in

കോവിഡിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍: പ്രധാനമന്ത്രി വ്യവസായികളുമായി ചര്‍ച്ച നടത്തി

പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി വ്യവസായ പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചര്‍ച്ച നടത്തുന്നു

ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഖത്തര്‍ ചേംബറിലെയും ഖത്തരി ബിസിനസ്‌മെന്‍ അസോസിയേഷനിലേയും ഉന്നതരുമായി കൂടിക്കാഴ്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം.
വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി, ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍സായിദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ സാമ്പത്തികവും വാണിജ്യപരവുമായ സ്വാധീനം, സ്വകാര്യമേഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങള്‍, അവയെ മറികടക്കാനുള്ള പരിഹാരങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. മാര്‍ച്ച് പതിനഞ്ചിന് നടന്ന ദുരന്തനിവാരണ സുപ്രീംകമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യമേഖലയെ പിന്തുണക്കുന്നതിന്റെ പ്രാധാന്യം, സാമ്പത്തിക വികസനത്തിന് എല്ലാ മേഖലകളിലും സ്വകാര്യമേഖലയുടെ സംഭാവന വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയവക്ക് അമീര്‍ ഊന്നല്‍ നല്‍കിയിരുന്നു. 75 ബില്യണ്‍ റിയാലിന്റെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകളുടെ പണലഭ്യത, ഓഹരിവിപണി, ജീവനക്കാരുടെ വേതനം, വാടക എന്നിവക്കായി ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഗ്യാരന്റിപ്രോഗ്രാം തുടങ്ങിയവയെ പിന്തുണക്കുന്നതിനാണ് ഈ സഹായം പ്രഖ്യാപിച്ചത്. വിവിധ മേഖലകളെ വെള്ളം, വൈദ്യുതി ഫീസ് എന്നിവയില്‍നിന്ന്് ഒഴിവാക്കുകയും ചെയതിട്ടുണ്ട്. സ്വകാര്യമേഖലക്ക് നല്‍കിയ സാമ്പത്തിക ഉത്തേജനത്തിന് വ്യവസായ പ്രമുഖര്‍ അമീറിന് നന്ദി അറിയിച്ചു.
പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച അവര്‍ രാജ്യത്തിന്റെ വിവിധ സാമ്പത്തിക തീരുമാനങ്ങളെ പിന്തുണക്കുമെന്ന് ഊന്നിപ്പറഞ്ഞു. കോവിഡ് മഹാമാരിയുടെ ആഘാതം ദേശീയ സമ്പദ്വ്യവസ്ഥയില്‍ പരിമിതപ്പെടുത്തുന്നതിന് തങ്ങളുടെ എല്ലാ ശേഷിയും ഉപയോഗിക്കാന്‍ തയ്യാറാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണം നിരന്തരം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗം ഊന്നിപ്പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്: ശരിയായ പോഷകാഹാരത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി എച്ച്എംസി

ഏപ്രിലില്‍ വിറ്റഴിച്ചത് 3,288 ടണ്‍ പ്രാദേശിക പച്ചക്കറികള്‍