
ദോഹ: രാജ്യത്തെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഉത്പന്നങ്ങളുടെ വില വ്യതിയാനത്തില്‍ വ്യക്തത വരുത്തി വ്യവസായ വാണിജ്യ മന്ത്രാലയം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം എന്നിവക്കും ഏതാനും ചില അടിസ്ഥാന ഉത്പന്നങ്ങള്‍ക്കും മാത്രമാണ് വില പരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റ് ഉത്പന്നങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ വിലകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വ്യത്യാസപ്പെടാമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉത്പന്നങ്ങളുടെ വില വ്യത്യാസം സംബന്ധിച്ച ഉപഭോക്താക്കളുടെ അന്വേഷണങ്ങളോടും സന്ദേശങ്ങളോടും പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഉത്പന്നങ്ങള്‍ തമ്മിലുള്ള വിലയും ഗുണനിലവാരവും താരതമ്യപ്പെടുത്തിയ ശേഷമേ വാങ്ങുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാവൂ എന്നും മന്ത്രാലയം നിര്‍ദേശിച്ചു. പച്ചക്കറി, പഴങ്ങള്‍, മത്സ്യം എന്നിവയുടെ പ്രതിദിന വില വിവര പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 എന്ന കോള്‍ സെന്റര്‍ മുഖേന അധികൃതരെ അറിയിക്കാം.