേക്ഷിക്കണം. തുടര്‍ന്ന് തൊഴിലാളിക്കും പുതിയ തൊഴിലുടമക്കും തൊഴില്‍മാറ്റം സ്ഥിരീകരിക്കുന്ന എസ്എംഎസ് മന്ത്രാലയത്തില്‍ നിന്നും ലഭിക്കും. തുടര്‍ന്ന് ഇലക്ട്രോണിക് തൊഴില്‍ കരാറിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. കരാര്‍ അംഗീകരിക്കപ്പെടുന്നോടെ പുതിയ തൊഴിലുടമ പുതിയ ക്യുഐഡിക്കുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, തൊഴിലാളിക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനാകും.
? പ്രൊബേഷന്‍ കാലയളവിലെ തൊഴില്‍മാറ്റത്തിനായുള്ള നടപടിക്രമങ്ങള്‍
പ്രൊബേഷന്‍ കാലയളവ് ജോലി ആരംഭിക്കുന്ന തീയതി മുതല്‍ ആറുമാസം കവിയരുതെന്ന് തൊഴില്‍കരാറില്‍ വ്യവസ്ഥ ചെയതിട്ടുണ്ടെങ്കില്‍, ഒരേ തൊഴിലുടമയുമായി ഒന്നില്‍ കൂടുതല്‍ പ്രൊബേഷന്‍ കാലയളവിന് വിധേയരായിട്ടില്ലെങ്കില്‍ പ്രൊബേഷന്‍ കാലയളവിനുള്ളില്‍തന്നെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനാകും. അതിനായി പാലിക്കേണ്ട കാര്യങ്ങള്‍- നിലവിലെ ജോലി ഉപേക്ഷിക്കാന്‍ പദ്ധതിയിടുന്നതായി ഒരു മാസം മുന്‍പെങ്കിലും മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് സംവിധാനം മുഖേന തൊഴിലുടമയെ അറിയിക്കണം. പുതിയ തൊഴിലുടമ നിലവിലെ തൊഴിലുടമയ്ക്ക് റിക്രൂട്ട്‌മെന്റ് ഫീസിന്റെയും വണ്‍-വേ എയര്‍ ടിക്കറ്റിന്റെയും ഒരു ഭാഗം നല്‍കേണ്ടിവരും. ജീവനക്കാരന്റെ നിലവിലെ രണ്ടു മാസത്തെ അടിസ്ഥാന വേതന തുകയേക്കാള്‍ കവിയരുത് ഈ നഷ്ടപരിഹാര തുക.
? നിലവിലെ തൊഴിലുടമക്കൊപ്പം നോട്ടീസ് പിരീഡ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍
നോട്ടീസ് കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ജോലി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, നോട്ടീസ് കാലാവധിയില്‍ ജോലി ചെയ്യാത്ത ഓരോ ദിവസവും നിലവിലെ തൊഴിലുടമക്ക് പണം നല്‍കേണ്ടിവരും. നോട്ടീസ് കാലയളവിന്റെ ശേഷിക്കുന്ന ഭാഗത്തിന് അടിസ്ഥാന വേതനത്തിന് തുല്യമായ തുക ആനുപാതികമായി കണക്കാക്കിയാണ് തൊഴിലുടമക്ക് നല്‍കേണ്ടത്.
ഉദാഹരണത്തിന് നിങ്ങളുടെ നോട്ടീസ് കാലാവധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ജോലി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും നിങ്ങളുടെ അടിസ്ഥാന വേതനം പ്രതിമാസം 1,500 ഖത്തര്‍ റിയാലുമാണെങ്കില്‍ കരാര്‍ നിയമപരമായി അവസാനിപ്പിക്കുന്നതിന് തൊഴിലുടമക്ക് 750 റിയാല്‍ നല്‍കേണ്ടിവരും.
?തൊഴിലുടമ മാറ്റത്തിനായുള്ള ഭരണനിര്‍വഹണ ചെലവുകള്‍ക്കായി പുതിയ തൊഴിലുടമയ്ക്ക് പണം നല്‍കുകയോ പ്രതിഫലം നല്‍കുകയോ ചെയ്യേണ്ടതുണ്ടോ?
ഇല്ല, തൊഴിലുടമയെ മാറ്റുന്നതിനുള്ള നടപടിക്രമം തൊഴിലാളികള്‍ക്ക് സൗജന്യമാണ്. പുതിയ ക്യുഐഡിയും ഹെല്‍ത്ത് കാര്‍ഡും ലഭിക്കുന്നതിന് പുതിയ തൊഴിലുടമയ്ക്ക് ഏതെങ്കിലും തുകയോ പ്രതിഫലമോ നല്‍കേണ്ടതില്ല.
? തൊഴില്‍കരാറില്‍ മത്സരരഹിത വ്യവസ്ഥ(നോണ്‍-കോംപീറ്റ് ക്ലോസ്) ഉണ്ടെങ്കില്‍ തൊഴില്‍ മാറാനാകുമോ?
നിങ്ങളുടെ ജോലിയുടെ സ്വഭാവം തൊഴിലുടമയുടെ ഉപഭോക്താക്കളെയോ ബിസിനസിന്റെ രഹസ്യങ്ങളെയോ ബാധിക്കുന്ന നിലയിലേക്ക് എത്തുകയാണെങ്കില്‍ മാത്രമെ തൊഴില്‍കരാറില്‍ നോണ്‍ കോംപീറ്റ് വകുപ്പ് ഉള്‍പ്പെടുത്താന്‍ തൊഴിലുടമക്ക് കഴിയു. തൊഴില്‍ കരാര്‍ റദ്ദായ ശേഷം തൊഴിലുടമയുമായി മത്സരത്തിനോ അല്ലെങ്കില്‍ സമാന സാമ്പത്തിക മേഖലയില്‍ ഏതെങ്കിലും തരത്തില്‍ മത്സരസ്വാഭാവമുള്ള വ്യവസായത്തിന്റെ ഭാഗമാകുകയോ ചെയ്യുക എന്നതാണ് വ്യവസ്ഥയിലൂടെ അര്‍ത്ഥമാക്കുന്നത്. അത്തരമൊരു വകുപ്പ് കരാറിലുണ്ടെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം, നിങ്ങള്‍ക്ക് തൊഴിലുടമയുമായി മത്സരിക്കാനോ ഒരേ സാമ്പത്തിക മേഖലയിലെ ഏതെങ്കിലും മത്സര ബിസിനസ്സില്‍ പങ്കെടുക്കാനോ കഴിയില്ല. നോണ്‍ കോംപീറ്റ് വകുപ്പിന്റെ കാലാവധി ജോലി ഉപേക്ഷിച്ച തീയതി മുതല്‍ ഒരുവര്‍ഷത്തില്‍ കവിയരുത്. ഇക്കാര്യത്തില്‍ ഭരണവികസന തൊഴില്‍ മന്ത്രാലയം വിശദമായ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കും.
? തൊഴിലുടമയെ മാറ്റുകയാണെങ്കില്‍ സേവന ആനുകൂല്യങ്ങള്‍ ലഭിക്കുമോ?
കുറഞ്ഞത് ഒരു വര്‍ഷം തൊഴില്‍ പൂര്‍ത്തിയാക്കിയശേഷമാണ് തൊഴിലുടമയെ മാറ്റാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിലവിലെ തൊഴിലുടമയില്‍ നിന്നും സേവന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ട്. തൊഴില്‍കരാറില്‍ പറഞ്ഞിരിക്കുന്ന വാര്‍ഷിക അവധിക്കും മറ്റു ആനുകൂല്യങ്ങള്‍ക്കുമെല്ലാം അര്‍ഹതയുണ്ട്.
? വേതനം നല്‍കിയിട്ടില്ലെങ്കില്‍ തൊഴില്‍മാറ്റത്തിനു മുന്‍പ് നോട്ടീസ് നല്‍കേണ്ടതുണ്ടോ?
നിലവിലെ തൊഴിലുടമ തങ്ങളുടെ നിയമപരമായ ബാധ്യതകള്‍ (വേതനം നല്‍കല്‍ ഉള്‍പ്പെടെ) നിറവേറ്റുന്നില്ലെങ്കില്‍, തൊഴില്‍ നിയമത്തിലെ ഭേദഗതി ചെയ്ത 51-ാംവകുപ്പ് പ്രകാരം നോട്ടീസൊന്നും നല്‍കാതെ തൊഴില്‍ മാറ്റാന്‍ കഴിയും. മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍സ് വകുപ്പില്‍ പരാതി സമര്‍പ്പിക്കുകയും വേണം. വേതനം, സേവന ഗ്രാറ്റുവിറ്റി(ഒരുവര്‍ഷത്തില്‍ കൂടുതല്‍ സേവനമുണ്ടെങ്കില്‍), ആനുപാതിക വാര്‍ഷിക അവധി എന്നിവ നേടാനുള്ള മുഴുവന്‍ അവകാശവും തൊഴിലാളിക്കുണ്ട്. ഖത്തറില്‍ നിന്നും മടങ്ങാനാണ് തീരുമാനമെങ്കില്‍ വിമാനടിക്കറ്റിന്റെ നിരക്ക് ലഭിക്കാനും അവകാശമുണ്ട്.
? ഖത്തറില്‍ നിന്നും പോയശേഷം മടങ്ങിയെത്തി പുതിയ ജോലിയില്‍ പ്രവേശിക്കാനാകുമോ?
നോട്ടീസ് നല്‍കാതെയും നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കാതെയുമാണ് നിങ്ങള്‍ ഖത്തറില്‍ നിന്ന് പുറത്തുപോകുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഖത്തറില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. അത്തരം സാഹചര്യം ഒഴിവാക്കാന്‍,ഇനിപ്പറയുന്ന നടപടിക്രമങ്ങള്‍ പാലിക്കണം:

  1. പ്രൊബേഷന്‍ കാലയളവിലാണ് ഖത്തര്‍ വിടാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം മുഖേന തൊഴിലുടമയെ അറിയിക്കണം. നോട്ടീസ് കാലാവധി തൊഴിലുടമയും അംഗീകരിക്കണം. പക്ഷെ രണ്ടുമാസത്തില്‍ കവിയരുത്.
    നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കാതെയാണ് മടങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നോട്ടീസ് കാലയളവിന്റെ ശേഷിക്കുന്ന ഭാഗത്തിന് അടിസ്ഥാനവേതനത്തിന്റെ തുല്യമായ നഷ്ടപരിഹാരം തൊഴിലുടമക്ക് നല്‍കണം. ഈ തുക രണ്ടു മാസത്തെ അടിസ്ഥാന വേതനത്തില്‍ കവിയരുത്.
  2. പ്രൊബേഷന്‍ കാലയളവിനുശേഷമാണ് ഖത്തര്‍ വിടാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തൊഴിലുടമ്ക്കൊപ്പം രണ്ട് വര്‍ഷമോ അതില്‍ കുറവോ ജോലി ചെയ്തിട്ടുണ്ടെങ്കില്‍, ജോലി ഉപേക്ഷിക്കുന്നതിന് ഒരു മാസം മുമ്പും രണ്ടുവര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ രണ്ടു മാസത്തിനു മുന്‍പും മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സിസ്റ്റം വഴി അക്കാര്യം തൊഴിലുടമയെ അറിയിക്കണം. ഈ നോട്ടീസ് കാലാവധി പാലിക്കാതെയാണ് ഖത്തര്‍ വിടാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നോട്ടീസ് കാലയളവിന്റെ ശേഷിക്കുന്ന ഭാഗത്തിന് അടിസ്ഥാനവേതനത്തിന്റെ തുല്യമായ നഷ്ടപരിഹാരം തൊഴിലുടമക്ക് നല്‍കണം.
    ? തൊഴിലുടമയ്ക്ക് തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ കഴിയുമോ?
    അതെ, നിങ്ങളുടെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനും നിങ്ങളുടെ തൊഴിലുടമക്ക് കഴിയും. പ്രൊബേഷന്‍ കാലയളവില്‍, നിങ്ങളുടെ തൊഴില്‍ കരാറില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തൊഴില്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ നിങ്ങള്‍ യോഗ്യനല്ലെന്ന് തൊഴിലുടമ കണ്ടെത്തിയാല്‍, തൊഴിലുടമക്ക് കരാര്‍ അവസാനിപ്പിക്കാന്‍ കഴിയും. പക്ഷേ അവസാനിപ്പിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സിസ്റ്റം വഴി നിങ്ങളെ അറിയിച്ചിരിക്കണം. തൊഴില്‍ കരാര്‍ അവസാനിച്ചുകഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍, തൊഴിലുടമ റിട്ടേണ്‍ വിമാന ടിക്കറ്റിന്റെ ചെലവുകള്‍ വഹിക്കണം. പ്രൊബേഷന്‍ കാലയളവിനുശേഷം, തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലുടമ ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം ഇലക്ട്രോണിക് സിസ്റ്റം വഴി തൊഴിലാളിയെ അറിയിക്കണം. നിങ്ങള്‍ തൊഴിലുടമ്ക്കൊപ്പം രണ്ട് വര്‍ഷമോ അതില്‍ കുറവോ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ നോട്ടീസ് കാലാവധി ഒരുമാസവും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ നോട്ടീസ് കാലാവധി രണ്ടു മാസവുമാണ്. നോട്ടീസ് കാലയളവില്‍ തൊഴിലാളിയും തൊഴിലുടമയും തൊഴില്‍ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണം.
    ? നോട്ടീസ് കാലാവധി കണക്കിലടെുക്കാതെ തൊഴിലുടമക്ക് തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ കഴിയുമോ?
    നോട്ടീസ് കാലയളവിനോ നോട്ടീസ് കാലയളവിന്റെ ശേഷിക്കുന്ന ഭാഗത്തിനോ അടിസ്ഥാന വേതനത്തിന് തുല്യമായ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമെ നോട്ടീസ് കാലാവധി കണക്കിലടെുക്കാതെ തൊഴിലുടമക്ക് തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനാകൂ. ഉദാഹരണത്തിന് നിങ്ങളുടെ അടിസ്ഥാന വേതനം പ്രതിമാസം 1,500 റിയാലാണെങ്കില്‍, ഒരു മാസത്തെ അറിയിപ്പ് കാലയളവ് അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ജോലി നിര്‍ത്താന്‍ തൊഴിലുടമ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കില്‍, കരാര്‍ നിയമപരമായി അവസാനിപ്പിക്കുന്നതിന് തൊഴിലുടമ 750 റിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും.
    ? തൊഴില്‍ കരാര്‍ അവസാനിച്ചുകഴിഞ്ഞാല്‍ സ്വദേശത്തേക്കുള്ള മടക്ക ടിക്കറ്റിനായി തൊഴിലുടമ പണം നല്‍കേണ്ടതുണ്ടോ?
    നിങ്ങളുടെ കരാര്‍ കാലാവധിക്കുശേഷം പരമാവധി രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വദേശത്തേക്കു മടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ തൊഴലുടമ പൂര്‍ത്തിയാക്കണം. രാജ്യം വിടുന്നതിനുമുമ്പ് നിങ്ങള്‍ മറ്റൊരു തൊഴിലില്‍ ചേരുകയാണെങ്കില്‍, സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ബാധ്യത പുതിയ തൊഴിലുടമക്കായിരിക്കും. കരാര്‍ റദ്ദാക്കി നോട്ടീസ് പിരീഡ് കണക്കിലെടുത്ത് സ്വദേശത്തേക്ക് മടങ്ങാന്‍ ജീവനക്കാരന്‍ തീരുമാനിക്കുകയാണെങ്കില്‍ വിമാനടിക്കറ്റിന്റെ ഒരുഭാഗം മാത്രം ആനുപാതികമായി തൊഴിലുടമ നല്‍കിയാല്‍ മതിയാകും. ഉദാഹരണത്തിന് രണ്ടുവര്‍ഷത്തെ തൊഴില്‍കരാറില്‍ ഒരു വര്‍ഷം ജോലിചെയ്തതിനുശേഷം കരാര്‍ അവസാനിപ്പിച്ച് മടങ്ങുകയാണെങ്കില്‍ റിട്ടേണ്‍ ടിക്കറ്റിന്റെ ആകെ ചെലവിന്റെ പകുതി തൊഴിലുടമ വഹിച്ചാല്‍ മതിയാകും.
    ? പ്രത്യേക നിയമത്തിന് കീഴിലുള്ള തൊഴിലാളികള്‍- ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ജോലി മാറ്റത്തിന്റെ വ്യവസ്ഥകള്‍
    മറ്റ് തൊഴിലാളികള്‍ക്കുള്ള അതേ തൊഴില്‍മാറ്റ നടപടികളാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുമുള്ളത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പ്രൊബേഷന്‍ കാലാവധി മൂന്നു മാസത്തിലധികമാകാന്‍ പാടില്ല. ഒറ്റ പ്രൊബേഷന്‍ കാലാവധി മാത്രമേ പാടുള്ളു. വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തൊഴിലാളികളെ പിരിച്ചുവിടാനും തൊഴിലുടമക്ക് അധികാരമുണ്ട്. കാര്‍ഷിക, കന്നുകാലി മേഖലയിലെ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ മാറ്റവും കരാര്‍ റദ്ദാക്കലും 2004 ലെ 14-ാം നമ്പര്‍ നിയമത്തിന് കീഴിലെ തൊഴിലാളികളുടേതിനു സമാനമാണ്.
    ? നിലവിലെ തൊഴിലുടമ ജോലിമാറ്റത്തിന് അനുവദിച്ചില്ലെങ്കില്‍.
    നിലവിലെ തൊഴിലുടമ ജോലി മാറ്റത്തിന് അനുവദിച്ചില്ലെങ്കില്‍ 16008 എന്ന നമ്പറിലോ info@adlsa.gov.qa എന്ന ഇ-മെയില്‍ വിലാസത്തിലോ മന്ത്രാലയത്തെ അറിയിക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

തിരുവനന്തപുരം സ്വദേശി ദോഹയില്‍ കോവിഡ് ബാധിച്ച് മരിച്ചു

റുവൈസ് തുറമുഖത്തില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം തടഞ്ഞു