in , , ,

മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി കേണുപ്രാര്‍ത്ഥനകള്‍; ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിനെത്തിയത് ലക്ഷങ്ങള്‍

ഗ്രാന്‍ഡ് മോസ്‌കില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് അതിരാവിലെയെത്തുന്ന വിശ്വാസികള്‍ ഫോട്ടോ: ഷിറാസ് സിതാര
  • ഈദ് ആശംസകളും അറബ്-ഇസ്ലാമിക ലോകത്തിന് ശാന്തിയും നേര്‍ന്ന് ശൈഖ് തമീം; അമീര്‍ പങ്കെടുത്തത് അല്‍വജ്ബ ഈദ്ഗാഹില്‍

അശ്‌റഫ് തൂണേരി/ദോഹ: ഹൃദ്യവും ത്യാഗനിര്‍ഭരവുമായ ബലിയോര്‍മ്മകളില്‍ തക്ബീര്‍വിളിച്ചും കോവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി കേണുപ്രാര്‍ത്ഥിച്ചും ഈദ്ഗാഹുകളിലും പള്ളികളിലുമെത്തിയത് ലക്ഷക്കണക്കിനു പേര്‍. ഖത്തറിലെ തൊള്ളായിരത്തിലധികം പള്ളികളിലും ഈദ്ഗാഹുകളിലുമാണ് ഈദ് നമസ്‌കാരം നടന്നത്. രാവിലെ 5-10 നു നടന്ന ഈദുല്‍അദ്ഹാ നമസ്‌കാരത്തിനു പങ്കെടുക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പെത്തിയവര്‍ പള്ളികളില്‍ അകത്ത് തന്നെ ഇടംപിടിച്ചെങ്കില്‍ വൈകിയെത്തിയവര്‍ക്ക് ഈര്‍പ്പം കൂടിയ അന്തരീക്ഷത്തില്‍ റോഡിലും വഴിയരികിലും നമസ്‌കാരം നിര്‍വ്വഹിക്കേണ്ടി വന്നു. ഇബ്രാഹിം, ഇസ്മാഈല്‍ പ്രവാചകന്മാരുടേയും മര്‍യം ബീവിയുടേയും ത്യാഗനിര്‍ഭരമായ ജീവിതം സ്മരിച്ച് നടന്ന ഖുതുബ പത്ത് മിനുട്ട് മാത്രമായി ചുരുങ്ങി.

അമീര്‍ ശൈഖ് തമീം അല്‍വജ്ബ ഈദ്ഗാഹില്‍ . ഫോട്ടോ: ഖത്തര്‍ ടി വി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍വജ്ബയിലെ ഈദ്ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ചു. https://www.instagram.com/p/CRiDSErpnpV/?utm_medium=copy_link മന്ത്രിമാര്‍, അമീരി ഉദ്യോഗസ്ഥര്‍, ഉന്നത തല വൃത്തങ്ങള്‍ എന്നിവരും അമീറിനൊപ്പം പങ്കെടുത്തു. https://www.instagram.com/p/CRiDEI-prM7/?utm_medium=copy_linkസ്വദേശികളും വിദേശികളുമായ എല്ലാവര്‍ക്കും അനുഗ്രഹീത പെരുന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും അറബ് ഇസ്ലാമിക ലോകത്ത് സമാധാനവും സുരക്ഷയുമുണ്ടാവട്ടേയെന്നും അമീര്‍ ട്വീറ്റ് ചെയ്തു. https://twitter.com/TamimBinHamad?s=03
മാസ്‌ക് ധരിച്ചും സ്വന്തമായി മുസല്ല കരുതിയുമാണ് ഭൂരിപക്ഷവുമെത്തിയത്. മാസ്‌ക് ധരിക്കാതെ വന്നവര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും മാസ്‌ക് കൈമാറി. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തിയാണ് നമസ്‌കാരം നടന്നത്. പള്ളികളിലെത്തിയവരുടെ ഫോണിലെ ഇഹ്തിറാസ് ആപ്പില്‍ നിറം പച്ചയാണെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയുണ്ടായി. സാമൂഹിക അകലം പാലിച്ചുള്ള അടയാളങ്ങള്‍ നേരത്തെ തന്നെ പ്രാര്‍ത്ഥനാലയങ്ങളില്‍ ഉണ്ടായിരുന്നു.

വഖ്‌റ എസ്ദാന്‍ 9 കോമ്പൗണ്ടില്‍ നടന്ന ഈദ്ഗാഹില്‍ നിന്ന് ഫോട്ടോ: ചന്ദ്രിക

പള്ളികളില്‍ കൂടുതല്‍ പേര്‍ക്കുള്ള സാനിറ്റൈസറുള്‍പ്പെടെയും ലഭ്യമാക്കിയിരുന്നു. ആലിംഗനങ്ങളില്ലാത്ത, ഹസ്തദാനമില്ലാത്ത മറ്റൊരു പെരുന്നാള്‍ കൂടിയാണ് കടന്നുപോയത്. കൈമടക്കി സ്പര്‍ശിച്ചെന്നു വരുത്തിയവരായിരുന്നു ഭൂരിഭാഗവും. അപൂര്‍വ്വമായി ചിലര്‍ മാത്രം കൈകൊടുത്തു. സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനാ കേന്ദ്രങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന പരിമിതി കൂടിയുണ്ടായിരുന്നു. പള്ളികളുടെ പേര്, നമ്പര്‍, സ്ഥാനം എന്നിവ ഉള്‍ക്കൊള്ളുന്ന പള്ളികളുടെയും പ്രാര്‍ഥനാമൈതാനങ്ങളുടെയും പട്ടിക നേരത്തെ ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം പുറത്തിറക്കിയിരുന്നതിനാല്‍ ഓരോ സ്ഥലങ്ങളിലേയും ആളുകള്‍ക്ക് അവരുടെ പരിസരപ്രദേശങ്ങളിലെ പ്രാര്‍ത്ഥനാ കേന്ദ്രം കണ്ടെത്തല്‍ എളുപ്പമായി. ഈദ് നമസ്‌കാരത്തിന്റെ മുന്നോടിയായി രാജ്യത്തെ എല്ലാ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളും അണുവിമുക്തമാക്കുകയുണ്ടായി. ഖത്തര്‍ മുന്‍സിപ്പല്‍ മന്ത്രാലയത്തിന്റെ കൂടി സഹകരണത്തോടെയാണ് ഔഖാഫ് മന്ത്രാലയം ഇത് നിര്‍വ്വഹിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഈദ് അവധി: ഫാഹിസ് വാഹന പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കും

ആവേശമായി കടലിലെ അല്‍മീര; ‘ഒഴുകുന്ന’ ഗ്രോസറി ശ്രദ്ധേയമാവുന്നു