ദോഹ: പ്രവാസി ദോഹ ബഷീർ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ വൈശാഖന്. കഥകളും ബാലസാഹിത്യവും തിരക്കഥയുമെല്ലാമായി മലയാളത്തിൽ വേറിട്ട ഇടം നേടിയ എഴുത്തുകാരനാണ് കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷൻ കൂടി ആയ വൈശാഖൻ. പ്രവാസി ദോഹയുടെ ഇരുപത്തി ആറാമത്തെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡാണ് അദ്ദേഹത്തിന് നൽകുന്നത്.
എം.ടി വാസുദേവൻ നായർ, ബഷീർ ദ മാൻ ഡോക്യൂമുന്ററി സംവിധായകനും പ്രമുഖ എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ എം.എ റഹ്മാൻ മാസ്റ്റർ, ഖത്തറിലെ ദി പെനിൻസുല ദിനപത്രം മുൻ മാനേജിങ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ബാബുമേത്തർ, ശംസുദ്ധീൻ, സിനിമാ നടനും നാടക പ്രവർത്തകനുമായ കെ.കെ സുധാകരൻ, ഖത്തറിലെ സി വി റപ്പായി, ദീപൻ എന്നിവരടങ്ങിയ വിധി നിർണ്ണയ സമിതിയാണ് വൈശാഖനെ തെരെഞ്ഞെടുത്തത്.
50,000 രൂപയും ആര്ടിസ്റ് നമ്പൂതിരി രൂപ കല്പന ചെയ്ത ശില്പവും 15,000 രൂപയുടെ എം എൻ വിജയൻ സ്മാരക എൻഡോവ്മെന്റുമാണ് നൽകുക. പുരസ്‌കാരം കിട്ടിയ എഴുത്തുകാരന്റെ ഗ്രാമത്തിലെ പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥിയെ കണ്ടെത്തി ഈ എൻഡോവ്മെന്റ് തുക കൈമാറും. കോവിഡ് പ്രതിസന്ധി മൂലം ഇടക്ക് മാറ്റിവെച്ച അവാർഡ് 3 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. പുരസ്‌കാരം പിന്നീട് കൈമാറുമെന്ന് പ്രവാസി ദോഹ അറിയിച്ചു.