
ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ഉംസലാലിലെ മെഡിക്കല്‍ ഇന്സുലേഷന് സമുച്ചയവും ആസ്പത്രിയും സന്ദര്‍ശിച്ചു. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഖത്തര്‍ സ്ഥാപിച്ചതാണ് ഉംസലാല്‍ സമുച്ചയം. മെഡിക്കല്‍ കോംപ്ലക്സിന്റെ സന്നദ്ധതയും സൗകര്യങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയുമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനലക്ഷ്യം.
കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് മെഡിക്കല്‍ ഐസൊലേഷനായാണ് ഈ ആസ്പത്രി തയാറാക്കിയത്. സമുച്ചയത്തിന്റെ മെഡിക്കല്‍ ശേഷിയും സൗകര്യങ്ങളും പ്രധാനമന്ത്രിയോടു വിശദീകരിച്ചു. മെഡിക്കല്‍ ഇന്സുലേഷന്- ആസ്പത്രി സമുച്ചയത്തില്‍ 12,500 കിടക്കകളാണുള്ളത്. എല്ലാ സൗകര്യങ്ങളും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിനോദത്തിനും ഭക്ഷണത്തിനുമായി ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളും പ്രധാനമന്ത്രി പരിശോധിച്ചു.
സന്ദര്‍ശന വേളയില്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ സമുച്ചയത്തിലുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കോവിഡ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിഅറിയിച്ചു. രോഗബാധിതരെ സഹായിക്കാന്‍ സാധ്യമായ എല്ലാ മെഡിക്കല്‍, മാനുഷിക സേവനങ്ങളും നല്കാന് അവരോടു ആഹ്വാനം ചെയ്തു.