
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം തടയുന്നതിനായി മുന്‍കരുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി അല്‍വഖ്റ അറവുശാല. കോവിഡ് പടരുന്നതിനെതിരെ സമ്പൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നതിനായി വഖ്റ ഓട്ടോമേറ്റഡ് അറവുശാല സവിശേഷമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ റമദാനിലുടനീളം അറുത്ത കന്നുകാലികളെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുമ്പോഴുള്പ്പടെ സുരക്ഷ ഉറപ്പാക്കുന്നു.
വാഹനങ്ങളിലിരുന്നുകൊണ്ടുതന്നെ രജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്കി ഓര്‍ഡറുകള്‍ കൈമാറുന്നതിനായി പ്രത്യേക ട്രക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി നിശ്ചിത കാത്തിരിപ്പ് സ്ഥലവുമുണ്ട്. ഉപഭോക്താക്കള്‍ക്ക് ഫ്രീ ഡെലിവിക്കായി സ്മാര്‍ട്ട് ആപ്ലിക്കേഷനും പ്രത്യക ഫോണ്‍ നമ്പരും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറവുശാലകളിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് എല്ലാവാഹനങ്ങളെയും പൂര്‍ണമായും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്.
ജോലിക്കു മുന്‍പും ജോലിസമയത്തും ശേഷവും തൊഴിലാളികളുടെ ശരീര താപനില പരിശോധിക്കുന്നു. ജോലി സമയത്ത് മുഖാവരണം, കയ്യുറകള്‍, ഹെഡ് കവറുകള്‍ എന്നിവ ധരിക്കുന്നുണ്ടെന്നും ഇവ പതിവായി മാറ്റുകയും ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കുന്നുണ്ട്. അറവുശാലയിലെ നിയന്ത്രണ പ്രക്രിയ്യ ശക്തമാക്കിയിട്ടുണ്ടെന്നും അറുക്കുന്നതിന് മുന്‍പും ശേഷവും കന്നുകാലികളുടെ ആരോഗ്യം പരിശോധിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അല്‍വഖ്റ ഓട്ടോമേറ്റഡ് അറവുശാലയിലെ വെറ്ററിനേറിയന് ഡോ.മുഹമ്മദ് ഫരീദ് അല്ജവഹരി പറഞ്ഞു. ഉപഭോക്താക്കള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കുന്നുണ്ടെന്നും അവര്‍ക്ക് ഉല്പാദന മേഖലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഓര്‍ഡറുകള്‍ കാത്തിരിപ്പ് സ്ഥലങ്ങളിലോ കാറുകളിലോ മാത്രമേ സ്വീകരിക്കാനാകൂ. കന്നുകാലികളെ അറുത്തതിനുശേഷം മാംസം ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി എത്തിക്കുന്നതുവരെ അറവുശാലയില്‍ മൃഗ ഡോക്ടര്‍മാരുടെ നിരന്തരമായ സാന്നിധ്യം നിലനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.